ഭാരതാംബക്ക് അയിത്തം കൽപിക്കുന്നത് വിദ്യാഭ്യാസ സംവിധാനത്തിന്റെ മൂല്യശോഷണം -ഗവർണർ
text_fieldsകൊച്ചി: ഭാരതാംബക്ക് ചിലർ അയിത്തം കൽപിക്കുന്നത് വിദ്യാഭ്യാസ സംവിധാനത്തിന്റെ മൂല്യശോഷണം കൊണ്ടാണെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ഭാരതാംബയുടെ ചിത്രം വെച്ചതിന്റെ പേരിൽ പരിപാടികളിൽനിന്ന് വിട്ടുനിൽക്കുന്നത് അത്ഭുതപ്പെടുത്തിയെന്നും ഗവർണർ പറഞ്ഞു.
രാജ്‌ഭവനിൽവെച്ച ചിത്രം നോക്കി, ‘ഈ സ്ത്രീ ആരാണെന്ന്’ ചിലർ ചോദിച്ചു. രാജ്യത്തെ എല്ലാവരും സഹോദരീ സഹോദരന്മാരെന്ന് പറയുന്നത് ഭാരത്‌മാത എന്ന ഒറ്റ അമ്മയുള്ളതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ അഭിഭാഷക പരിഷത്ത് ഹൈകോടതി യൂനിറ്റിന്റെ നേതൃത്വത്തിൽ നടന്ന ദേശീയ നിയമദിനാചരണത്തിൽ ‘ഭരണഘടനയിലെ സാംസ്‌കാരിക ദേശീയത’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സാംസ്കാരിക വൈവിധ്യം എന്നത് പാശ്ചാത്യ സങ്കൽപമാണ്. മഴവില്ലിന്റെ നിറഭേദങ്ങൾപോലെ പല നിറങ്ങളുണ്ടാകാമെങ്കിലും ഭാരതീയ സംസ്കാരം ഒന്നേയുള്ളൂ. മതനിരപേക്ഷത എന്ന ആശയം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ധർമ സമഭാവനയാണ് ശരിയായ ആശയം. ഭാരതീയ സംസ്കാരവും ദേശീയതയും ഒന്നുതന്നെയാണെന്ന് തിരിച്ചറിയണമെന്നും ഗവർണർ പറഞ്ഞു.
ഹൈകോടതിയിലെ പരിപാടിയിൽ ഭാരതാംബയുടെ ചിത്രം; ഓൾ ഇന്ത്യ ലോയേഴ്സ് യൂനിയൻ പ്രതിഷേധിച്ചു
കൊച്ചി: കേരള ഹൈകോടതി ഓഡിറ്റോറിയത്തിൽ ഭാരതീയ അഭിഭാഷക പരിഷത്ത് ഗവർണർ രാജേന്ദ്ര ആർലേക്കേറെ പങ്കെടുപ്പിച്ച് നടത്തിയ പരിപാടിയിൽ ഭാരതാംബയുടെ ചിത്രം വെച്ചതുമായി ബന്ധപ്പെട്ട് ഓൾ ഇന്ത്യ ലോയേഴ്സ് യൂനിയൻ പ്രതിഷേധിച്ചു. കാവിവത്കരണത്തിന് ഉന്നത നീതിപീഠത്തിന്റെ വേദി പോലും ഉപയോഗിക്കാൻ മടിയില്ലെന്നതാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് സംഘടന ചൂണ്ടിക്കാട്ടി.
ഭരണഘടനയെയും ഭരണഘടന മൂല്യങ്ങളെയും വെല്ലുവിളിച്ച് രാജ്ഭവനിൽ തീവ്ര ഹിന്ദുത്വ പരിഷ്കാരങ്ങൾക്ക് ശ്രമിച്ച ഗവർണറുടെ സാന്നിധ്യത്തിൽ അക്കാര്യത്തിന് ഉന്നത നീതിന്യായ കോടതിയുടെ വേദി ഉപയോഗപ്പെടുത്തിയത് അപലപനീയമാണ്. നീതിപീഠത്തിന്‍റെ മതനിരപേക്ഷ നിലപാടിന് വിരുദ്ധമായ സംഭവമാണ് ഇതെന്നും ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സംഘടന ഹൈകോടതി ചീഫ് ജസ്റ്റിസിന് പരാതി നൽകി.
അഭിഭാഷക പരിഷത്തിന്‍റെ നിയമ ദിനാചരണത്തിൽ മുഖ്യപ്രഭാഷണം നടത്താനാണ് ഗവർണർ എത്തിയത്. വേദിയിൽ ഭാരതാംബയുടെയും അംബേദ്കറുടെയും ചിത്രങ്ങൾ ഹാരമണിയിച്ച് ദീപം തെളിച്ചുവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

