ശബരിമലയിൽ പ്രളയം വിതച്ചത് വൻ നാശം; പമ്പയാർ ഗതിമാറി ഒഴുകുന്നു
text_fieldsപത്തനംതിട്ട: പ്രളയം ശബരിമലയിൽ വൻ നാശമാണ് വരുത്തിയത്. ഇപ്പോഴും ഭക്ഷണം ഇല്ലാതെ ആളുകൾ ഇവിടെ വിഷമിക്കുന്നു. പമ്പയിലേക്കുള്ള റോഡുകൾ തകർന്നത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. പമ്പ ത്രിവേണിയിൽ പാലങ്ങൾ മണ്ണുമൂടിയ നിലയിലാണ്. തടസ്സം മാറിയാൽ 23 മുതൽ തീർഥാടകരെ ശബരിമലയിലേക്ക് പ്രവേശിപ്പിക്കുമെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്.
തിരുവോണപൂജക്കായി 23നാണ് നട തുറക്കുന്നത്. എന്നാൽ, പൂജസാധനങ്ങളും ഭക്ഷണസാധനങ്ങളും എത്തിക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. ഇപ്പോഴും പമ്പയിൽ ശക്തമായ ഒഴുക്കാണ്. ത്രിവേണിയിൽ ഗതിമാറി ഒഴുകുന്ന പമ്പ കടന്നുപോകാൻ മാർഗമില്ല. ശക്തമായ ഒഴുക്ക് കാരണം വള്ളങ്ങളും ഇവിടെ ഉപയോഗിക്കാൻ കഴിയില്ല. പമ്പയിലെയും സന്നിധാനെത്തയും മിക്ക സാധനങ്ങളും തീർന്നിട്ടുണ്ട്. ഭക്ഷണസാധനങ്ങൾ തീർന്നതോടെ പമ്പയിൽ ഉണ്ടായിരുന്ന കുറെേപ്പരെ പുല്ലുമേട്, വണ്ടിപ്പെരിയാർ വഴി തിരിച്ചയച്ചിട്ടുണ്ട്. പമ്പാ ത്രിവേണിയിൽ മുഴുവൻ ചളി നിറഞ്ഞുകിടക്കുന്നത് വരുംദിവസങ്ങളിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കും.
അന്നദാന മണ്ഡപം, ശൗചാലയങ്ങൾ എന്നിവക്ക് കേടുപാടുണ്ട്. രാമമൂർത്തി മണ്ഡപം പാടെ ഒലിച്ചുപോയി. നദിയിലെ സംരക്ഷണ ഭിത്തികളും തകർന്നിട്ടുണ്ട്. കൂറ്റൻ മരങ്ങൾ വീണ് കിടപ്പുണ്ട്. തീർഥാടന പാതകളും തകർന്നു കിടക്കുകയാണ്. അട്ടത്തോട്, ചാലക്കയം ഭാഗങ്ങളിൽ റോഡ് ഇടിഞ്ഞിട്ടുണ്ട്. വാഹനങ്ങൾ കടന്നുപോകാൻ കഴിയാത്ത വിധം അപകടാവസ്ഥയിലാണ്. അടുത്ത മണ്ഡലം-മകരവിളക്ക് തീർഥാടനകാലത്തിന് മുമ്പായി ഇവ എല്ലാം പുനർനിർമിക്കണം. നാശനഷ്ടങ്ങൾ വിലയിരുത്താൻ 28ന് പമ്പയിൽ അവലോകന യോഗം ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
