കൊടുത്തിട്ടും തീരാതെ...
text_fieldsരാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും കേരളത്തിലേക്കു പ്രവഹിച്ച പ്രളയദുരിതാശ്വാസ വസ്തുക്കൾ വിതരണം ചെയ്ത് ബാക്കിയായവ ഇനിയുമേറെ. വിവിധ ജില്ലകളിലെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്ന സാമഗ്രികൾ കൈകാര്യം ചെയ്യാനാകാതെ കുഴങ്ങുകയാണ് അധികൃതർ. ബാക്കി വന്നവ പട്ടികജാതി കോളനികളിലും അംഗൻവാടികളിലും വിതരണം ചെയ്യാൻ സർക്കാർ ഉത്തരവിട്ടിരിക്കുന്നതാണ് ഇതു സംബന്ധിച്ച പുതിയ വാർത്ത.
കോട്ടയം ജില്ലയിൽ ടൺകണക്കിന് സാധനങ്ങൾ കോട്ടയം ബസേലിയസ് കോളജിലെ സംഭരണ കേന്ദ്രത്തിൽ കെട്ടിക്കിടക്കുന്നു. തരംതിരിച്ച് സാധനങ്ങൾ പാക്ക് ചെയ്യാൻ ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് ഇതിന് കാരണം. ഇൗ മാസം ആറിനുശേഷം 44 ലോഡ് സാധനങ്ങളാണ് ജില്ലയിൽ എത്തിയത്. ഇതുവരെ 1200 ടൺ സാധനങ്ങൾ എത്തിയെന്നാണ് പ്രാഥമിക കണക്ക്. ആഗസ്റ്റ് 16ന് ആരംഭിച്ച ക്യാമ്പിൽ തിരക്കൊഴിഞ്ഞു. ഇൗ മാസം 16ന് എം.ജി സർവകലാശാല പരീക്ഷ ആരംഭിക്കുന്നതിന് മുന്നോടിയായി ഒാഡിറ്റോറിയം വിട്ടുനൽകേണ്ടിവരും. ഇതിനുള്ളിൽ സാധനങ്ങൾ പാക്ക് ചെയ്ത് തീരുമോയെന്ന ആശങ്കയുണ്ട്. ദിനേന വിവിധ സംസ്ഥാനങ്ങളിൽനിന്നടക്കം ടൺകണക്കിന് സാധനങ്ങൾ ഇപ്പോഴും എത്തുന്നുണ്ട്.
പൂർണമായും വിതരണം ചെയ്യാനാകാതെ അളവറ്റ സാധനങ്ങൾ കൊണ്ട് വീർപ്പുമുട്ടുകയാണ് ആലപ്പുഴ എസ്.ഡി കോളജ് കാമ്പസ്. ജില്ലയിലെ മുഴുവൻ ദുരിതാശ്വാസ പ്രവർത്തനങ്ങളും സാധനങ്ങളുടെ വിതരണവും ഏകോപിപ്പിച്ചിരുന്നത് ഇവിടെനിന്നാണ്. കോളജ് കാമ്പസിൽ സാധനങ്ങൾ സൂക്ഷിക്കാൻ വമ്പൻ പന്തലും ഒരുക്കിയിരുന്നു. ഞായറാഴ്ചയാണ് പ്രവർത്തനങ്ങൾ ഭാഗികമായി അവസാനിപ്പിച്ച് പന്തൽ പൊളിച്ചുനീക്കി തുടങ്ങിയത്. ലോഡ് കണക്കിന് പ്ലാസ്റ്റിക് ഷീറ്റ് ഇപ്പോഴും കാമ്പസിന് മുന്നിൽ കൂട്ടിയിരിക്കുകയാണ്. ഇത് ദുരിതാശ്വാസത്തിന് ഉപകരിക്കാത്തതിനാൽ തണ്ണീർമുക്കം ബണ്ടിൽ ഉപയോഗിക്കാനാണ് തീരുമാനം. കലക്ടറേറ്റാണ് സാധനങ്ങൾ സൂക്ഷിക്കുന്ന മറ്റൊരു കേന്ദ്രം. ഇവിടെയും പ്ലാസ്റ്റിക് കൂട്ടി ഇട്ടിട്ടുണ്ട്.
മറ്റു സംസ്ഥാനങ്ങളിൽനിന്നെത്തിച്ച ഒേട്ടറെ സാധനങ്ങൾ തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേനിൽ കെട്ടിക്കിടക്കുന്നുണ്ട്. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ പത്തിടങ്ങളിലാണ് സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്. അരി ഉൾപ്പെടെ ഭക്ഷ്യധാന്യങ്ങൾ ചാക്കുകൾ പൊട്ടിയനിലയിലാണ്. വലിയ കെയ്സുകളിലെ കുടിവെള്ളക്കുപ്പികളെല്ലാം പൊട്ടിച്ചെടുത്ത് നിരത്തിയിട്ടിരിക്കുന്നു.
ബിലാസ്പൂരിൽനിന്ന് മാത്രം എട്ട് വലിയ ബണ്ടിലുകളിലായി തുണിത്തരങ്ങളും ഏറ്റെടുക്കാൻ ആളില്ലാതെ ഇവിടെയുണ്ട്. ചില ബണ്ടിലുകൾ പൊട്ടിച്ചനിലയിലാണ്. കുടിവെള്ളം കൈയിൽ കിട്ടുന്നവരെല്ലാം കൈക്കലാക്കി പോകുന്ന കാഴ്ചയാണ് കാണാനാകുന്നത്. നേരത്തേ ട്രെയിൻമാർഗമെത്തിച്ച സാധനങ്ങൾ ജില്ല ഭരണകൂടം റെയിൽവേയുടെ കല്യാണമണ്ഡപത്തിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇവിടെ സ്ഥലമില്ലാത്തതിനാലാണ് സാധനങ്ങൾ പ്ലാറ്റ്ഫോമിൽ കെട്ടിക്കിടക്കുന്നതെന്നാണ് വിവരം. പ്രളയക്കെടുതിക്ക് പ്രത്യേക പരിഗണന നൽകി സൗജന്യമായി ട്രെയിൻമാർഗം സാധനമെത്തിക്കുന്നതിന് റെയിൽവേ സംവിധാനമൊരുക്കിയിട്ടുണ്ട്. ഇൗ സാധ്യത ഉപയോഗപ്പെടുത്തി ഇപ്പോഴും ലഗേജുകളെത്തുന്നുണ്ട്. ഇൗ മാസം 15ന് ഇൗ സൗജന്യ സംവിധാനം റെയിൽവേ അവസാനിപ്പിക്കും.
കോഴിക്കോട് റെയിൽവേ സ്റ്റേഷനിലും ധാരാളം വസ്തുക്കൾ കെട്ടിക്കിടക്കുന്നുണ്ട്. വ്യക്തമായ വിലാസമില്ലാത്തതും റെയിൽവേ നടപടികളിലെ കാലതാമസവുമാണ് ഇതിന് പ്രധാന കാരണം. കോഴിക്കോട് സ്റ്റേഷനിൽ 51 പാർസലുകൾ ഇനിയും ലക്ഷ്യസ്ഥാനത്തെത്തിയിട്ടില്ല. പുണെ വിദ്യാശ്രമം സ്കൂളിൽനിന്ന് അയച്ച 35 പാർസലുകളും ഗോവയിലെ മെഡിക്കൽ വിദ്യാർഥികൾ അയച്ച 16 പാർസലുകളുമാണ് രണ്ടാഴ്ചയോളമായി പാർസൽ ഗോഡൗണിൽ കെട്ടിക്കിടക്കുന്നത്.
ഇതിൽ കോഴിക്കോട് ജില്ല കലക്ടറുടെ പേരിലയച്ച എല്ലാ സാധനങ്ങളും കൈമാറിയെന്നും നൽകേണ്ടവരുടെ വിലാസം രേഖപ്പെടുത്താത്തവയാണ് ഗോഡൗണിൽ കെട്ടിക്കിടക്കുന്നതെന്നും ചീഫ് പാർസൽ സൂപ്പർവൈസർ രാഘവൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ഇപ്പോഴും വിവിധ ഭാഗങ്ങളിൽനിന്ന് സാധനങ്ങൾ എത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
