തോരാ ദുരിതം; മഴയിൽ കനത്ത നഷ്ടം, അഞ്ച് മരണംകൂടി
text_fieldsമഴ ശക്തമായതോടെ കടലും കലിയിലാണ്. കടൽക്ഷോഭത്തിൽ തിരുവനന്തപുരം വലിയതുറ കടൽപാലത്തിന് മുകളിലൂടെ ആഞ്ഞടിക്കുന്ന തിരമാല -പി.ബി. ബിജു
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്രമഴയുടെ ശക്തി കുറഞ്ഞെങ്കിലും മഴക്കെടുതിയും പ്രളയദുരിതവും രൂക്ഷമായി തുടരുന്നു. വിവിധ അപകടങ്ങളിൽ ഞായറാഴ്ച അഞ്ച് പേർ കൂടി മരിച്ചതോടെ സംസ്ഥാനത്ത് രണ്ടു ദിവസത്തെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 15 ആയി ഉയർന്നു. വിവിധ ജില്ലകളിലായി ആറു പേരെ കാണാനില്ലെന്നാണ് സര്‍ക്കാറിന്റെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.
കണ്ണൂർ കൂത്തുപറമ്പിൽ തോട്ടിൻകരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൈതേരി ഇടത്തിൽ രാരിഷ് (45), തിരുവനന്തപുരത്ത് വിഴിഞ്ഞം, മുതലപ്പൊഴി എന്നിവിടങ്ങളിൽനിന്ന് കാണാതായ മത്സ്യത്തൊഴിലാളികളായ അഞ്ചുതെങ്ങ് സ്വദേശി ഫ്രീമോൻ (26), അടിമലത്തുറ സ്വദേശി ആന്റണി (60), പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തിൽ വീണ് ഭാനുപ്രിയ (40), കുളത്തിൽ വീണ് ബിരുദ വിദ്യാർഥിയായ മലപ്പുറം മഞ്ചേരി കരിക്കാട് സ്വദേശി ശ്രീഹരി (19) എന്നിവരാണ് മരിച്ചത്.
കൊല്ലം, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ കടലിൽ കാണാതായ ആറുപേർക്കായി തിരച്ചിൽ തുടരുകയാണ്. കനത്ത മഴയിൽ പത്തനംതിട്ട റാന്നിയിൽ വെള്ളം ഇറങ്ങിയെങ്കിലും ആറന്മുളയും അപ്പർ കുട്ടനാടും ഇപ്പോഴും വെള്ളക്കെട്ടിൽതന്നെയാണ്. മഴയുമായി ബന്ധപ്പെട്ട് വിവിധ അപകടങ്ങളിൽ പരിക്കേറ്റ 13 പേർ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. മഴക്കെടുതിയിലും മരങ്ങള്‍ കടപുഴകിയും സംസ്ഥാനത്ത് ഞായറാഴ്ച വൈകീട്ട് വരെ 323 വീടുകള്‍ തകര്‍ന്നു. 30 വീടുകള്‍ പൂര്‍ണമായും 293 എണ്ണം ഭാഗികമായും തകര്‍ന്നു. സംസ്ഥാനത്തെ 273 ദുരിതാശ്വാസ ക്യാമ്പുകളിലായി 7674 പേരാണ് കഴിയുന്നത്. 3049 പുരുഷന്മാരും 3249 സ്ത്രീകളും 1406 കുട്ടികളുമാണ് ക്യാമ്പുകളില്‍ കഴിയുന്നത്.
പല ക്യാമ്പുകളിലും ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങളില്ലെന്ന പരാതിയും ദുരിതബാധിതരുടെ ഭാഗത്തുനിന്ന് ഉയരുന്നുണ്ട്. അതേസമയം, സംസ്ഥാനത്ത് അതിശക്ത മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം.
ശക്തമായ മഴ തുടരും; യെല്ലോ അലെർട്ട്
തിരുവനന്തപുരം: ന്യൂനമർദപാത്തിയുടെയും ചക്രവാതച്ചുഴിച്ചുഴിയുടെയും സ്വാധീനഫലമായി കേരളത്തിൽ ആറുവരെ നേരിയതോ മിതമായതോ ആയ മഴക്ക് സാധ്യത. മൂന്ന്, ആറ് തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവിൽ വരുംദിവസങ്ങളിൽ ജില്ലകളിൽ ഓറഞ്ച് അലർട്ടില്ല.
തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, ആറിന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലെർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം.
അതേസമയം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഞായറാഴ്ച ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

