കുടുംബശ്രീ: ഉദ്യോഗസ്ഥ അഴിച്ചുപണിക്കൊരുങ്ങി സർക്കാർ
text_fieldsതൊടുപുഴ: ഭരണമാറ്റമുണ്ടായി അഞ്ച് മാസം പിന്നിടുമ്പോൾ സംസ്ഥാന കുടുംബശ്രീ മിഷനിൽ ഉദ്യോഗസ്ഥ അഴിച്ചുപണിക്ക് സർക്കാർ നടപടികളാരംഭിച്ചു. സി.ഡി.എസ് തലം വരെ സമഗ്ര അഴിച്ചുപണി നടത്തുന്നതിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥരുടെ മാറ്റം വരുത്തുന്നത്. ഇതിന്റെ ആദ്യപടിയായി കുടുംബശ്രീ മിഷന്റെ ഭരണപരമായ ചുമതല വഹിക്കുന്ന തസ്തികകളിലാണ് അഴിച്ചുപണി വരുന്നത്. ഇതിനായി വിജ്ഞാപനവും പുറപ്പെടുവിച്ചു.
സംസ്ഥാന തലത്തിൽ പ്രോഗ്രാം ഓഫിസർമാർ, ജില്ല മിഷൻ കോഓഡിനേറ്റർമാർ, അസി. മിഷൻ കോഓഡിനേറ്റർമാർ തുടങ്ങിയ തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനം നടത്തും. വിവിധ സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്നവർക്കാണ് ഈ തസ്തികകളിൽ അപേക്ഷിക്കാൻ അർഹത. ജില്ല മിഷൻ കോഓഡിനേറ്റർക്ക് അഞ്ചുവർഷത്തെ സർക്കാർ സേവനവും അസി. മിഷൻ കോഓഡിനേറ്റർക്ക് മൂന്നു വർഷത്തെ സർക്കാർ സർവിസുമാണ് യോഗ്യത. ഇതോടൊപ്പം സോഷ്യൽ വർക്ക്, റൂറൽ ഡെവലപ്മെന്റ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, മാനേജ്മെൻറ്, ഇകണോമിക്സ്, സോഷ്യൽ സയൻസ്, ലിറ്ററേച്ചർ എന്നിവയിൽ ബിരുദാനന്തര ബിരുദം അടക്കമുള്ളവയാണ് ജില്ല മിഷൻ കോഓഡിനേറ്ററുടെ വിദ്യാഭ്യാസ യോഗ്യത.
അസി. മിഷൻ കോഓഡിനേറ്റർക്കും ഇത്തരത്തിൽ യോഗ്യതകൾ നിശ്ചയിച്ചിട്ടുണ്ട്. സംസ്ഥാന തലത്തിൽ 14 ജില്ല മിഷൻ കോഓഡിനേറ്റർ, 52 അസി. മിഷൻ കോഓഡിനേറ്റർ തസ്തികകളിലേക്കാണ് ഡെപ്യൂട്ടേഷൻ നിയമനം നടക്കുന്നത്.
കഴിഞ്ഞ സർക്കാറിന്റെ കാലത്ത് അതത് സി.പി.എം ജില്ല കമ്മിറ്റികളുടെ നിർദേശമനുസരിച്ചാണ് ഇടത് യൂനിയനുകളിൽ സജീവമായവരെ ജില്ല മിഷൻ കോഓഡിനേറ്റർമാരായും സംസ്ഥാന തലത്തിൽ പ്രോഗ്രാം ഓഫിസർമാരായും നിയമിച്ചത്. അതുകൊണ്ടുതന്നെ ഭൂരിഭാഗം ജില്ലകളിലും കുടുംബശ്രീ സംഘടന സംവിധാനം രാഷ്ട്രീയവത്കരിച്ചതായി ആക്ഷേപം ശക്തമായിരുന്നു. എന്നാൽ, ഭരണമാറ്റത്തോടെ ഇതിൽ പലരും യു.ഡി.എഫ് ചേരിയിലേക്ക് മാറി കസേര നിലനിർത്താൻ ഓട്ടത്തിലാണ്.
ഇതേസമയം, യോഗ്യരായ ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കുകയാണ് ലക്ഷ്യമെന്നും കഴിഞ്ഞ സർക്കാറിന്റെ കാലത്ത് നിയമിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷൻ കാലാവധി കഴിയുന്ന മുറക്കാണ് നിയമനമെന്നും വകുപ്പ് മന്ത്രിയുടെ ഓഫിസ് പ്രതികരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

