Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാധ്യമങ്ങൾക്ക് പണം...

മാധ്യമങ്ങൾക്ക് പണം നല്‍കിയെന്നതിൽ ഉറച്ചു നിൽക്കുന്നു, ഇല്ലെങ്കിൽ മുഖ്യമന്ത്രി പറയട്ടെ; ആരും ഭയപ്പെടുത്താൻ വരേണ്ടെന്ന് വി.ഡി. സതീശൻ

text_fields
bookmark_border
VD Satheesan, Pinarayi Vijayan
cancel

തിരുവനന്തപുരം: പിണറായി സർക്കാറിന്‍റെ നാലാം വാർഷികത്തോട് അനുബന്ധിച്ച് പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമ സ്ഥാപനങ്ങള്‍ക്കും അവരുമായി ബന്ധപ്പെട്ട ഓണ്‍ലൈനുകള്‍ക്കും പരസ്യം അല്ലാതെ പണം നല്‍കിയിട്ടുണ്ടെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പല മാധ്യമ സ്ഥാപനങ്ങളും പണം വാങ്ങി പ്രമോഷന്‍ ചെയ്തിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

മാധ്യമങ്ങള്‍ വഴി പരസ്യം നല്‍കുന്നതില്‍ ഒരു തെറ്റുമില്ല. പരസ്യ അല്ലാതെയാണ് ഇവിടെ പണം നല്‍കിയത്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന്റെ തലേ ദിവസം പ്രൈം ടൈംമില്‍ ഒരു മിനിട്ട് നല്‍കണമെന്നും ജില്ലകളില്‍ ഉദ്ഘാടനം നടക്കുന്നതിന്റെ അന്ന് പ്രൈം ടൈംമിലും നോണ്‍ പ്രൈം ടൈംമിലും സമയം നല്‍കണമെന്നും എക്‌സിബിഷനുകളിലെ ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കണമെന്നും മന്ത്രിമാരെ പ്രമോട്ട് ചെയ്യണമെന്നും പറഞ്ഞാണ് പണം നല്‍കിയതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

പരസ്യം നല്‍കുമ്പോള്‍ അത് പരസ്യമാണെന്ന് പറഞ്ഞാണ് നല്‍കാറുള്ളത്. പരസ്യമാണെന്ന് അതിന് മുകളിലുണ്ടാകും. അല്ലാതെയാണ് പണം നല്‍കുന്നില്ലെന്ന് മുഖ്യമന്ത്രി പറയട്ടേ. നേരത്തെ, കിഫ്ബിയും അവരുടെ പ്രമോഷന് വേണ്ടി പണം നല്‍കിയിട്ടുണ്ട്. ചില മാധ്യമ സ്ഥാപനങ്ങള്‍ അത് ചെയ്തിട്ടുമുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ പണം വാങ്ങി പരസ്യം ചെയ്തുവെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. മാധ്യമ സ്ഥാപനങ്ങള്‍ക്ക് പണം നല്‍കിയിട്ടുണ്ട്. അതേക്കുറിച്ച് പ്രതിപക്ഷം പറയും. അതില്‍ ഒരു ഭയവുമില്ല. ആരും ഭയപ്പെടുത്താനും വരേണ്ട. പണം നല്‍കി ചെയ്തിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്ന് സതീശൻ പറഞ്ഞു.

പരസ്യം അല്ലാതെ വേറെ ഏതെങ്കിലും വഴിയിലൂടെ മാധ്യമങ്ങള്‍ക്ക് പണം നല്‍കുന്നുണ്ടോയെന്ന ചോദ്യത്തിന് ഉത്തരം നല്‍കാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. ഞാന്‍ മാധ്യമങ്ങള്‍ക്കെതിരെ പറഞ്ഞെന്നാണ് പറഞ്ഞത്. ഞാന്‍ മാധ്യമങ്ങള്‍ക്ക് എതിരെയല്ല മുഖ്യമന്ത്രിയോടാണ് ചോദിച്ചത്. വ്യവസായ മന്ത്രി പറഞ്ഞത് ഞാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് എതിരെ പറഞ്ഞെന്നാണ്. ഞാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് എതിരെയും പറഞ്ഞിട്ടില്ല. മാധ്യമങ്ങള്‍ക്ക് പരസ്യമല്ലാതെ പണം നല്‍കുന്നുണ്ടെങ്കില്‍ അത് നികുതി പണത്തില്‍ നിന്നാണ്.

എന്തിനാണ് അങ്ങനെ പണം നല്‍കുന്നത്? അങ്ങനെ നല്‍കിയിട്ടുണ്ടെങ്കില്‍ എത്ര തുകയാണ് നല്‍കിയത്? സര്‍ക്കാരോ സര്‍ക്കാറിന് കീഴിലുള്ള ഏതെങ്കിലും ഏജന്‍സിയോ പണം നല്‍കിയിട്ടുണ്ടോ? അതാണ് വ്യക്തമാക്കേണ്ടത്. പ്രതിപക്ഷ നേതാവ് പരിഹാസ്യനാകുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പണം കൊടുത്ത് മാര്‍ക്ക് ഇടുകയും പ്രമോഷന്‍ നടത്തുകയും ചെയ്യുന്ന മുഖ്യമന്ത്രിയാണ് പരിഹാസ്യനാകേണ്ടത്. അതിനെ വിമര്‍ശിച്ച ഞാന്‍ എന്തിനാണ് പരിഹാസ്യനാകുന്നത്? മറുപടി പറയാതെ മുഖ്യമന്ത്രി ഒഴിഞ്ഞു മാറുകയാണ്. മറുപടി പറഞ്ഞേ മതിയാകൂവെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

ഒരോ കാര്യങ്ങളും സര്‍ക്കാര്‍ പ്രമോട്ട് ചെയ്യുകയാണ്. നേരത്തെ ഹൈവേ പ്രമോട്ട് ചെയ്തിട്ട് ഇപ്പോള്‍ എന്തായി. ചെറിയ മഴ പെയ്തപ്പോള്‍ തന്നെ സംസ്ഥാന വ്യാപകമായി ദേശീയപാതയില്‍ വിള്ളലാണ്. അശാസ്ത്രീയമായാണ് ദേശീയപാത പണിയുന്നതെന്ന് പ്രതിപക്ഷം നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. അന്ന് നിയമസഭയില്‍ ഭരണപക്ഷം പരിഹസിച്ചു. ഹൈവേക്കെതിരെ നിലപാട് എടുത്താല്‍ വിവരം അറിയുമെന്നാണ് പറഞ്ഞത്. ഒരു ഡസന്‍ എം.എല്‍.എമാരാണ് അന്ന് എനിക്കെതിരെ സംസാരിച്ചത്. അശാസ്ത്രീയമായാണ് നിര്‍മാണം. പല സ്ഥലത്തും ബൈപാസുകളില്ല, മഴ പെയ്താല്‍ ഇടിഞ്ഞു വീഴുകയാണ്. മണ്ണ് പരിശോധന പോലും നടത്താതെയാണ് പില്ലറുകള്‍ വാര്‍ത്തിരിക്കുന്നത്. ക്രെഡിറ്റ് ഏറ്റെടുത്ത് ഫ്‌ളക്‌സ് വച്ച ആരെയും ഇപ്പോള്‍ കാണുന്നില്ല. വലിയ മഴ വന്നാല്‍ പല സ്ഥലങ്ങളിലും വെള്ളക്കെട്ടുണ്ടാകും. തോടുകളും കാനകളുമൊക്കെ മൂടിയാണ് നിര്‍മാണം നടത്തിയത്. കേന്ദ്ര സര്‍ക്കാര്‍ നിര്‍മിച്ച ദേശീയപാതയുടെ ക്രെഡിറ്റ് ഏറ്റെടുത്തത് അല്ലാതെ ഒരു ഏകോപനവും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. ഇതേക്കുറിച്ച് ഇനിയും പ്രതിപക്ഷം പറയും.

റോഡ് തകര്‍ന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആരും ഇല്ലാത്ത സ്ഥിതിയാണ്. നിരീക്ഷണം നടത്തി പരിശോധിച്ച് ക്രെഡിറ്റ് ഏറ്റെടുത്ത് ഫ്‌ളക്‌സ് വച്ച ആരും ഇപ്പോഴില്ല. പാലാരിവട്ടം പാലത്തിന്റെ നിര്‍മാണത്തില്‍ അപാകതയുണ്ടെന്ന റിപ്പോര്‍ട്ട് മാത്രമാണ് പുറത്തു വന്നത്. അല്ലാതെ പാലം ഇടിഞ്ഞു വീണില്ല. അന്ന് പഞ്ചവടി പാലമാണെന്ന തരത്തിലായിരുന്നല്ലോ സി.പി.എമ്മിന്റെ പ്രചരണം. ഇപ്പോള്‍ സി.പി.എം കേന്ദ്ര സര്‍ക്കാരിനോ ദേശീയപാത അതോറിട്ടിക്കോ എതിരെ ഒരു പ്രചരണവും നടത്തുന്നില്ലല്ലോ. ക്രെഡിറ്റ് എടുത്തവര്‍ക്കും പൂര്‍ണ ഉത്തരവാദിത്തമുണ്ട്. ഇപ്പോള്‍ വ്യാപകമായി സര്‍വീസ് റോഡുകള്‍ തകര്‍ന്നു വീഴുകയാണ്. വലിയ മഴ കൂടി വരുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് കണ്ടറിയാം. ദേശീയപാത നിര്‍മാണം സംബന്ധിച്ച് സമഗ്രമായ അന്വേഷണവും പരിശോധനയും നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്ത് നല്‍കും. എന്‍ജിനീയറിങ് സൂപ്പര്‍വിഷന്‍ കാര്യമായി ഉണ്ടായിട്ടില്ല. നാലാം വാര്‍ഷികത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിച്ചു കൊണ്ടു വന്ന ഹൈവേ ഇപ്പോള്‍ നിലത്ത് കിടക്കുകയാണ്.

സ്മാര്‍ട് സിറ്റി റോഡുകള്‍ സംബന്ധിച്ച് മന്ത്രിമാര്‍ തമ്മിലുള്ള തര്‍ക്കത്തെ കുറിച്ച് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഇതു സംബന്ധിച്ച് നിരവധി കാര്യങ്ങള്‍ അറിയാം. അതൊക്കെ പുറത്തേക്ക് വരട്ടേ. കുറച്ചു കൂടി പുറത്തേക്ക് വരാനുണ്ട്. ഇപ്പോള്‍ ഞാന്‍ പറഞ്ഞാല്‍ അതൊന്നും പുറത്തേക്ക് വരില്ല. ഇതൊന്നും ഒരു പ്രമോഷന്‍ കാമ്പയിനും തടുത്ത് നിര്‍ത്താന്‍ പറ്റില്ല. നാലാം വാര്‍ഷികത്തില്‍ തിരുവനന്തപുരത്ത് ഒരു ദലിത് യുവതിക്ക് നേരിടേണ്ടി വന്ന പീഡനം എന്താണ് കേരളത്തിലെ പൊലീസ് ചെയ്യുന്നത് എന്നതിന്റെ പ്രതീകമാണെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ldf govtPinarayi VijayanVD SatheesanLatest NewsCongress
News Summary - Kerala Govt paid the media for 4th Anniversary Promotion -VD Satheesan
Next Story