ഹോർട്ടിവൈനിൽ സർക്കാറിന് കല്ലുകടി; ഇറക്കാനും തുപ്പാനും വയ്യാതെ പ്രതിപക്ഷം
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ബേക്കറികൾക്കും ഷോപ്പിങ് മാളുകൾക്കും ഹോർട്ടിവൈൻ ലൈസൻസ് അനുവദിച്ചതിൽ കൈപൊള്ളിയത് സർക്കാറിനെങ്കിലും ഇറക്കാനോ തുപ്പാനോ കഴിയാത്ത വിധം പ്രതിസന്ധിയിലായത് സി.പി.എമ്മാണ്. കർഷകരെ സഹായിക്കാനെന്ന പേരിൽ ഹോർട്ടിവൈൻ ആരംഭിച്ചത് മുതൽ ചെറുകിട ബേക്കറികളിൽ വരെ ലഭ്യതക്ക് വഴിയൊരുക്കും വിധം നിയമഭേദഗതി വരുത്തിയത് ഇടതുസർക്കാർ കാലത്താണ്.
അതേസമയം സർക്കാർ മാറിയിട്ടും ഇടതുകാലത്തെ നയം ഉദ്യോഗസ്ഥർ വഴി നടപ്പാക്കപ്പെടാൻ ഇടയായ സാഹചര്യവും വകുപ്പതല വീഴ്ചയും ഉത്തരം മുട്ടിക്കുകയാണ്. നയപരമായ തീരുമാനമെന്ന നിലയിൽ സാങ്കേതികമായി തന്നെ അറിയിക്കേണ്ടതില്ലെന്ന് ഒരു ഘട്ടത്തിൽ വിശദീകരിക്കുന്ന മന്ത്രി, സുപ്രധാന തീരുമാനം തന്നെ അറിയിച്ചില്ലെന്ന് വിമർശിച്ചതും പൊരുത്തക്കേട് വ്യക്തമാക്കുന്നു. വിഷയം ശ്രദ്ധയിൽ പെട്ടതോടെ തിരുത്താനായതാണ് സർക്കാറിനുള്ള ആശ്വാസം.
ഹോർട്ടിവൈനിനെ തത്വത്തിൽ എതിർക്കുന്നില്ലെങ്കിലും ബേക്കറികൾ വഴി സാർവത്രികമാക്കും വിധമുള്ള വിൽപനനയത്തിലാണ് യു.ഡി.എഫ് വിയോജിപ്പ്. മറുഭാഗത്ത് എക്സൈസ് വകുപ്പ് നൽകിയ ലൈസൻസിനെയോ അത് റദ്ദാക്കിയ സർക്കാർ നടപടിയേയോ വിമർശിക്കാനോ പിന്തുണക്കാനോ കഴിയാത്ത പ്രതിസന്ധിയാണ് ഇടതുമുന്നണിക്ക്. നിയമഭേദഗതി നിയമസഭയിൽ ചർച്ച ചെയ്ത വേളയിൽ അന്നത്തെ പ്രതിപക്ഷമായിരുന്ന യു.ഡി.എഫ് കാര്യമായ വിമർശനമോ വിയോജിപ്പോ ഉന്നയിച്ചിട്ടില്ലെന്ന വാദമുയർത്തിയാണ് ഇപ്പോഴത്തെ പ്രതിരോധമെല്ലാം.
വിപണി വിപുലപ്പെടുത്താനാണ് 2024 ജനുവരി 24 ൽ 1953-ലെ ഫോറിൻ ലിക്കർ റൂൾസിൽ സുപ്രധാനമായ ഭേദഗതികൾ വരുത്തിയത്. ഇതോടെയാണ് ഹൈപ്പർ മാർക്കറ്റുകൾ, സൂപ്പർ മാർക്കറ്റുകൾ, ഷോപ്പിങ് മാളുകൾ, ബേക്കറികൾ എന്നിവയ്ക്ക് ഹോർട്ടി വൈൻ ചില്ലറയായി വിൽക്കാൻ ലൈസൻസ് നൽകാൻ അരങ്ങൊരുങ്ങിയത്. ആദ്യഘട്ടത്തിൽ 100 ചതുരശ്ര മീറ്റർ (ഏകദേശം 1076 ചതുരശ്ര അടി) വിസ്തീർണ്ണമുള്ള സ്ഥാപനങ്ങൾക്ക് മാത്രമേ വിൽപനാനുമതി നൽകിയിരുന്നുള്ളൂ.
കേരളത്തിലെ ബഹുഭൂരിപക്ഷം ബേക്കറികൾക്കും ഇത്രയും വിസ്തീർണമില്ലെന്ന് വിലയിരുത്തിയ സർക്കാർ , 2025 ഒക്ടോബർ ആറിന് ഈ പരിധി 10 ചതുരശ്ര മീറ്ററായി (ഏകദേശം 107 ചതുരശ്ര അടി) വെട്ടിക്കുറച്ചു. ഇതോടെയാണ് ഗ്രാമപ്രദേശങ്ങളിലെ ചെറിയ ബേക്കറികളിലേക്ക് പോലും ഹോർട്ടിവൈൻ എത്താൻ വഴിയൊരുങ്ങിയത്. ഇത് പ്രകാരം അപേക്ഷിച്ച ബേക്കറികൾക്കാണ് ഇപ്പോൾ ലൈസൻസ് അനുവദിച്ചതും മന്ത്രി ഇടപെട്ട് തടഞ്ഞതും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

