തുറന്ന യുദ്ധത്തിനൊരുങ്ങി സംസ്ഥാന സർക്കാറും കേന്ദ്ര ഏജൻസികളും
text_fieldsതിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിെൻറ പ്രചാരണം കൊഴുക്കുന്നതിനിടെ കേസെടുത്തും ചോദ്യംചെയ്തും പരസ്പരം ഏറ്റുമുട്ടാനുറച്ച് സംസ്ഥാന സർക്കാറും കേന്ദ്ര അന്വേഷണ ഏജൻസികളും.
സ്വർണക്കടത്ത് പ്രതി സ്വപ്ന സുരേഷിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യവെ, മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇ.ഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്ന വനിതാ പൊലീസുകാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുന്ന കാര്യം സർക്കാർ പരിശോധിക്കുന്നു.
മുമ്പ് ഇക്കാര്യത്തിൽ സ്വപ്നയുടേതെന്ന പേരിലുള്ള ശബ്ദരേഖ പുറത്തുവന്നെങ്കിലും അത് തേൻറതാണെന്ന കാര്യം പൂർണമായി അവർ സമ്മതിക്കാത്തതിനെ തുടർന്ന് തുടർനടപടി സ്വീകരിക്കാനായില്ല. ശബ്ദരേഖ ചോർന്നത് സംബന്ധിച്ച അന്വേഷണത്തിൽ സ്വപ്നയുടെ എസ്കോർട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥ സിജി വിജയൻ നൽകിയ മൊഴി സർക്കാറിന് പിടിവള്ളിയായി.
കിഫ്ബി കേസന്വേഷണവുമായി ബന്ധപ്പെട്ട് വനിതാ ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ സംഭവത്തിലും പരാതി എഴുതിവാങ്ങി ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കുന്ന കാര്യം പരിഗണനയിലാണ്.
അതേസമയം ഡോളർകടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ ചോദ്യംചെയ്യാൻ ഇ.ഡിയും കസ്റ്റംസും ഉദ്ദേശിക്കുന്നതായാണ് വിവരം.
കസ്റ്റംസിന് നൽകിയ മൊഴിയിൽ സ്വപ്ന മുഖ്യമന്ത്രിക്കെതിരെ നടത്തിയതായി പറയുന്ന പരാമർശം സംബന്ധിച്ച് കൂടുതൽ തെളിവുകൾ തേടിയശേഷം ഇവരെ ചോദ്യംചെയ്യാനും കസ്റ്റംസ് ഉദ്ദേശിക്കുന്നു. അതിെൻറ ഭാഗമായാണ് നിയമസഭാ സ്പീക്കറെ ഇൗമാസം 12ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.
ഡോളർകടത്ത് കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം കേസെടുക്കാനാണ് ഇ.ഡിയുടെ നീക്കം. അതിെൻറ ഭാഗമായി സ്വപ്നയുടെ രഹസ്യമൊഴിക്കായി കോടതിയെ സമീപിച്ചിട്ടുണ്ട്. ഇൗ മൊഴി നൽകുന്നതിൽ കസ്റ്റംസ് എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും നിലവിലെ സാഹചര്യത്തിൽ അത് മറികടക്കാമെന്ന പ്രതീക്ഷയിലാണ് ഇ.ഡി.
പകർപ്പ് കിട്ടുന്നപക്ഷം ബന്ധപ്പെട്ടവരെ ചോദ്യംചെയ്യുന്നതിലേക്കുൾപ്പെടെ കാര്യങ്ങളിലേക്ക് ഇ.ഡി കടന്നേക്കും. വരും ദിവസങ്ങളിൽ സംസ്ഥാന സർക്കാറും കേന്ദ്ര ഏജൻസികളും തമ്മിൽ പരസ്യ ഏറ്റുമുട്ടലിലേക്ക് കാര്യങ്ങൾ നീങ്ങാനാണ് സാധ്യത.