'വിലക്കയറ്റത്തിൽ പത്ത് മാസങ്ങളായി ഒന്നാംസ്ഥാനത്താണ് കേരളം, വേറെ ആർക്കും കൊടുക്കില്ലെന്ന വാശി', പരിഹസിച്ച് വി.ഡി സതീശൻ
text_fieldsതിരുവനന്തപുരം: രാജ്യത്ത് ഏറ്റവുമധികം വിലക്കയറ്റം നേരിടുന്ന സംസ്ഥാനം കേരളമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പത്ത് മാസങ്ങളായി തുടർച്ചയായി വിലക്കയറ്റത്തിൽ ഇന്ത്യയില്‍ ഒന്നാംസ്ഥാനത്താണ് കേരളം. വേറെ ഒരു സംസ്ഥാനത്തിനും ഒന്നാം സ്ഥാനം കൊടുക്കില്ലെന്ന വാശിയാണെന്നും വി.ഡി സതീശന്‍ പരിഹസിച്ചു. നിയമസഭയിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
സര്‍ക്കാരിന്റെ ധനസ്ഥിതി പരിതാപകരമാണ്. നിലവിലുള്ള പ്ലാനുകള്‍ പോലും നടപ്പിലാക്കാന്‍ കഴിയുന്നില്ല. 50 ശതമാനം പ്ലാനുകള്‍ പോലും തീര്‍ത്തിട്ടില്ല. കേന്ദ്രം നല്‍കാനുള്ള പണത്തിന്റെ കണക്ക് ഇപ്പോള്‍ പറയാത്തതെന്തെന്നും രഹസ്യമായി എല്ലാം തീര്‍ത്തോ എന്നും വി.ഡി സതീശന്‍ ചോദിച്ചു. പെന്‍ഷന്‍ 2500 രൂപയാക്കാം എന്ന് പറഞ്ഞ് വോട്ട് ചെയ്ത ജനങ്ങളെ എൽ.ഡി.എഫ് സര്‍ക്കാര്‍ പറ്റിച്ചുവെന്നും വി.ഡി സതീശന്‍ പറഞ്ഞു.
സോണിയ ഗാന്ധി ശബരിമലയിലെ സ്വർണം മോഷ്ടിച്ചെന്ന വി.എസ്. ശിവൻകുട്ടിയുടെ പരാമർശത്തിനും വി.ഡി. സതീശൻ മറുപടി നൽകി. സോണിയ ഗാന്ധി മാതൃതുല്യയാണെന്നും അവർക്കെതിരായ മന്ത്രി ശിവൻകുട്ടിയുടെ പരാമർശം വേദനയുണ്ടാക്കിയെന്നും സതീശൻ നിയമസഭയിൽ വ്യക്തമാക്കി.
''സോണിയ ഗാന്ധി ഞങ്ങൾക്ക് മാതൃതുല്യയാണ്. ഹൃദയത്തിൽ തൊട്ടാണ് ഇക്കാര്യം പറയുന്നത്. ഞങ്ങളുടെ അമ്മക്ക് സമാനമാണ്. അവരുടെ വീട് റെയ്ഡ് ചെയ്യണം. അറസ്റ്റ് ചെയ്യണം. അവരുടെ വീട്ടിലാണ് ശബരിമലയിലെ സ്വർണം മോഷ്ടിച്ച് വെച്ചിട്ടുള്ളതെന്ന് ഒരു മന്ത്രി നിയമസഭയിൽ പറയുകയാണ്. ഞങ്ങൾക്ക് വേദനയും വിഷമവും പ്രയാസവും ഉണ്ടായി.
ചില മന്ത്രിമാർ അതിന്‍റെ കൂടെ കൂടി. ഇദ്ദേഹം വളരെ മോശം ഭാഷയത്തിൽ, സോണിയ ഗാന്ധിയുടെ കൈയ്യിൽ കെട്ടിയ ചരട് ശബരിമലയിലെ സ്വർണമാണെന്ന് അധിക്ഷേപിച്ചു. 80 വയസായ സ്ത്രീയെ അധിക്ഷേപിച്ചു. വിദ്യാഭ്യാസ മന്ത്രി അടക്കമുള്ളവർ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് പത്രസമ്മേളനത്തിൽ ഞാൻ ആദ്യം ആവശ്യപ്പെട്ടു.
രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് എഴുതി നൽകി. ജീവിതത്തിൽ ഒരുപാട് സങ്കടങ്ങൾ അനുഭവിച്ചിട്ടുള്ള ഒരു പാവം സ്ത്രീയെ കുറിച്ച് ഇത്രയും പ്രബുദ്ധമായ ഒരു നിയമസഭയിൽ ഇങ്ങനെ ഒരു വർത്തമാനം പറയാൻ പാടില്ല. സ്പീക്കർ ഒരു നടപടിയും സ്വീകരിച്ചില്ല. ഞങ്ങൾക്ക് വിഷമമുണ്ടായപ്പോൾ മറുപടി പറഞ്ഞു. ഞാൻ സംസാരിക്കുന്ന സാധാരണ ഭാഷയിൽ നിന്ന് കടന്നു പറഞ്ഞു. അത് സത്യമാണ്.
എന്നാൽ, അവനെന്നും ഇവനെന്നും പറഞ്ഞിട്ടില്ല. നിങ്ങൾ ആ പ്രസംഗം കേൾക്ക്. നിയമസഭയിൽ അദ്ദേഹം (മന്ത്രി ശിവൻകുട്ടി) ക്ലാസ് എടുക്കേണ്ടെന്ന് പറഞ്ഞു. പണ്ട് അദ്ദേഹം (മന്ത്രി ശിവൻകുട്ടി) ചെയ്ത കാര്യം ഓർമിപ്പിച്ചു. അത്രേയുള്ളൂ. ഞാൻ വേറെ മോശമായി പറഞ്ഞ് അധിക്ഷേപിച്ചിട്ടില്ല. അത് സത്യമല്ലേ. ഡെസ്കിൽ കയറി നിന്ന് നിയമസഭ അലങ്കോലപ്പെടുത്തിയ ആൾ ഞങ്ങളെ ഉപദേശിക്കാൻ വരേണ്ട എന്ന് പറഞ്ഞത് സത്യമാണ്. അതിലെന്താണ് അധിക്ഷേപം.
അധിക്ഷേപച്ചല്ല പറഞ്ഞതെങ്കിലും ഒരു നിബന്ധനയുടെ അടിസ്ഥാനത്തിൽ പ്രസ്താവന പിൻവലിക്കാൻ തയാറാണ്. പ്രിയങ്കരിയായ സോണിയ ഗാന്ധിയെ കുറിച്ച് നിയമസഭയിൽ മന്ത്രി ശിവൻകുട്ടി നടത്തിയ ഏറ്റവും ഹീനമായ പ്രസ്താവന പിൻവലിച്ചാൽ ഞാൻ പൂർവകാല പ്രാബല്യത്തോടെ എന്‍റെ പ്രസ്താവന പിൻവലിക്കാം''- വി.ഡി. സതീശൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

