യുവതീപ്രവേശനം: നിലപാടില്ലാത്ത നിലപാട് ആക്ഷേപം ഭയന്ന്
text_fieldsതിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, ആക്ഷേപവും വിമർശനവും ഭയന്നാണ് ശബരിമല യുവതീപ്രവേശന വിഷയത്തിൽ നിലപാടില്ലാത്ത നിലപാട് കേരളം സുപ്രീംകോടതിയിൽ അറിയിച്ചത്. നേരത്തെ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കണമെന്ന നിലപാട് സ്വീകരിച്ച് വനിതാമതിലുൾപ്പെടെ തീർത്ത സർക്കാർ ഇപ്പോൾ ആ നിലപാടിൽനിന്ന് യുടേൺ അടിച്ചിട്ടുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ വ്യക്തത വരുത്തിയില്ല.
അണികളിൽ നിന്നുണ്ടായേക്കാവുന്ന വിമർശനവും നിലപാട് മാറ്റം വോട്ടിന് വേണ്ടിയാണെന്ന ആക്ഷേപവും മുന്നിൽ കണ്ടാണ് എങ്ങും തെടാത്ത സത്യവാങ്മൂലം കോടതിയിൽ സമർപിച്ചത്. ഭാവിയിൽ നിലപാട് തേടുമ്പോൾ യുവതീപ്രവേശനത്തെ എതിർക്കുമെന്ന വിവരമാണ് സർക്കാർ വൃത്തങ്ങൾ നൽകുന്നത്. മതപരമായ കാര്യങ്ങളിൽ മതപണ്ഡിതർ തീരുമാനമെടുക്കുന്നതാണ് ഉചിതമെന്നും മുൻകാല അനുഭവങ്ങൾ ഇതാണ് വ്യക്തമാക്കുന്നതെന്നും പറഞ്ഞാണ് സർക്കാർ തടിയൂരുന്നത്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പരിക്കേൽക്കാതെയും അണികൾക്കിടയിൽ നിലപാട് മാറ്റത്തെക്കുറിച്ച് വിശദീകരണം ഒഴിവാക്കിയുമുള്ള തന്ത്രപരമായ നീക്കമാണിത്.
നിലവിലെ സാഹചര്യത്തിൽ യുവതീപ്രവേശനം സംബന്ധിച്ച് കോടതി അഭിപ്രായം ചോദിച്ചിട്ടില്ലെന്നും ചോദിക്കുമ്പോൾ നിലപാട് വ്യക്തമാക്കുമെന്നും പറഞ്ഞ് ദേവസ്വംമന്ത്രി വി.എൻ. വാസവൻ വിഷയത്തിൽനിന്ന് തലയൂരുമ്പോഴും വിശ്വാസികൾക്കൊപ്പമാണെന്ന് ആവർത്തിക്കുന്നതിന് പിന്നിൽ ലക്ഷ്യം വോട്ട് തന്നെ. അതേസമയം, എൽ.ഡി.എഫിനെയും സർക്കാറിനെയും വെട്ടിലാക്കുന്ന പ്രതികരണമാണ് മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റേത്. തങ്ങൾ തെറ്റുതിരുത്തിയെന്ന നിലയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സർക്കാർ മുൻനിലപാടിൽനിന്ന് ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെ കുറ്റപ്പെടുത്തുമ്പോൾ, വോട്ട് ലക്ഷ്യമിട്ടുള്ള ഒളിച്ചുകളിയെന്നാണ് ബി.ജെ.പി ആരോപണം. എന്തായാലും യുവതീപ്രവേശന വിഷയത്തിൽ മുൻനിലപാടുകളിൽനിന്ന് സർക്കാർ പിന്നാക്കം പോയെന്ന് വ്യക്തം. സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമുൾപ്പെടെ നിലപാട് മാറ്റം പരോക്ഷമായി സമ്മതിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

