കുത്തനെ ഉയർന്ന് ഇന്ധന വില: സകലതിനും വിലക്കയറ്റം
text_fieldsകൊച്ചി: പഴം, പച്ചക്കറി മുതൽ പെയിൻറിനുവരെ വില കൂട്ടും വിധം കുതിച്ചുകയറി ഇന്ധന വില. 50 ദിവസത്തിനിടെ 28ാമത്തെ വിലവർധനവിലൂടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 99.48 രൂപയായി. ഡീസലിന് 94.74 രൂപയും. പെട്രോളിന് 28 പൈസയും ഡീസലിന് 27 പൈസയുമാണ് ചൊവ്വാഴ്ച വർധിപ്പിച്ചത്. എറണാകുളത്ത് 97.33, 92.64, കോഴിക്കോട് 97.74, 93.08 എന്നിങ്ങനെയാണ് യഥാക്രമം പെട്രോൾ, ഡീസൽ വില.
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് സമയത്ത് 66 ദിവസം എണ്ണക്കമ്പനികൾ ഇന്ധന വിലവർധനവിൽനിന്ന് മാറിനിന്നപ്പോൾ സംഭവിച്ച വരുമാന നഷ്ടമാണ് പിന്നീട് തുടർച്ചയായ വിലക്കയറ്റത്തിലൂടെ നികത്തുന്നതെന്ന് വിപണി നിരീക്ഷകർ പറയുന്നു. ഇക്കാലയളവിൽ പെട്രോളിന് 77 പൈസയും ഡീസലിന് 74 പൈസയും നാലുതവണയായി കുറക്കുകയും ചെയ്തു. എന്നാൽ, ഇതിന് പകരമായി മേയ് നാലുമുതൽ പെട്രോളിന് 7.10 രൂപയും ഡീസലിന് 7.51 രൂപയും വർധിപ്പിച്ചു. ഡീസൽ വിലവർധനവിലൂടെ അധികരിച്ച കടത്തുകൂലി നിരക്ക് നിത്യോപയോഗ സാധനങ്ങളിൽ പ്രതിഫലിച്ചു തുടങ്ങി.
ഹോട്ടലുകൾ പൂർണതോതിൽ പ്രവർത്തിച്ചു തുടങ്ങുന്നതോടെ പച്ചക്കറി വില ഉയർന്ന തോതിലാകും. നിലവിൽ കുറഞ്ഞ ലോഡുകൾ മാത്രമാണ് അധികരിച്ച ചരക്കുകൂലി ഗൃഹോപകരണ വിപണിയിലും പ്രതിഫലിക്കും. കേന്ദ്ര, സംസ്ഥാന സർക്കാറുകൾ നികുതിയിൽ ഇളവ് നൽകാത്തതിൽ പ്രതിഷേധം ശക്തമാവുകയാണ്.അന്താരാഷ്ട്ര വിപണിയിൽ ബ്രെൻറ് ഇനം ക്രൂഡ് ഓയിൽ വീപ്പക്ക് ചൊവ്വാഴ്ച 75 ഡോളറിന് തൊട്ടടുത്തെത്തി. നിലവിൽ 74.42 ഡോളറിൽ നിൽക്കുന്നു. ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണ് 75 ഡോളർ. ഉപരോധം നീക്കിക്കിട്ടാൻ യു.എസ് പ്രസിഡൻറിനെ കാണാൻ തയാറല്ലെന്ന് ഇറാനിലെ പുതിയ പ്രസിഡൻറ് പ്രഖ്യാപിച്ചത് വിപണിയിൽ വില വർധനക്ക് കാരണമായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.