‘സഹായപ്രളയ’ത്തിൽ സംഭരണ കേന്ദ്രങ്ങൾ
text_fieldsദുരിതാശ്വാസ സാധനങ്ങൾ സംഭരിക്കാനും വിതരണം ചെയ്യാനുമുള്ള സംവിധാനത്തിെൻറ അപര്യാപ്തത മൂലം ഭക്ഷ്യവസ്തുക്കളടക്കം ഒേട്ടറെ സാധനസാമഗ്രികൾ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ കെട്ടിക്കിടക്കുന്നു. ചിലയിടത്ത് സാധനങ്ങൾ കേടാവുന്ന സംഭവങ്ങളുണ്ടായി. പ്രളയബാധിതരില്ലാത്ത മേഖലകളിൽ കെട്ടിക്കിടക്കുന്ന സാധനങ്ങൾ പാവപ്പെട്ടവർക്ക് വിതരണം ചെയ്യാനൊരുങ്ങുകയാണ് ചില ജില്ലാ ഭരണാധികാരികൾ. വിവിധ ജില്ലകളിലെ പ്രളയ ദുരിതാശ്വാസ സാമഗ്രികളുടെ സംഭരണ വിതരണ സംവിധാനങ്ങളിലേക്ക് ഒരു അന്വേഷണം...
രക്ഷക്കെത്തി ജില്ലാ ഭരണകൂടം
തിരുവനന്തപുരം: പ്രളയബാധിതർക്കായി കസ്റ്റംസ് ക്ലിയറൻസ് കാത്ത് വിമാനത്താവളത്തിൽ കെട്ടിക്കിടന്ന സാധനസാമഗ്രികൾ നീക്കം ചെയ്തുതുടങ്ങി. ജില്ലഭരണകൂടം സാധനങ്ങൾ ഏറ്റെടുത്ത് നൽകാൻ തയാറായതോടെയാണ് പ്രതിസന്ധി അയഞ്ഞത്. പ്രളയബാധിതർക്കായി കൊണ്ടുവന്ന കോടികളുടെ വിദേശസാധനങ്ങളാണ് കുേറദിവസങ്ങളായി തിരുവനന്തപുരം വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ലക്സില്‍ ക്ലിയറൻസ് കാത്ത് കിടന്നത്.
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വിദേശത്ത് നിന്ന് എത്തുന്ന സാധനങ്ങൾ ജില്ലഭരണകൂടം നേരിട്ട് ഏറ്റെടുത്ത് നൽകണമെന്ന നിർേദശം വന്നതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. മിക്കവരും വിദേശത്ത് നിന്ന് അയച്ചത് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേരിലാണ്. അങ്ങനെ വന്നവക്ക് കസ്റ്റംസ് ക്ലിയറൻസ് ലഭിക്കാൻ തടസ്സമായി. ഇതോടെയാണ് ഇവ കെട്ടിക്കിടക്കാൻ തുടങ്ങിയത്. എല്ലാ സാധനങ്ങളും ഉടൻതന്നെ മാറ്റുമെന്ന് എ.ഡി.എം കെ.വി. വിനോദ് അറിയിച്ചു. അതേസമയം, ഗൾഫ് രാജ്യങ്ങളിൽ നിന്ന് കോടികളുടെ സാധനങ്ങൾ ദിനംപ്രതി വീണ്ടും എത്തുകയാണ്. വ്യാഴാഴ്ച വരെ ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും ഉള്‍പ്പെടെ 40 ടണ്ണോളം സാധനങ്ങളാണ് കാർഗോ കോംപ്ലക്സിൽ കിടന്ന് നശിക്കുന്ന അവസ്ഥയിലേക്ക് എത്തിയത്.
കുവൈത്ത്, ബഹ്റൈൻ, ഒമാന്‍ തുടങ്ങി ഗള്‍ഫ് രാജ്യങ്ങളിലും മറ്റ് വിദേശ രാജ്യങ്ങളിലും നിന്ന് എത്തിച്ച സാധനങ്ങളാണ് ഏറെയും. പലതും പ്രളയക്കെടുതി ആരംഭിച്ച സമയത്തുതന്നെ തലസ്ഥാനത്ത് എത്തിച്ചവയാണ്. ഭക്ഷ്യവസ്തുക്കളില്‍ പലതും ഇപ്പോള്‍ത്തന്നെ നശിച്ചു കഴിഞ്ഞതായാണ് വിവരം. തുടക്കത്തില്‍ ഇത്തരത്തില്‍ എത്തുന്ന സാധനങ്ങള്‍ ഏറ്റെടുത്ത് വിതരണം നടത്താന്‍ ജില്ലഭരണകൂടം അനുമതിക്കത്ത് നല്‍കിയിരുന്നു. എന്നാൽ, ജില്ല ഭരണകൂടത്തിെൻറ ക്ലിയറന്‍സ് കത്തുമായി എത്തിയവരെ വിവിധ കാരണങ്ങള്‍ പറഞ്ഞ് കസ്റ്റംസ് അധികൃതര്‍ മടക്കി. പിന്നീട് പലർക്കും ഇത്തരത്തില്‍ എത്തിയ സാധനങ്ങള്‍ ഇറക്കാൻ നിരവധി കടമ്പകൾ കടക്കേണ്ടതായി വന്നു. ഇൗ വിഷയം ‘മാധ്യമം’ വാർത്തയാക്കിയതിെൻറ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമീഷനും ഇടപെടുകയുണ്ടായി. തുടർന്നാണ് ജില്ലഭരണകൂടം നേരിട്ട് സാധനങ്ങൾ ഏറ്റെടുക്കാൻ തയാറായത്.
ഇടത്താവളമായി പാലക്കാട്; കയറ്റിയയച്ചത് 700 ടൺ
പാലക്കാട്: ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയ സാധനങ്ങൾ സവീകരിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ഇടത്താവളമായി പാലക്കാട്. ജില്ലയിലെ ആവശ്യം കഴിഞ്ഞതിന് ശേഷം 700 ടൺ വസ്തുക്കളാണ് ഇതര ജില്ലകളിലേക്ക് അതത് ജില്ലകളിലെ തഹസിൽദാർമാരുടെ ആവശ്യമനുസരിച്ച് കയറ്റി അയച്ചത്. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, തൃശൂർ എന്നിവിടങ്ങളിലേക്കാണ് കൂടുതൽ പോയത്. വ്യാഴാഴ്ച എറണാകുളം ജില്ലയിലേക്ക് അവശ്യ സാധനങ്ങളടങ്ങിയ 3,200 കിറ്റുകളാണ് എത്തിച്ചത്. ബാക്കിവരുന്നവ ജില്ലയിലെ ദുരിതബാധിതർക്ക് വിതരണം ചെയ്യും. വ്യാഴാഴ്ച മാത്രം 14 ടൺ സാധനങ്ങൾ എത്തി.
ആദ്യഘട്ടത്തിൽ കലക്ടറേറ്റിൽ ശേഖരിക്കാൻ സൗകര്യമൊരുക്കിയെങ്കിലും സാധനങ്ങളുടെ ഒഴുക്ക് കാരണം ഇൻഡോർ സ്റ്റേഡിയത്തിലേക്ക് മാറ്റി. ജില്ലയിൽ സംഭരണത്തിനും വിതരണത്തിനും ഇതുവരെ പ്രശ്നങ്ങളുണ്ടായിട്ടില്ലെന്ന് ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരും പറയുന്നു. ജില്ല ഭരണകൂടത്തെ അറിയിച്ച് എത്തിക്കുന്ന എല്ലാ സാധനങ്ങളും അപ്പപ്പോൾതന്നെ സംഭരണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും സാധനങ്ങൾ കെട്ടിക്കിടക്കുന്ന അവസ്ഥയില്ല. വരുന്നവയുടെയും അയക്കുന്നവയുടെയും രേഖകൾ സൂക്ഷിക്കുന്നുണ്ട്.
ഓൺലൈൻ സംവിധാനത്തിലൂടെ വിവരങ്ങൾ രേഖപ്പെടുത്തുന്ന ചുമതല ജില്ല ഐ.ടി മിഷനാണ്. നിർവഹിക്കുന്നത്. ഇപ്പോഴും സാധനങ്ങൾ അമിതമായി എത്തുന്നത് പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. വസ്ത്രങ്ങൾ, പാത്രങ്ങൾ, നാപ്കിൻ, സോപ്പ്, ഭക്ഷ്യധാന്യങ്ങൾ, പാക്കറ്റ് ഭക്ഷണങ്ങളുമൊക്കെയാണ് ഇപ്പോൾ എത്തുന്നത്. ഇതിൽ ബ്രഡ് സൂക്ഷിക്കാൻ സാധിക്കാത്ത അവസ്ഥയുണ്ട്. ഇതിനിടെ, ലോറികൾ രാഷ്ട്രീയ പാർട്ടികളും സംഘടനകളും പിടിച്ചെടുത്ത സംഭവങ്ങളുമുണ്ടായതായി ഉദ്യോഗസ്ഥർ പറഞ്ഞു.
കണ്ണൂരിൽ നിന്ന് പോയത് 95 ട്രക്കുകൾ
കണ്ണൂർ: പ്രളയബാധിതർക്കുള്ള സാമഗ്രികൾ സ്വീകരിക്കാൻ കണ്ണൂർ ജില്ലയിൽ ഒരുക്കിയ ശേഖരണകേന്ദ്രങ്ങളിലേക്കുള്ള സഹായപ്രവാഹം നിലക്കുന്നില്ല. കലക്ടേററ്റിലെ ശേഖരണകേന്ദ്രത്തിൽ വ്യക്തികളും വിവിധ സ്ഥാപനങ്ങളും എത്തിച്ച സാധനങ്ങൾ കൂട്ടിയിട്ടിരിക്കുകയാണ്. ഇരിട്ടി, തളിപ്പറമ്പ്, തലശ്ശേരി താലൂക്ക് ഒാഫിസുകളിലും സാധനങ്ങൾ ശേഖരിച്ചിരുന്നു. താലൂക്ക് ഒാഫിസുകളിലെ ശേഖരണകേന്ദ്രങ്ങൾ അടച്ചശേഷം ഇവയും കലക്ടേററ്റിലേക്കെത്തിച്ചു. ജില്ലയുടെ ആവശ്യം കഴിഞ്ഞതോടെ ഇവ തെക്കൻ ജില്ലകളിലേക്ക് അയക്കാൻ തുടങ്ങിയിരുന്നു.
ഇത്തരത്തിൽ 650 ടണ്ണിലധികമാണ് ഒരു കണ്ടെയ്നർ ഉൾപ്പെടെ 95 ട്രക്കുകളിലായി വിവിധ പ്രളയബാധിത പ്രദേശങ്ങളിലേക്ക് കണ്ണൂരിെൻറ കരുതലായി എത്തിയത്. വയനാട്, മലപ്പുറം, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലേക്കാണ് കണ്ണൂരിൽനിന്ന് സാധനങ്ങൾ കയറ്റിയയച്ചത്. 50 ടണ്ണോളം നിലവിൽ ബാക്കിയുണ്ട്. ഇവ ജില്ലയിലെ ആദിവാസി കോളനികൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ എത്തിച്ചുനൽകാനാണ് ആേലാചിക്കുന്നത്.
കെട്ടിക്കിടന്നത് മൂന്നു ദിവസം; വെള്ളിയാഴ്ച കൊണ്ടുപോയി
കോട്ടയം: മൂന്നുദിവസമായി കോട്ടയം റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ കിടന്ന ഭക്ഷ്യവസ്തുക്കൾ ഏറ്റെടുത്ത് കൊണ്ടുപോയത് വെള്ളിയാഴ്ചയാണ്. കോട്ടയം, ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനുകളിൽ ടൺകണക്കിന് വസ്തുക്കളാണ് ദിവസവും എത്തുന്നത്. അഹമ്മദാബാദ്, ഗുജറാത്ത്, മുംബൈ, ബംഗളൂരു, ഡൽഹി, ചെന്നൈ എന്നിവിടങ്ങളിൽനിന്നുള്ള. അരി, വസ്ത്രങ്ങൾ, കുടിവെള്ളം, ബിസ്കറ്റ്, പുതപ്പ്, മരുന്ന് എന്നിവയാണ് കൂടുതലും. ഇതുവരെ 50 ടൺ സാധനങ്ങൾ എത്തിയെന്നാണ് പ്രാഥമിക കണക്ക്. റെയിൽവേ സ്റ്റേഷനിൽ സാധനങ്ങൾ സ്വീകരിക്കാൻ ബന്ധപ്പെട്ടവർ എത്തുന്നില്ലെന്നാണ് ആക്ഷേപം. പോർട്ടർമാർ പ്ലാറ്റ്ഫോമിൽ സുരക്ഷിതമായി വെക്കുന്നുണ്ടെങ്കിലും മോഷണംപോകുന്നതായും പരാതിയുണ്ട്. പലതും പൊട്ടിയനിലയിലാണ്. സാധനങ്ങൾ കുറയുന്നുമുണ്ട്. കയറ്റിറക്കിന് ചുമട്ടുതൊഴിലാളികളെ കിട്ടാത്തതും കൂടുതൽ പണം ആവശ്യപ്പെടുന്നതും തലവേദനയാണ്.
എറണാകുളം കലക്ടറുടെ പേരിൽ കൊച്ചിയിൽ ഇറക്കാൻ അഹമ്മദാബാദ് ജില്ല പഞ്ചായത്ത് ട്രെയിനിൽ കൊടുത്തുവിട്ട സാധനങ്ങളാണ് സാേങ്കതികതടസ്സത്തിൽ േകാട്ടയത്ത് ഇറക്കിയത്. അരി, പരിപ്പ്, ബിസ്കറ്റ്, വസ്ത്രങ്ങൾ, കുടിവെള്ളം, മരുന്ന് തുടങ്ങിയവയായിരുന്നു ഇതിൽ. രണ്ടാംനമ്പർ പ്ലാറ്റ്ഫോമിൽ റെയിൽവേ െപാലീസിെൻറ കാവലിൽ സൂക്ഷിച്ച സാധനങ്ങൾ വെള്ളിയാഴ്ച രാവിലെ എറണാകുളം കലക്ടർ ചുമതലപ്പെടുത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് ഏറ്റുവാങ്ങിയത്. വനംവകുപ്പ് അസി. കൺസർവേറ്റർ ഒാഫിസർ സുമാ ജോസഫ്, ചെങ്ങന്നൂർ റേഞ്ച് ഒാഫിസർ എം.എൻ. ഗണേഷ്, ഹരിലാൽ എന്നിവരുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ, കുട്ടനാട് മേഖലകളിൽ വിതരണത്തിന് ലോറിയിൽ െകാണ്ടുപോയി. വീടുകളിൽ വിതരണത്തിന് ക്രമീകരണം ഏർപ്പെടുത്തിയതായി ഏറ്റെടുത്ത ഉദ്യോഗസ്ഥർ ‘മാധ്യമ’ത്തോട് പറഞ്ഞു.
കാലിചാക്കുകളുടെ ക്ഷാമത്തിൽ കോട്ടയം ബസേലിയസ് കോളജിലെ കേന്ദ്രത്തിൽ സാധനങ്ങൾ കെട്ടിക്കിടക്കുകയാണ്. അതിനാൽ ദുരിതാശ്വാസക്യാമ്പിൽനിന്ന് വീട്ടിലേക്ക് മടങ്ങിയവർക്കുള്ള കിറ്റുവിതരണം പാതിവഴിയിൽ മുടങ്ങി. അരിയും വെളിച്ചെണ്ണയും ഉൾപ്പെടെ 22 ഇനങ്ങൾ കിറ്റാക്കാൻ 3000ത്തോളം കാലിച്ചാക്കുകൾ കിട്ടാതെ വൈക്കം താലൂക്കിലെ വിതരണമാണ് മുടങ്ങിയത്.
സൂക്ഷിക്കാൻ ഇടമില്ല
തൊടുപുഴ: പ്രളയബാധിതര്‍ക്കായി അവശ്യസാധനങ്ങളുടെ ഒഴുക്ക് ഇടുക്കിയിൽ ഇപ്പോഴും തുടരുേമ്പാഴും സൂക്ഷിച്ചുവെക്കാൻ ഇടമില്ലാതെ അധികൃതർ വലയുന്നു. തൊടുപുഴ, കട്ടപ്പന തുടങ്ങിയ കലക്ഷൻ സെൻററുകളിലും കലക്ടറേറ്റുകളിലും സാധനങ്ങൾ കുന്നുകൂടുകയാണ്. ജില്ലയിലെ ദുരിതാശ്വാസകേന്ദ്രങ്ങളിൽ ആവശ്യമായവ എത്തിച്ച ശേഷം കുറേ മറ്റ് ജില്ലകളിലേക്ക് അയച്ചിട്ടും സാധനങ്ങൾ ബാക്കിയുണ്ട്. പുതപ്പുകൾ, അരി, ഭക്ഷ്യവസ്തുക്കൾ എന്നിവയാണ് പലയിടങ്ങളിലും കെട്ടിക്കിടക്കുന്നത്. ദിവസവും പുതിയ ലോഡുകൾ വരുന്നതായി റവന്യൂ ഉദ്യോഗസ്ഥർ പറയുന്നു. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമായി സാധനങ്ങൾ എത്തുന്നതായും ഇത് കൃത്യമായും വിതരണം ചെയ്തു വരുന്നതായും ഇടുക്കി കലക്ടർ കെ. ജീവൻ ബാബു ‘മാധ്യമ’ത്തോട് പറഞ്ഞു.
ഉത്തരവ് കാത്ത് അരിയും വെള്ളവും കൊല്ലം കലക്ടറേറ്റിൽ
കൊല്ലം: പ്രളയത്തെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്ക് സന്നദ്ധ സംഘടനകൾ അടക്കമുള്ളവർ നൽകിയ അരിയും വെള്ളവും സർക്കാർ ഉത്തരവ് കാത്ത് കൊല്ലം കലക്ടറേറ്റിൽ. 112 ക്യാമ്പുകളാണ് ജില്ലയിൽ പ്രവർത്തിച്ചിരുന്നത്. അവശേഷിക്കുന്നത് രണ്ടെണ്ണമാണ്. ഇവിടേക്കുള്ള സാധനങ്ങൾ ആവശ്യത്തിന് ഉണ്ട്. ഇനി കൊല്ലത്ത് ഇൗ സാധനങ്ങളുടെ ആവശ്യം ഇല്ലെന്നാണ് അധികൃതർ പറയുന്നത്. കലക്ടറേറ്റിലുള്ള അരിയും വെള്ളവും മറ്റുസ്ഥലങ്ങളിൽ വിതരണം ചെയ്യണമെങ്കിൽ സർക്കാർ ഉത്തരവ് വരണമത്രെ. കലക്ടറേറ്റിലെത്തിയ എല്ലാ സാധനങ്ങളും വിതരണം ചെയ്തെന്നും ബാക്കിയുള്ള അരിയുടെയും വെള്ളത്തിെൻറയും കാര്യത്തിൽ സർക്കാർ ഉത്തരവിനായി കാത്തിരിക്കുകയാണെന്നും അസിസ്റ്റൻറ് കലക്ടർ ഇലക്കിയ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
