തിരുവനന്തപുരം: ഇലക്ട്രിക് ബസ് വാങ്ങുന്നതിനുള്ള ഇ-മൊബിലിറ്റി പദ്ധതിയിൽ നിന്ന് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് കമ്പനിയെ സംസ്ഥാന സർക്കാർ ഒഴിവാക്കാൻ തീരുമാനിച്ചു. സമയപരിധിക്കുള്ളിൽ പദ്ധതിയുടെ കരട് രേഖ കമ്പനി സമർപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനിയെ ഒഴിവാക്കുന്നത്. മറ്റ് കൺസൾട്ടൻസികളും സർക്കാർ പരിശോധിക്കും.
ഇന്നലെ നടന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ ശിവശങ്കര്‍ നിയോഗിച്ച കണ്‍സള്‍ട്ടന്‍സികളെ കുറിച്ച് വിമര്‍ശമുയര്‍ന്നതിനെ തുടര്‍ന്നാണെന്നാണ് നടപടിയെന്ന് സൂചനയുണ്ട്.
ഇൗ കമ്പനിക്കെതിരെ നേരത്തേ പ്രതിപക്ഷ നേതാവ് ആക്ഷേപമുന്നയിച്ചിരുന്നു. ഇ- മൊബിലിറ്റി പദ്ധതിയിൽ അഴിമതിയുണ്ടെന്നും പി.ഡബ്ലിയു.സിയെ പദ്ധതിയിൽ നിന്ന് ഒഴിവാക്കണമെന്നും പ്രതിപക്ഷം സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. റീബില്‍ഡ‍് കേരളയുടെ തന്നെ കീഴിലുള്ള ഇ മൊബിലിറ്റി പദ്ധതിക്ക് പ്രത്യേകമായി പി.ഡബ്ല്യു.സിയെ കണ്‍സള്‍ട്ടന്‍സി ഏല്‍പിച്ചതിനെതിരെയും പ്രതിപക്ഷം ആക്ഷേപമുന്നയിച്ചിരുന്നു.
4500 കോടി രൂപ മുടക്കി 3000 ഇലക്ട്രിക് ബസ് വാങ്ങുന്നതിനുള്ള പദ്ധതിക്ക് വിശദ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കുന്നതിനും കണ്‍സല്‍ട്ടന്‍സിക്കുമാണ് പി.ഡബ്ലിയു.സിക്ക് കരാര്‍ നല്‍കിയത്. എന്നാൽ സെബി നിേരാധിച്ച കമ്പനിയാണിതെന്നും അത് കരിമ്പട്ടികയിലുള്‍പ്പെട്ടതാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു.