Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹരിതകേരളം പദ്ധതിക്ക്...

ഹരിതകേരളം പദ്ധതിക്ക് തുടക്കം; ഭാവിതലമുറക്ക് നല്ല നാടിനെ ഏല്‍പിച്ചുകൊടുക്കണമെന്ന് മുഖ്യമന്ത്രി

text_fields
bookmark_border
ഹരിതകേരളം പദ്ധതിക്ക് തുടക്കം; ഭാവിതലമുറക്ക് നല്ല നാടിനെ ഏല്‍പിച്ചുകൊടുക്കണമെന്ന് മുഖ്യമന്ത്രി
cancel

പാറശ്ശാല (തിരുവനന്തപുരം): ഭാവിതലമുറക്ക് ശുദ്ധവായുവും വെള്ളവും മണ്ണും ഭക്ഷണവും ഉറപ്പാക്കാന്‍ ലക്ഷ്യമിടുന്ന സര്‍ക്കാറിന്‍െറ ഹരിതകേരളം മിഷന് തുടക്കം. പാറശ്ശാലക്ക് സമീപത്തെ കൊല്ലായില്‍ പഞ്ചായത്തില്‍ കളത്തറയ്ക്കല്‍ പാടശേഖരത്തിലെ 14 ഹെക്ടര്‍ പാടത്ത് കൃഷിയിറക്കുന്നതിന് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. പിന്നാലെ കാര്‍ഷിക സംസ്കൃതി വീണ്ടെടുക്കാനും ജലസ്രോതസ്സുകള്‍ സംരക്ഷിക്കാനും നാടിനെ മാലിന്യമുക്തമാക്കാനുമുള്ള പരിശ്രമങ്ങള്‍ സംസ്ഥാനമെമ്പാടും ആരംഭിച്ചു.

 മാലിന്യസംസ്കരണവും ജലസംരക്ഷണവും കൃഷിയും പൊതുസംസ്കാരത്തിന്‍െറ ഭാഗമായി വളര്‍ത്തിയെടുക്കണമെന്ന് ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പറഞ്ഞു. ഭാവിതലമുറക്ക് നല്ല നാടിനെയാണ് നാം ഏല്‍പിച്ചുകൊടുക്കേണ്ടത്. മാലിന്യസംസ്കരണം നല്ലരീതിയില്‍ നടപ്പാക്കാനാവണം. പ്ളാസ്റ്റിക് ഉള്‍പ്പെടെ മാലിന്യം ശേഖരിച്ച് സംസ്കരിക്കാന്‍ പൊതുസംവിധാനം ഉണ്ടാക്കും. മാലിന്യം എവിടെയെങ്കിലും ഉപേക്ഷിക്കാതെ എല്ലായിടവും സ്വച്ഛവും സുന്ദരവുമാകണമെന്ന ബോധം ഉയര്‍ത്തുകയാണ് ഉദ്ദേശ്യം. പാടത്ത് മാത്രമല്ല, കരകൃഷിയും വീട്ടുപറമ്പിലും മറ്റും പണ്ട് ഉണ്ടായിരുന്ന കൃഷിരീതികളും തിരിച്ചുപിടിക്കണം. കാര്‍ഷിക സര്‍വകലാശാല ഉള്‍പ്പെടെ നടത്തിയ ഇടപെടലുകള്‍ ലാബില്‍നിന്ന് കൃഷിക്കാരിലത്തെണം. വരള്‍ച്ച ഭീഷണിയുടെ സാഹചര്യത്തില്‍ ലഭിക്കുന്ന മഴവെള്ളം നഷ്ടപ്പെടാതിരിക്കാന്‍ ഉതകുന്ന പദ്ധതിയും തയാറാക്കും. ആദ്യപടിയായി തോടുകളും പുഴകളും നീരുറവകളും സംരക്ഷിക്കും. അടഞ്ഞുപോയ നീരുറവകള്‍ വീണ്ടെടുക്കുകയും മഴക്കുഴികള്‍ നിര്‍മിക്കുകയും ചെയ്യും. രണ്ടാംഘട്ടത്തില്‍ നദികളും കായലുകളും പൂര്‍ണമായി ശുചീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പദ്ധതിയുടെ അംബാസഡറായ ഗാനഗന്ധര്‍വന്‍ യേശുദാസ് ഹരിത കേരള ഗീതം ആലപിച്ചു. കൃഷിയെ കേരളം കൂടുതലായി സ്നേഹിച്ചുതുടങ്ങിയത് വലിയ സാമൂഹിക മുന്നേറ്റമാണെന്ന് നടി മഞ്ജുവാര്യര്‍ പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ. വി.കെ. രാമചന്ദ്രന്‍, എം.എല്‍.എമാരായ സി.കെ. ഹരീന്ദ്രന്‍, കെ. ആന്‍സലന്‍, ഐ.ബി. സതീഷ്, ഹരിതകേരളം മിഷന്‍ ഉപാധ്യക്ഷ ഡോ. ടി.എന്‍. സീമ, കെ.ടി.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. മധു, കൊല്ലായില്‍ പഞ്ചായത്ത് പ്രസിഡന്‍റ് വൈ. ലേഖ, കാര്‍ഷികോല്‍പാദന കമീഷണര്‍ ഡോ. രാജു നാരായണ സ്വാമി, കൃഷി വകുപ്പ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മുഖ്യമന്ത്രിയും യേശുദാസും മഞ്ജുവാര്യരും ഞാറ്കെട്ടുകള്‍ കളത്തറയ്ക്കല്‍ പാടശേഖരത്തിലെ കര്‍ഷകത്തൊഴിലാളികള്‍ക്ക് നല്‍കി. ഉഴുത് ഒരുക്കിയിട്ട പാടത്ത് പാട്ടുകളുടെ താളത്തില്‍ അവര്‍ ഞാറ് നട്ടു. അതിന് സാക്ഷ്യം വഹിക്കാന്‍ നാടാകെ ഒഴുകിയത്തെി. നടൂര്‍ക്കൊല്ല കുഞ്ചുകുളം നവീകരണത്തിന്‍െറ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. കൂടുതല്‍ മേഖലയില്‍ കൃഷി ആരംഭിക്കാനുള്ള സമ്മതപത്രവും കര്‍ഷകര്‍ മുഖ്യമന്ത്രിക്ക് കൈമാറി. അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതക്ക് ആദരാഞ്ജലി അര്‍പ്പിച്ചാണ് ചടങ്ങുകള്‍ തുടങ്ങിയത്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala govtharitha keralam project
News Summary - kerala government haritha keralam project is started
Next Story