2500 കിലോ മീറ്റർ ഗ്രാമീണ റോഡ് അനുവദിക്കണമെന്ന് കേരളം
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതി(പി.എം.ജി.എസ്.വൈ)യുടെ മൂന്നാം ഘട്ടത്തിൽപെടുത്തി സംസ്ഥാനത്ത് 2500 കിലോമീറ്റർ റോഡ് നിർമിക്കുന്നതിന് അനുമതി നൽകണമെന്ന് തദ്ദേശ-സ്വയംഭരണ മന്ത്രി കെ.ടി. ജലീൽ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. പട്ടികജാതി, പട്ടികവർഗ മേഖലകളിൽ വിപുലീകരണ പ്രവർത്തനങ്ങൾക്കായി പി.എം.ജി.എസ്.വൈ മാനദണ്ഡങ്ങളിൽ ഭേദഗതി കൊണ്ടുവരണം.
ഗ്രാമ വികസന മന്ത്രാലയം വിളിച്ച സംസ്ഥാന തദ്ദേശസ്ഥാപന മന്ത്രിമാരുടെ യോഗത്തിലാണ് ഈ ആവശ്യങ്ങൾ ഉന്നയിച്ചത്. പി.എം.ജി.എസ്.വൈ പദ്ധതിയുടെ രണ്ടു ഘട്ടങ്ങളിലായി 3042 കിലോമീറ്റർ റോഡ് കേരളത്തിൽ നിർമിച്ചതായി വാർത്തസമ്മേളനത്തിൽ കെ.ടി. ജലീൽ പറഞ്ഞു. 1253 റോഡുകളാണ് പദ്ധതിപ്രകാരം നിർമിച്ചത്. രണ്ടു ഘട്ടങ്ങളിലായി 3798.26 കിലോമീറ്റർ റോഡാണ് കേരളത്തിലേക്ക് അനുവദിച്ചത്. ഇതിൽ 755.692 കിലോമീറ്റർ ഇനി പൂർത്തിയാകാനുണ്ട്. നടപ്പു സാമ്പത്തികവർഷം 401 കിലോമീറ്ററിെൻറ നിർമാണം പൂർത്തിയാകും.
പി.എം.ജി.എസ്.വൈ പദ്ധതിയിൽപെടുത്തി രാജ്യത്ത് 6,47,635 കിലോമീറ്റർ റോഡുകളാണ് ഇതിനോടകം അനുവദിച്ചത്. ഇതിൽ 3798 കിലോമീറ്റർ മാത്രമേ കേരളത്തിന് നൽകിയിട്ടുള്ളൂ. ദേശീയ ശരാശരിയുമായി തട്ടിച്ചുനോക്കുമ്പോൾ വളരെ കുറവാണിത്. ഇതു മുൻനിർത്തി കൂടുതൽ ഗ്രാമീണ റോഡ് പദ്ധതികൾക്ക് അംഗീകാരം നൽകാൻ കേന്ദ്രം തയാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ) പദ്ധതിയുടെ പ്രയോജനം കൂടുതൽ കൂടുതൽ പേരിലെത്തിക്കുന്നതിനായി മാനദണ്ഡങ്ങൾ ലഘൂകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ കേന്ദ്ര മാനദണ്ഡങ്ങൾക്കുള്ളിൽനിന്ന് പദ്ധതി നടപ്പാക്കിയാൽ പൊതുവിഭാഗത്തിലെ ഭവനരഹിതർക്ക് ആനുകൂല്യം ലഭിക്കാത്ത സാഹചര്യമുണ്ട്. ഇരുചക്രവാഹനവും റഫ്രിജറേറ്ററും ഉള്ളവർ ആനുകൂല്യത്തിനു പുറത്തുനിൽക്കുന്ന സാഹചര്യവും ഒഴിവാക്കണം. സംസ്ഥാനത്ത് ഓഖി ചുഴലിക്കാറ്റുണ്ടാക്കിയ വിനാശത്തിൽ വീടുകൾ തകർന്ന് 235 പേർക്ക് വീട് പുനരുദ്ധാരണത്തിനായി ഒന്നര ലക്ഷം രൂപയുടെ വീതം സാമ്പത്തികസഹായം അനുവദിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
