പുനർനിർമാണം: പണം കണ്ടെത്താൻ വിപുല പദ്ധതി; മന്ത്രിമാർ ഒക്ടോബറിൽ വിദേശത്തേക്ക്
text_fieldsതിരുവനന്തപുരം: പ്രളയക്കെടുതിയിലായ സംസ്ഥാന പുനർനിർമാണത്തിന് പണം കണ്ടെത്താൻ ധനസമാഹരണത്തിന് വിപുലമായ പദ്ധതിയുമായി സർക്കാർ. 14 വിദേശരാജ്യങ്ങൾക്ക് പുറമെ ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽനിന്ന് ധനശേഖരണം നടത്തും. സംസ്ഥാനത്തെ എല്ലാ ജില്ലയിൽനിന്നും മന്ത്രിമാരുടെ നേതൃത്വത്തിൽ ഫണ്ട് ശേഖരിക്കും. മുഴുവൻ വിദ്യാർഥികളിൽനിന്നും ധനശേഖരണം നടത്താനും മന്ത്രിസഭ യോഗം തീരുമാനിച്ചു.
ദുരിതാശ്വാസം, പുനരധിവാസം, പുനർനിർമാണം എന്നിവക്ക് വിഭവം കെണ്ടത്താൻ ലക്ഷ്യമിട്ടാണ് പ്രവാസി മലയാളികൾ ഏറെയുള്ള വിദേശരാജ്യങ്ങളിൽനിന്ന് ധനശേഖരണം നടത്തുന്നതെന്ന് മന്ത്രിസഭയോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ലോക കേരളസഭ അംഗങ്ങളെയും പ്രവാസി സംഘടനകളെയും സഹകരിപ്പിച്ചാകും ഇത്. ഇതിനുവേണ്ടി ഒരു മന്ത്രിയെയും ആവശ്യമായ ഉദ്യോഗസ്ഥരെയും നിയോഗിക്കും. യു.എ.ഇ, ഒമാൻ, ബഹ്റൈൻ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, സിംഗപ്പൂർ, മലേഷ്യ, ആസ്ട്രേലിയ, ന്യൂസിലൻഡ്, യു.കെ, ജർമനി, യു.എസ്.എ, കാനഡ എന്നീ രാജ്യങ്ങൾ ഇവർ ഒക്ടോബറിൽ സന്ദർശിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ധനസമാഹരണം നടത്തും.
രാജ്യത്തെ പ്രധാന നഗരങ്ങളിൽനിന്ന് പ്രവാസി സംഘടനകളുടെ സഹകരണത്തോടെ ധനശേഖരണം നടത്തും. ഇതിനും മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും പ്രത്യേക ചുമതല നൽകും.
എല്ലാ ജില്ലയിലും പ്രാദേശിക കേന്ദ്രങ്ങൾ നിശ്ചയിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഫണ്ട് സമാഹരിക്കും. ഏറ്റുവാങ്ങുന്നതിന് മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തി. െസപ്റ്റംബർ 10 മുതൽ 15 വരെയാകും ഇത്. മുന്നോടിയായി െസപ്റ്റംബർ മൂന്നിന് എല്ലാ ജില്ലയിലും കലക്ടർമാർ വകുപ്പ് മേധാവികളുടെ യോഗം വിളിക്കും. അഡീഷനൽ ചീഫ് സെക്രട്ടറിതലത്തിലുള്ള ഉദ്യോഗസ്ഥർ ഈ യോഗങ്ങളിൽ പങ്കെടുക്കും. ജില്ലകളിലെ ധനസമാഹരണത്തിന് ചുമതലപ്പെടുത്തിയ മന്ത്രിമാർ:
കാസർകോട് - ഇ. ചന്ദ്രശേഖരൻ, കണ്ണൂർ - ഇ.പി. ജയരാജൻ, കെ.കെ. ശൈലജ, വയനാട് - രാമചന്ദ്രൻ കടന്നപ്പള്ളി, കോഴിക്കോട് - ടി.പി. രാമകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ,
മലപ്പുറം - കെ.ടി. ജലീൽ, പാലക്കാട് -എ.കെ. ബാലൻ, തൃശൂർ - സി. രവീന്ദ്രനാഥ്, വി.എസ്. സുനിൽകുമാർ, എറണാകുളം -എ.സി. മൊയ്തീൻ (ഇ.പി. ജയരാജൻ സഹായിക്കും), ഇടുക്കി - എം.എം. മണി, കോട്ടയം - തോമസ് ഐസക്, കെ. രാജു, ആലപ്പുഴ - ജി. സുധാകരൻ, തിലോത്തമൻ, പത്തനംതിട്ട -മാത്യു ടി. തോമസ്, കൊല്ലം - മേഴ്സിക്കുട്ടിയമ്മ, തിരുവനന്തപുരം - കടകംപള്ളി സുരേന്ദ്രൻ.
സംസ്ഥാനത്തെ പ്രഫഷനൽ സ്ഥാപനങ്ങൾ അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് െസപ്റ്റംബർ 11ന് ധനസമാഹരണം നടത്തും. ഇതിന് പൊതുവിദ്യാഭ്യാസ, ഉന്നതവിദ്യാഭ്യാസ വകുപ്പുകളെ ചുമതലപ്പെടുത്തി.
ഉള്ളവരും ഇല്ലാത്തവരും അവരവരുടെ കഴിവിനനുസരിച്ചും കഴിവിനപ്പുറവും നാടിനെ സഹായിക്കാൻ മുന്നോട്ടുവരുന്നത് വലിയ ആത്മവിശ്വാസം പകരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആഗസ്റ്റ് 30 വരെ 1026 കോടി രൂപ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ചു. 4.17 ലക്ഷം പേർ ഓൺലൈൻ വഴിയാണ് സംഭാവന നൽകിയത്. മഹാദുരന്തത്തെ അതിജീവിക്കുന്നതിലും നാം ലോകത്തിന് മാതൃകയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
