രണ്ട് സർവകലാശാല ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ട് ഗവർണർ
text_fieldsഗവർണർ രാജേന്ദ്ര ആർലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും
തിരുവനന്തപുരം: ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരായ രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രീംകോടതിയിൽ വാദം നടക്കുന്നതിനിടെ കേരള നിയമസഭ പാസാക്കിയ സർവകലാശാല നിയമഭേദഗതി ബില്ലും സ്വകാര്യ സർവകലാശാല ബില്ലും രാഷ്ട്രപതിക്ക് വിട്ട് ഗവർണർ രാജേന്ദ്ര ആർലേക്കർ. ബില്ലുകളിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന സുപ്രീംകോടതി വിധി നിലനിൽക്കുന്ന സാഹചര്യം പരിഗണിച്ചാണ് ഗവർണറുടെ നീക്കം.
രാഷ്ട്രപതിയുടെ റഫറൻസ് സുപ്രീംകോടതി പരിഗണിക്കുന്ന സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങളിലെ രാജ്ഭവനുകളോട് അംഗീകാരം കാത്തിരിക്കുന്ന ബില്ലുകള്‍ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിവരം തേടിയിരുന്നു. നിലവിലുള്ള വിധി ലംഘിച്ച് ബില്ലുകളിൽ തീരുമാനമെടുക്കാതെ മൂന്ന് മാസത്തിലധികം തടഞ്ഞുവെക്കുന്നത് വാദം നടക്കുന്ന വേളയിൽ തിരിച്ചടിയാകാമെന്ന വിലയിരുത്തലിലാണ് രണ്ട് ബില്ലുകളും ആഗസ്റ്റിൽ രാഷ്ട്രപതിക്ക് അയച്ചതെന്നാണ് വിവരം. എന്നാൽ, ഇക്കാര്യം രാജ്ഭവൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
സർവകലാശാല ഭരണത്തിൽ പ്രോ ചാൻസലറായ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് കൂടുതൽ അധികാരം നൽകാനുള്ള വ്യവസ്ഥകളടക്കം അടങ്ങിയതാണ് സർവകലാശാല ഭേദഗതി നിയമം. ഇത് സുപ്രീംകോടതി വിധികൾക്കും യു.ജി.സി ചട്ടങ്ങൾക്കും വിരുദ്ധമാണെന്നാണ് രാജ്ഭവൻ നിലപാട്. സർവകലാശാലകളിലെ ഏത് രേഖകൾ വിളിച്ചുവരുത്താനും അന്വേഷണം പ്രഖ്യാപിക്കാനും ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് അധികാരം നൽകുന്ന വ്യവസ്ഥകൾ ബില്ലിലുണ്ട്. സർവകലാശാല സെനറ്റ് യോഗത്തിൽ മന്ത്രിക്ക് അധ്യക്ഷത വഹിക്കാനുള്ള വ്യവസ്ഥയും ബില്ലിൽ ഉൾപ്പെടുത്തിയിരുന്നു.
എന്നാൽ സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകാനുള്ള ബില്ലിൽ കേരളത്തിലെ വിദ്യാർഥികൾക്ക് സംവരണം ഏർപ്പെടുത്തിയതും കൂടുതൽ നിയന്ത്രണം കൊണ്ടുവന്നതുമാണ് ഗവർണറുടെ എതിർപ്പിന് കാരണമെന്നാണ് സൂചന. കഴിഞ്ഞ മാർച്ച് 25നാണ് നിയമസഭ രണ്ട് ബില്ലുകളും പാസാക്കിയത്. ഇതിന് ശേഷം ഒരുമാസത്തോളം കഴിഞ്ഞാണ് ബില്ലുകൾ ഗവർണർക്കയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

