പി.എ.സി റാങ്കിങ്: ഒന്നാമതായി കേരളം, യു.പി ഏറ്റവും പിന്നിൽ
text_fieldsബംഗളൂരു: രാജ്യത്ത് ഏറ്റവും മികച്ച ഭരണ നിർവഹണമുള്ള വലിയ സംസ്ഥാനം കേരളമെന്ന് പബ്ലിക് അഫേഴ്സ് ഇൻഡക്സ് റിപ്പോർട്ട്. മുൻ ഐ.എസ്.ആർ.ഒ ചെയർമാർ കെ.കസ്തൂരിരംഗൻ ചെയർമാനായ സ്വതന്ത്രസംഘടനയാണ് പി.എ.സി.
മികച്ച ഭരണ നിർവഹണമുള്ള വലിയ സംസ്ഥാനങ്ങളിൽ ആദ്യ നാലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കരസ്ഥമാക്കി . കേരളത്തിന് 1.388 ഇൻഡക്സ് പോയൻറ് ലഭിച്ചപ്പോൾ തമിഴ്നാടിന് 0.912ഉം ആന്ധ്രക്ക് 0.531ഉം കർണാടകക്ക് 0.468മാണുള്ളത്.
വലിയ സംസ്ഥാനങ്ങളിൽ ഏറ്റവും പിറകിൽ ഉത്തർപ്രദേശാണുള്ളത്. ഒഡീഷ, ബിഹാർ എന്നിവയാണ് മോശം പ്രകടനത്തിൽ ഉത്തർപ്രദേശിന് തൊട്ടുമുമ്പിൽ. ഇവ മൂന്നിനും ഇൻഡക്സിൽ നെഗറ്റീവ് പോയൻറ്സ് ആണ് ലഭിച്ചത്.
ചെറിയ സംസ്ഥാനങ്ങളിൽ ഗോവയാണ് ഒന്നാമത്. മേഘാലയ രണ്ടാമതും ഹിമാചൽ പ്രദേശ് മൂന്നാമതുമാണ്. ചെറിയ സംസ്ഥാനങ്ങളിൽ മണിപ്പൂരും ഡൽഹിയും ഉത്തരാഖണ്ഡും നെഗറ്റീവ് പോയൻറുമായി ഏറ്റവും പിന്നിലായി.