കേരളം സമ്പൂർണ ഹാൾമാർക്കിങ് സംസ്ഥാനമായി
text_fields(representative image)
കൊച്ചി: സ്വർണാഭരണങ്ങളുടെ പരിശുദ്ധി ഉറപ്പാക്കി കേരളം സമ്പൂർണ ഹാൾമാർക്കിങ് സംസ്ഥാനമായി മാറി. ഇടുക്കി ജില്ലയിലെ അടിമാലിയിൽ പുതിയ സെന്‍റർ തുറന്നതോടെ 14 ജില്ലയിലും ഹാൾമാർക്കിങ് സെന്‍റർ യാഥാർഥ്യമായി. ഇതോടെ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബി.ഐ.എസ്) നിഷ്കർഷിച്ച പരിശുദ്ധിയിൽ സ്വർണാഭരണങ്ങൾ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സംസ്ഥാനമായി കേരളം.
സംസ്ഥാനത്തെ പന്ത്രണ്ടായിരത്തോളം ജ്വല്ലറികളിൽ ഭൂരിഭാഗവും ഹാൾമാർക്കിങ് ലൈസൻസ് എടുത്തിട്ടുണ്ട്. 105 ഹാൾമാർക്കിങ് സെന്‍റർ സംസ്ഥാനത്തുണ്ട്. ഒരുലക്ഷം കോടിക്ക് മുകളിൽ വാർഷിക വിറ്റുവരവുള്ള കേരളം, ഏറ്റവും കൂടുതൽ സ്വർണം വിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ്. 200-250 ടൺ സ്വർണമാണ് വാർഷിക ഉപഭോഗം.
സമ്പൂർണ ഹാൾമാർക്കിങ് സംസ്ഥാനമായതോടെ കേരളം ഇന്ത്യൻ സ്വർണാഭരണ വിപണിയുടെ ഹബായി മാറും. കേരളത്തിൽ ഒരുവർഷം ഒരുകോടിക്കു മുകളിൽ ആഭരണങ്ങളിൽ ഹാൾമാർക്ക് മുദ്ര പതിക്കുന്നുണ്ട്. ഇന്ത്യയിൽ ഹാൾമാർക്കിങ് നിർബന്ധമാക്കുമ്പോൾ 256 ജില്ലയാണ് ഹാൾമാർക്കിങ് പരിധിയിൽ ഉണ്ടായിരുന്നത്. ഇപ്പോൾ 350ഓളം ജില്ലകളിൽ ഹാൾമാർക്ക് നിർബന്ധമാണ്. രാജ്യത്തെ 34,647 ജ്വല്ലറികളാണ് തുടക്കത്തിൽ ലൈസൻസ് എടുത്തിരുന്നത്. ഇപ്പോൾ ഇത് രണ്ടു ലക്ഷത്തോളം ജ്വല്ലറികളായി. രാജ്യത്ത് നാലു ലക്ഷത്തിലധികം സ്വർണാഭരണങ്ങളിൽ ഒരുദിവസം ഹാൾമാർക്ക് ചെയ്യപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

