ഷോക്കേറ്റ് മരിച്ച അനന്തുവിന്‍റെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം നൽകണം -സണ്ണി ജോസഫ്
text_fieldsവഴിക്കടവ്: നിലമ്പൂർ വഴിക്കടവ് വെള്ളക്കട്ടയില്‍ അനധികൃതമായി വലിച്ച വൈദ്യുത കമ്പിയില്‍ തട്ടി ഷോക്കേറ്റ് മരിച്ച അനന്തുവിന്റെ കുടുംബത്തിനുണ്ടായ അപരിഹാര്യമായ നഷ്ടത്തിന് പരമാവധി സാമ്പത്തിക സഹായം നൽകണമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. പരിക്കേറ്റ കുട്ടികളുടെ ചികിത്സക്ക് സഹായം നൽകണം. ഈ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകി.
രുക്ഷമായ വന്യമൃഗ ശല്യം തടയാന്‍ നടപടി എടുക്കാത്ത വനം വകുപ്പും അനധികൃതമായി വൈദ്യുതലൈന്‍ വലിച്ചത് അറിയാത്ത ഇലക്ട്രിസിറ്റി ബോര്‍ഡും ആണ് നാടിനെ മുഴുവന്‍ ദുഃഖത്തിലാഴ്ത്തിയ ദാരുണമായ സംഭവത്തിന് ഉത്തരവാദികള്‍. നിത്യവൃത്തിക്കു പോലും നിവര്‍ത്തിയില്ലാത്ത കുടുംബത്തിന്റെ അത്താണി എന്ന നിലയില്‍ ഈ അപരിഹാര്യമായ നഷ്ടം ആ കുടുംബത്തിനേല്‍പ്പിച്ച ആഘാതം വിവരണാതീതമാണ്.
ഭാവി പ്രതീക്ഷയായിരുന്ന കുട്ടിക്കുണ്ടായ ദുരന്തത്തില്‍ നിന്നും കുടുംബത്തെ രക്ഷിക്കുന്നതിനും സംരക്ഷണം ഉറപ്പാക്കുന്നതിനും സര്‍ക്കാറില്‍ നിന്നും പരമാവധി സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് ആവശ്യമായ അടിയന്തര നടപടി സ്വീകരിക്കണം. പരിക്കേറ്റ കുട്ടികളുടെ ചികിത്സക്ക് ആവശ്യമായ സഹായവും നല്‍കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

