സർക്കാർ പ്രസിൽ ഒ.എം.ആർ ഷീറ്റിെൻറ അച്ചടി ആരംഭിച്ചു
text_fieldsതിരുവനന്തപുരം: വിവാദങ്ങൾക്കും കാത്തിരിപ്പിനുമൊടുവിൽ സർക്കാർ പ്രസുകളിൽ പി.എസ്.സിയുടെ ഒ.എം.ആർ ഷീറ്റ് അച്ചടി ആരംഭിച്ചു. തദ്ദേശ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട അച്ചടികൾ പൂർത്തീകരിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ കൈമാറിയ കോണിക്ക മിനോൽട്ട മെഷീനിലാണ് അച്ചടി. മണ്ണന്തല പ്രസിൽനിന്ന് അച്ചടിച്ച് തിരുവനന്തപുരം സെൻട്രൽ പ്രസിലെത്തിച്ച് ബാർകോഡ് രേഖപ്പെടുത്താനാണ് തീരുമാനം. ഈ മാസം 1,25,000 ഷീറ്റുകളാണ് പി.എസ്.സിക്ക് കൈമാറുക. ഇതരസംസ്ഥാനങ്ങളിലെ ഏജൻസികളിൽ നിന്ന് വാങ്ങുന്ന ഷീറ്റുകൾ ഗുണനിലവാരമില്ലായ്മയെ തുടർന്ന് െമഷീനുകൾ പുറംതള്ളിയതിനെ തുടർന്നാണ് ആഗസ്റ്റ് മുതൽ ഷീറ്റുകൾ സർക്കാർ പ്രസിൽ അച്ചടിക്കാൻ തീരുമാനിച്ചത്.
27 ലക്ഷം ഷീറ്റുകൾ ആദ്യഘട്ടമായി അച്ചടിച്ച് വാങ്ങാനായിരുന്നു കമീഷൻ തീരുമാനം. കിഫ്ബി വഴി ആറ് കോടിയുടെ ഫൈവ് കളർഷീറ്റ് ഫെഡ് ഓഫ്സെറ്റ് പ്രിൻറിങ് മെഷീൻ വാങ്ങി അച്ചിടിക്കുമെന്നായിരുന്നു അറിയിച്ചതെങ്കിലും നടപടികൾ ചുവപ്പ് നാടയിൽ കുരുങ്ങിയതോടെയാണ് അവസാനം തെരഞ്ഞെടുപ്പു കമീഷൻ നൽകിയ മെഷീനുകളിൽ അച്ചടിക്കാൻ തീരുമാനിച്ചത്.
അതേസമയം, ഒ.എം.ആർ ഷീറ്റുകളുടെ അച്ചടിയുമായി ബന്ധപ്പെട്ട അതീവ രഹസ്യ ഫയലുകൾ തിരുവനന്തപുരത്തെ സെൻട്രൽ പ്രസിൽനിന്ന് നഷ്ടമായത് സംബന്ധിച്ച കേസ് സൈബർ പൊലീസിന് കൈമാറി. കേസിൽ ഒന്നാം പ്രതിയായ ഒന്നാം ഗ്രേഡ് ബൈൻഡർ വി.എൽ. സജിയുടെ മുൻകൂർ ജാമ്യാപേക്ഷ അഡീഷനൽ സെഷൻസ് കോടതി തള്ളിയിരുന്നു. ബാർകോഡിങ് രേഖപ്പെടുത്തുന്നതടക്കം ഒ.എം.ആർ ഷീറ്റിൽ ഉൾപ്പെടുത്തേണ്ട രഹസ്യ സ്വഭാവമുള്ള വിവരങ്ങളും ഇതുസംബന്ധിച്ച് ഫയലുകളും ലാപ്പ്ടോപ്പിൽ നിന്നും കമ്പ്യൂട്ടറിൽ നിന്നും തിരിച്ചെടുക്കാനാകാത്തവിധം സജി നശിപ്പിച്ചതായാണ് അച്ചടിവകുപ്പ് ഡയറക്ടർ എ. ജയിംസ് രാജ് പൊലീസിൽ നൽകിയ പരാതി.