ടി.പി. കേസ് പ്രതികൾക്കായി സർക്കാറിന്‍റെ അസാധാരണ നീക്കം; പ്രതികളെ വിട്ടയച്ചാൽ സുരക്ഷാ പ്രശ്നം ഉണ്ടാകുമോ?, ജയിൽ സൂപ്രണ്ടന്‍റുമാർക്ക് കത്ത്
text_fieldsകോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്കായി സംസ്ഥാന സർക്കാറിന്‍റെ അസാധാരണ ഇടപെടൽ. പ്രതികളെ വിട്ടയച്ചാൽ ആഭ്യന്തര സുരക്ഷാ പ്രശ്നം ഉണ്ടാകുമോ എന്ന് ചോദ്യം ഉയർത്തി ജയിൽ ആസ്ഥാനത്ത് നിന്ന് സെൻട്രൽ ജയിൽ സൂപ്രണ്ടന്‍റുമാർക്ക് കത്തയച്ചു. സംസ്ഥാനത്തെ മുഴുവൻ സെൻട്രൽ ജയിൽ സൂപ്രണ്ടന്‍റുമാർക്കും വിയ്യൂർ അതീവ സുരക്ഷാ ജയിൽ സൂപ്രണ്ടന്‍റിനുമാണ് കത്തയച്ചിട്ടുള്ളത്.
മാഹി ഇരട്ട കൊലക്കേസിൽ വിട്ടയച്ച കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്ക് വേണ്ടിയാണ് സർക്കാർ നിർദേശ പ്രകാരം ജയിൽ ആസ്ഥാനത്ത് നിന്ന് കത്തയച്ചത്. പ്രതികൾക്ക് സുരക്ഷാ കാരണങ്ങളാൽ അവധി ആനുകൂല്യം നൽകി വിടുതൽ ചെയ്യുന്ന വിഷയം പരിശോധിക്കുന്നതിന് സർക്കാരിൽ നിന്ന് നിർദേശം ലഭ്യമായെന്നും പ്രതികൾക്ക് അവധി ആനുകൂല്യം നൽകുകയാണെങ്കിൽ സ്വീകരിക്കുവാൻ സാധിക്കുന്ന സുരക്ഷാ മുൻകരുതലുകളെ കുറിച്ച് വിശദ റിപ്പോർട്ട് നൽകണമെന്നാണ് കത്തിലെ നിർദേശം.
20 വർഷത്തേക്ക് ടി.പി. കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകരുതെന്ന ഹൈകോടതി വിധി നിലനിൽക്കുന്ന സാഹചര്യത്തിലാണ് മോചനത്തിന്‍റെ സാധ്യത തേടി സർക്കാർ ഇടപെടൽ. പ്രതികളെ വിട്ടയച്ചാൽ ഉണ്ടാകുന്ന സുരക്ഷാ പ്രശ്നം വിലയിരുത്തേണ്ടത് കേരളാ പൊലീസ് ആണ്. ഇക്കാര്യത്തിൽ ജയിൽ സൂപ്രണ്ടുമാർക്ക് യാതൊരു റോളുമില്ല. ടി.പി. കേസിലെ പ്രതിയായ കൊടി സുനി തവനൂർ സെൻട്രൽ ജയിലിലും മറ്റ് പ്രതികൾ കണ്ണൂർ, തൃശ്ശൂർ ജയിലുകളിലുമാണ്.
പ്രതികൾ നിലവിൽ കഴിയുന്ന സെൻട്രൽ ജയിൽ സൂപ്രണ്ടുമാർക്ക് കത്തയക്കാതെ സംസ്ഥാനത്തെ മുഴുവൻ സെൻട്രൽ ജയിൽ സൂപ്രണ്ടുമാർക്കും കത്തയച്ചത് എന്തിനെന്ന് വ്യക്തമല്ല. ടി.പി. കേസ് പ്രതികളായ ടി.കെ. രജീഷ്, കെ.കെ. മുഹമ്മദ് ഷാഫി, എസ്. സിജിത്ത് എന്നിവരെ വിട്ടയക്കാൻ സംസ്ഥാന സർക്കാർ നേരത്തെ ശ്രമം നടത്തിയെങ്കിലും വിവാദമായതിനെ തുടർന്ന് ഉപേക്ഷിച്ചു.
ടി.പി. കേസിലെ രണ്ടു പ്രതികൾക്ക് വിചാരണ കോടതി വിധിച്ച മൂന്നു വർഷം ശിക്ഷ ജീവപര്യന്തമായി ഹൈകോടതി ഉയർത്തിയിരുന്നു. 20 വർഷത്തേക്ക് ശിക്ഷായിളവ് നൽകരുതെന്ന 2024ലെ ഹൈകോടതി വിധിക്കെതിരെ പ്രതികൾ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. ഈ അപ്പീലിന് സഹായമായാണോ ജയിൽ ആസ്ഥാനത്ത് നിന്ന് സൂപ്രണ്ടുമാരുടെ അഭിപ്രായം ആരാഞ്ഞതെന്നും സംശയമുണ്ട്.
കൊലയാളികൾക്ക് വേണ്ടിയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് മുൻ ആഭ്യന്തര മന്ത്രി
അതേസമയം, ടി.പി. കേസ് പ്രതികൾക്കായി ജയിൽ ആസ്ഥാനത്ത് നിന്നുള്ള അസാധാരണ ഇടപെടലിൽ രൂക്ഷ വിമർശനവുമായി മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്തെത്തി. കേസിന്‍റെ തുടക്കം മുതൽ നിലവിൽ വരെ കൊലയാളികൾക്ക് വേണ്ടിയാണ് സംസ്ഥാന സർക്കാർ നിന്നിട്ടുള്ളതെന്ന് തിരുവഞ്ചൂർ പറഞ്ഞു.
സി.പി.എമ്മിലെ കണ്ണൂരിൽ നിന്നുള്ള ഒരു സംഘം ആളുകൾക്ക് വ്യക്തിപരമായ ആവശ്യമെന്ന നിലയിലാണ് പ്രതികൾക്ക് വേണ്ടി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. സർക്കാർ കൊലയാളികൾക്കൊപ്പം നിൽക്കാമോ. കൊലയാളികൾക്കൊപ്പം നിൽക്കാൻ ശ്രമിക്കുന്ന നിയമം തകർക്കുന്നതിന് തുല്യമാണ്. നീതിന്യായ കോടതിയിൽ എതിർത്തു, എന്നാൽ കോടതി സത്യം കണ്ടെത്തി.
തുടർന്ന് അപ്പീലിന് പോയി, അവിടെ വിജയിക്കാതെ വന്നപ്പോൾ ജയിലിൽ കഴിയേണ്ടി വന്നു. ജയിലിൽ സുഖവാസം ഒരുക്കാൻ ശ്രമിച്ചു. ജയിലർമാരെ തല്ലിയിട്ട് പോലും ഒരു നടപടിയും ഉണ്ടായില്ല. പുറത്ത് നടത്തിയ ഗൂണ്ടായിസം ജയിലിനുള്ളിൽ നടത്തിയിട്ട് ഇപ്പോൾ വിട്ടയക്കാൻ ആലോചിക്കുകയാണ്. സംസ്ഥാന സർക്കാർ എങ്ങോട്ടാണ് പോകുന്നതെന്ന് വ്യക്തമായെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.
പരോൾ നൽകുന്നത് നിബന്ധനകൾക്ക് വിധേയമായാണ്. എന്നാൽ, വിടുതൽ നിബന്ധനകൾ ഇല്ലാതെയുള്ള മോചനമാണ്. അറിയാത്ത പാവങ്ങളെ കബളിപ്പിക്കാൻ വേണ്ടി സർക്കാർ അക്ഷരഭ്യാസം നടത്തുകയാണ്. പ്രതികൾക്ക് വേണ്ടി വാദിക്കുന്ന സർക്കാരാണ് ഇപ്പോൾ പ്രതികൂട്ടിൽ നിൽക്കുന്നത്. ജയിൽ സൂപ്രണ്ടുമാരിൽ നിന്ന് ഇത്തരത്തിൽ റിപ്പോർട്ട് ആവശ്യപ്പെടാൻ സാധിക്കില്ല. ജയിലിനുള്ളിലെ കാര്യങ്ങളിലാണ് സൂപ്രണ്ടുമാർ റിപ്പോർട്ട് നൽകേണ്ടത്. ക്രമസമാധാനത്തിൽ എതിരാണോ എന്ന് ഡി.ജി.പിയോടാണ് ചോദിക്കേണ്ടത്. പ്രതികൾ പ്രശ്നക്കാരല്ലെന്ന് എഴുതി വാങ്ങാനുള്ള ആസുത്രിതനീക്കമാണ് നടക്കുന്നതെന്നും തിരുവഞ്ചൂർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

