പ്രളയ ധനസഹായം: മന്ത്രിമാരുടെ വിദേശയാത്രക്ക് അനുമതിയില്ല
text_fieldsതിരുവനന്തപുരം: നവകേരളനിർമാണത്തിന് ഫണ്ട് കണ്ടെത്താനുള്ള മന്ത്രിമാരുടെ വിദേശസന്ദർശനം അനിശ്ചിതത്വത്തിൽ. വിദേശസന്ദർശനത്തിനായി രണ്ടാഴ്ച മുമ്പ് കേന്ദ്ര വിദേശമന്ത്രാലയത്തോട് അനുമതി തേടിയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ ഒഴികെയുള്ളവർക്ക് ഇതുവരെ അനുമതിയായില്ല. കടുത്ത നിബന്ധനകളോടെയാണ് യു.എ.ഇ സന്ദർശനത്തിന് മുഖ്യമന്ത്രിക്ക് കേന്ദ്ര വിദേശകാര്യമന്ത്രാലയം അനുമതി നൽകിയത്. ഫയൽ വിദേശകാര്യമന്ത്രിയുടെ പക്കലാണെന്നാണ് വിവരം.
േപ്രാേട്ടാേക്കാൾ പ്രകാരം കേന്ദ്രമന്ത്രിക്കൊപ്പമാണ് മുഖ്യമന്ത്രിയുടെ സ്ഥാനം. അതുകൊണ്ടാണ് മുഖ്യമന്ത്രിക്ക് ഉപാധികളോടെയാണെങ്കിലും വേഗം അനുമതി നൽകിയത്. വിദേശമലയാളികളിൽനിന്നും മലയാളിസംഘടനകളിൽനിന്നും മാത്രം ഫണ്ട് ശേഖരിക്കുകയെന്ന നിബന്ധനയാണ് അനുമതിക്കൊപ്പമുള്ളത്. വിദേശരാജ്യങ്ങളുടെ സഹായം ഈ അവസരത്തിൽ സ്വീകരിക്കാനാകില്ല. നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഇളങ്കോവനും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസുമാണ് മുഖ്യമന്ത്രിക്കൊപ്പമുള്ളത്. പിണറായി വിജയൻ 17ന് അബൂദബി, 19ന് ദുബൈ, 20ന് ഷാർജ എന്നിവിടങ്ങൾ സന്ദർശിക്കും.17 മുതൽ 22 വരെയാണ് മന്ത്രിമാർ വിദേശരാജ്യങ്ങൾ സന്ദർശിക്കാൻ നിശ്ചയിച്ചിരുന്നത്. മന്ത്രിമാർക്കൊപ്പം വകുപ്പ് സെക്രട്ടറിമാരും ഉണ്ടാകും. അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ യാത്ര മാറ്റിെവക്കേണ്ടിവരും.
പ്രവാസിമലയാളികൾ, സംഘടനകൾ എന്നിവരിൽനിന്ന് പുനർനിർമാണ ഫണ്ടും വീടുകൾ നിർമിച്ചുനൽകാനുള്ള വാഗ്ദാനവും സ്വീകരിക്കുകയായിരുന്നു ലക്ഷ്യം. ലോക കേരള സഭാംഗങ്ങളായ വിദേശമലയാളികൾ പ്രതിനിധാനം ചെയ്യുന്ന സംഘടനകളുടെ ക്ഷണമനുസരിച്ചാണ് നയതന്ത്ര വിസയിൽ മന്ത്രിമാർ വിദേശസന്ദർശനത്തിന് അനുമതിതേടിയത്. എന്നാൽ, ചില മന്ത്രിമാരെ ക്ഷണിച്ച സംഘടനകൾ നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്ന റിപ്പോർട്ട് എംബസികളിൽനിന്ന് വിദേശകാര്യ മന്ത്രാലയത്തിന് ലഭിച്ചതായി പറയുന്നു.
എന്നാൽ, ഭൂരിഭാഗം മന്ത്രിമാരെയും ക്ഷണിച്ചത് അംഗീകൃത സംഘടനകൾ തന്നെയാണെന്നാണ് സർക്കാർ വിശദീകരണം. കഴിഞ്ഞ ബുധനാഴ്ച പതിവ് മന്ത്രിസഭായോഗത്തിനുശേഷം വിദേശരാജ്യസന്ദർശനം നടത്തുന്ന മന്ത്രിമാരെയും സെക്രട്ടറിമാരെയും മുഖ്യമന്ത്രി വിളിച്ചുചേർത്തിരുന്നു. ചില വിദേശരാജ്യങ്ങളിലെങ്കിലും പോകുന്നത് വൈകാൻ സാധ്യതയുണ്ടെന്ന സൂചന അദ്ദേഹം നൽകി. മന്ത്രിമാരുടെ വിദേശസന്ദർശനങ്ങളിലൂടെ 5000 കോടി രൂപയുടെ സഹായമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
