ജലമിറങ്ങിയ വഴിയിലൂടെ...
text_fieldsമലയോര മേഖലയായ നിലമ്പൂരിനെയും പരിസരപ്രദേശങ്ങളെയും ദുരിതത്തിലേക്ക് ഒഴുക്കിക്കൊണ്ടുപോയത് ചാലിയാറിെൻറ കൈവഴികളായ കാഞ്ഞിരപ്പുഴയും കുറുവൻ പുഴയും കുതിരപ്പുഴയുമാണ്. പുറമെയാണ് പന്തീരായിരം മലവാരം, വാളാന്തോട്, ആഡ്യൻപാറ, ചെട്ടിയംപാറ എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലുകൾ. ആറു ജീവനുകൾ കവർന്നാണ് അത് പിൻവാങ്ങിയത്. 27 ഇടങ്ങളിലാണ് ഉരുൾപൊട്ടിയത്. മലവെള്ളപ്പാച്ചിലിെൻറ അനന്തരഫലമനുഭവിച്ചത് ചാലിയാറിെൻറ തീരത്തുള്ളവരായിരുന്നു. പ്രളയജലം തള്ളിയ ചളിയുടെയും മരക്കഷ്ണങ്ങളുടെയും കൂമ്പാരങ്ങൾ കാണണമെങ്കിൽ കാഞ്ഞിരപ്പുഴയുടെ തീരത്തെ നമ്പൂരിപ്പൊട്ടിയിലെത്തിയാൽ മതി. കൂടുതൽ കെടുതിക്കിരയായ ചാലിയാർ പഞ്ചായത്തിലാണ് ഇൗ പ്രദേശം. നമ്പൂരിപ്പൊട്ടിയെയും മതിൽമൂലയെയും വേർതിരിക്കുന്ന പാലത്തിനിപ്പുറമുള്ള ഒമ്പതു വീടുകൾ മാലിന്യ മലകൾക്കിടയിലാണിപ്പോൾ. പരേതനായ നാലകത്ത് അഹമ്മദ് കുട്ടിയുടെ ഇരുനില വീടും പറമ്പും അതിെൻറ ഭീകരത കാണിച്ചുതരും. അഹമ്മദ്കുട്ടിയുടെ മകൻ ഖത്തർ ടെലികോം ജീവനക്കാരനായ നസീഫും കുടുംബവുമാണ് ഒരേക്കർ സ്ഥലത്തെ വീട്ടിൽ താമസിക്കുന്നത്. വീടിന് പിറകിലായി പുഴയോട് ചേർന്ന പറമ്പ് ഒരാൾ ഉയരത്തിൽ മണ്ണും മണലും വന്നടിഞ്ഞ് പുതിയ രൂപത്തിലായി. മണ്ണടിഞ്ഞ് കവുങ്ങുകളെല്ലാം ചീഞ്ഞുതുടങ്ങി.
വീട്ടിലേക്ക് നിർമിച്ച റോഡ് വെള്ളത്തിെൻറ കുത്തൊഴുക്കിൽ വലിയ കിടങ്ങായി. ഖത്തറിൽനിന്ന് അവധിക്കെത്തിയ നസീഫ് വെള്ളത്തിൽ മുങ്ങിയ വീട്ടുസാധനങ്ങൾ വലിച്ചിട്ട് പുറത്തിരിപ്പുണ്ട്. ഇതിനേക്കാൾ ദയനീയമാണ് അയൽക്കാരുടെ സ്ഥിതി. “അവർ എങ്ങനെ അതിജീവിക്കുമെന്ന് ഒരു പിടിയുമില്ല. എല്ലാവരും ബന്ധുവീടുകളിലാണിപ്പോഴും” -നസീഫ് പറഞ്ഞു. കാരണം അവർ മടങ്ങിയെത്തിയിട്ടും കാര്യമില്ല. വീട്ടിൽ ഒന്നുമില്ല. പുഴയോരത്തെ ചക്കുങ്ങൽ വാപ്പുട്ടിയുടെ വീടിെൻറ മുറ്റത്ത് രണ്ടിടങ്ങളിലായി മരക്കഷ്ണങ്ങളുെടയും പ്ലാസ്റ്റിക് സാധനങ്ങളുടെയും വലിയ മലതന്നെയുണ്ട്. തൊട്ടടുത്ത മൂന്ന് വീടുകൾ ഏറെക്കുറെ പൂർണമായി തകർന്നു.
കരിങ്കൽ തറകൾ തുരന്ന് ജനലും വാതിലുമൊക്കെ അടർത്തിയെടുത്താണ് വെള്ളമിറങ്ങിയത്. ഒരുവീടിെൻറ സിറ്റൗട്ട് ഉണ്ടായിരുന്ന ഭാഗത്ത് കുറെ വെട്ടുകല്ലുകൾ മാത്രം നനഞ്ഞുകുതിർന്ന് കിടക്കുന്നു. തൊട്ടുപിറകിലായി മുൻഭാഗം തകർന്ന് വലിയ പരിക്കുകളില്ലാതെ ബാക്കിയായ ആലിക്കൽ റുഖിയയുടെ വീട് സന്നദ്ധ പ്രവർത്തകർ പുനർനിർമിക്കാൻ തുടങ്ങിയിട്ടുണ്ട്. സർവം നശിപ്പിച്ച പ്രളയദിനത്തിൽ കാഞ്ഞിരപ്പുഴ മതിമറന്ന് ഒഴുകിയത് ഇൗ വീട്ടുകാരുടെ നെഞ്ചത്തുകൂടെയായിരുന്നു. മലവെള്ളം പിൻവാങ്ങിയിട്ടും മാനം തെളിഞ്ഞിട്ടും നമ്പൂരിപ്പൊട്ടിയിലുള്ളവരുടെ ജീവിതത്തിൽ ഇനിയും വെയിലുദിച്ചിട്ടില്ല.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
