വൃദ്ധമന്ദിരത്തിൽ നിന്നും സഹായഹസ്തം; കണ്ണുനിറഞ്ഞ് മന്ത്രി
text_fieldsതൃശൂർ: തങ്ങളുടെ ചെറിയ വരുമാനത്തിൽ നിന്ന് മാറ്റിവെച്ച തുക നിറഞ്ഞ മനസ്സോടെയാണ് അവർ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. രാമവർമപുരത്തെ വൃദ്ധ മന്ദിരത്തിലെ അച്ഛനമ്മമാർ സമാഹരിച്ച 40,000 രൂപ പ്രയാമേറിയ അംഗമായ അമ്മിണിയമ്മയുടെ കൈകളിൽ നിന്നും ഏറ്റുവാങ്ങുമ്പോൾ കൃഷിമന്ത്രി സുനിൽകുമാറിെൻറ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. അച്ചാർ ഉണ്ടാക്കിയും ചിപ്സ് ഉണ്ടാക്കിയും ചവിട്ടി നെയ്തുമാണ് ചിലർ ദുരിതാശ്വാസ നിധിയിലേക്കുളള തുക സ്വരുക്കൂട്ടിയത്. അത്തരം ചെറിയ വരുമാനങ്ങൾ പോലും ഇല്ലാത്തവർ ഒരു മടിയും കൂടാതെ തങ്ങളുടെ വാർധക്യപെൻഷനിൽ നിന്നും ഒരു പങ്ക് ദുരിത ബാധിതർക്കായി മാറ്റിവെച്ചു. തങ്ങൾക്ക് മരുന്നിനും മറ്റ് ചെറിയ ആവശ്യങ്ങൾക്കുമായി മറ്റാരേയും ആശ്രയിക്കാനില്ലെന്ന ചിന്തയൊന്നും അവരെ അപ്പോൾ അലട്ടിയതേയില്ല.
ഓണവും വിഷുവുമൊക്കെ വൃദ്ധസദനത്തിൽ തന്നെയാണ് ഈ അന്തേവാസികൾ ആഘോഷിക്കുന്നത്. ഇവിടത്തെ അന്തേവാസികളും ജീവനക്കാരും തന്നെയാണ് ഇവരുടെ വീട്ടുകാർ. പതിവുപോലെ എല്ലാവരും കൂടി ഓണത്തിനൊരുങ്ങുമ്പോഴാണ് ആഘോഷം മാറ്റിവെച്ച് തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനെക്കുറിച്ച് ആലോചിച്ചത്. പിന്നെ മടിച്ചുനിന്നില്ല, എഴുപത്തോഞ്ചോളം അച്ഛനമ്മമാർ ചേർന്ന് ചെറിയ തുക സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയായിരുന്നു.
ജീവനക്കാരുടെ സഹായവും ഇവർക്ക് ലഭിച്ചു. ഈ നന്മയെ വാക്കുകൾ കൊണ്ട് വിവരിക്കാൻ സാധ്യമല്ലെന്ന് പണം ഏറ്റുവാങ്ങിയ മന്ത്രി സന്ദർശക രജിസ്റ്ററിൽ കുറിച്ചു.'മന്ത്രി എന്ന നിലയിൽ പലതരം സഹായങ്ങളും ഞാൻ ഏറ്റുവാങ്ങിയിട്ടുണ്ട്. ദുഖവും അനാഥത്വവും അനുഭവിക്കുമ്പോഴാണ് ഇവർ തങ്ങളുടെ കൊച്ചുസമ്പാദ്യങ്ങൾ സന്തോഷത്തോടുകൂടി തന്നത്. ഇതാണ് മനുഷ്യത്വം. ഇതാണ് ഏററവും വലിയ മഹത്വം. ഞാൻ ഈ അമ്മമാരുടെ കാൽ തൊട്ടുവന്ദിക്കുന്നു. സംസ്ഥാന സർക്കാരിെൻറ ഹൃദയം നിറഞ്ഞ നന്ദി' എന്ന് വി.എസ് സുനിൽകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
