കണ്ണൂരിലെ കിഫ്ബി ഭൂമിയിടപാട്: റിയൽ എസ്റ്റേറ്റ് ഇടപെടലുൾപ്പെടെ വിജിലൻസ് അന്വേഷിക്കും
text_fieldsതിരുവനന്തപുരം: കഴിഞ്ഞ എൽ.ഡി.എഫ് സര്‍ക്കാറുകളുടെ കാലത്ത് കോടികൾ ചെലവഴിച്ച് കിഫ്ബി വഴി നടത്തിയ കണ്ണൂര്‍ ജില്ലയിലെ ഭൂമി ഏറ്റെടുക്കല്‍ ഇടപാടിൽ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിറങ്ങി. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണിത്. അന്വേഷണം സംബന്ധിച്ച കാര്യങ്ങളിലും അന്വേഷണ സംഘത്തിന്‍റെ കാര്യത്തിലും വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിനെ ചുമതലപ്പെടുത്തിയാണ് ഉത്തരവ്. പ്രതിപക്ഷ എതിർപ്പിനെ അവഗണിച്ചും കിഫ്ബിയെ ചൊല്ലി വിവാദങ്ങൾ മുറുകുന്നതിനുമിടയിലാണ് സർക്കാർ നീക്കം.
കണ്ണൂർ ജില്ലയിൽ 4,896 ഏക്കർ ഭൂമി 12,240 കോടി രൂപ ചെലവഴിച്ച് ഏറ്റെടുക്കാൻ അനുമതി നൽകിയതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലെ വീഴ്ചയിൽ വിശദ അന്വേഷണം നടത്താനാണ് പ്രധാനമായും വിജിലൻസിനെ ചുമതലപ്പെടുത്തിയത്. ഭൂമി ഏറ്റെടുക്കാൻ സ്വീകരിച്ച യുക്തിയും മാനദണ്ഡങ്ങളും, ഭൂമിയുടെ വിലയും നഷ്ടപരിഹാരവും നിർണയിക്കുന്നതിൽ 2013ലെ ഭൂമിയേറ്റെടുക്കൽ നിയമം പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടോ, മൂല്യനിർണയ പ്രക്രിയയിൽ ക്രമക്കേടുകളോ കൃത്രിമങ്ങളോ നടന്നിട്ടുണ്ടോ, ഭൂമി ഏറ്റെടുക്കൽ തീരുമാനത്തെ സ്വാധീനിക്കുന്ന തരത്തിൽ റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കോ മറ്റു നിക്ഷിപ്ത താൽപര്യങ്ങൾക്കോ പങ്കുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നാണ് ഉത്തരവിൽ സർക്കാർ നിർദേശം.
ഈ ഭൂമി ഏറ്റെടുക്കൽ തീരുമാനം കിഫ്ബി നിയമത്തിലെ വകുപ്പ് ആറ് എഫിന്‍റെയും 2018ലെ മാർഗനിർദേശങ്ങളിലെയും വ്യവസ്ഥകൾ പാലിച്ചാണോ എന്നതിലും ഗൗരവമായ പരിശോധന വേണം. പദ്ധതിക്കായി തെരഞ്ഞെടുത്ത സ്ഥലങ്ങളിൽ വരുത്തിയ മാറ്റങ്ങളും വിശദമായ പരിശോധനക്ക് വിധേയമാക്കും. കിഫ്ബിയുടെ 33ാമത് യോഗം പാലക്കാട്ട് 470 ഏക്കറും കണ്ണൂരിൽ 4,896 ഏക്കറും ഉൾപ്പെടെ 5,336 ഏക്കർ ഭൂമി 12,710 കോടി രൂപ ചെലവഴിച്ച് ഏറ്റെടുക്കാൻ അംഗീകാരം നൽകിയിരുന്നു.
ഏറ്റെടുക്കാൻ ഉദ്ദേശിച്ച വിപുലമായ ഭൂവിസ്തൃതിയുടെ ആവശ്യകതയും സാമ്പത്തിക പ്രായോഗികതയും ന്യായീകരിക്കുന്ന സമഗ്ര ചെലവ്-നേട്ട വിശകലനമോ വ്യക്തവും ലാഭകരവുമായ വാണിജ്യ പദ്ധതികളോ ഇല്ലാതെ കിൻഫ്ര സമർപ്പിച്ച കുറിപ്പിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത്. പൊതുഖജനാവിന് വൻ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന തരത്തിൽ, വ്യക്തമായ വാണിജ്യ പ്രായോഗിക പദ്ധതിഘടനയോ സാമ്പത്തിക ന്യായീകരണമോ ഇല്ലാതെയാണ് ഈ നടപടി.
കിഫ്ബി വഴി കണ്ണൂര്‍ ജില്ലയില്‍ ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്‍കിയ നടപടിക്രമങ്ങളിലെ വീഴ്ച ധനകാര്യ-റവന്യൂ വകുപ്പുകളുടെ സാങ്കേതിക സഹായത്തോടെ അന്വേഷിക്കാനാണ് കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്. നിലവിൽ ഭൂമിയിടപാട് അന്വേഷിക്കാനാണ് മന്ത്രിസഭ തീരുമാനമെങ്കിലും കിഫ്ബിയുമായി ബന്ധപ്പെട്ട നിയമനങ്ങളും ധൂർത്തും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.
ധനവകുപ്പിനോ സര്‍ക്കാറിനോ നിയന്ത്രണമില്ലാത്ത കിഫ്ബിയില്‍ കഴിഞ്ഞ 10 വര്‍ഷമായി വന്‍ ക്രമക്കേടുകളാണ് നടന്നതെന്നാണ് മുന്‍ ചീഫ് സെക്രട്ടറി സുധാപിള്ളയുടെ നേതൃത്വത്തിലുള്ള വിദ്ഗധ സമിതി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെ തകര്‍ക്കുന്ന തരത്തിലാണ് കിഫ്ബി പ്രവര്‍ത്തനമെന്നാണ് സമിതി വിലയിരുത്തൽ. ഭൂമിയിടപാടുകളിലുൾപ്പെടെ സമിതി സംശയം പ്രകടിപ്പിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്.

