പ്രളയമുഖത്തേക്ക് വീണ്ടും കൊല്ലത്തിന്റെ നാവികപ്പട; മത്സ്യത്തൊഴിലാളികൾ പത്തനംതിട്ടയിലേക്ക്
text_fieldsപത്തനംതിട്ട കോഴഞ്ചേരിയിലെ വെള്ളപ്പൊക്ക രക്ഷാപ്രവർത്തനങ്ങൾക്കായി കൊണ്ടുപോകാൻ കൊല്ലം വാടി മത്സ്യബന്ധന തുറമുഖത്തുനിന്ന് മത്സ്യബന്ധന വള്ളം ട്രക്കിൽ കയറ്റുന്നു
കൊല്ലം: 2018ലെ മഹാപ്രളയ കാലത്ത് സ്വജീവൻ പണയപ്പെടുത്തി നാടിന്റെ രക്ഷകരായി മാറിയ കൊല്ലത്തിന്റെ സ്വന്തം നാവികപ്പടയായ മത്സ്യത്തൊഴിലാളികൾ വീണ്ടും രക്ഷാദൗത്യത്തിനായി രംഗത്തിറങ്ങി. പത്തനംതിട്ട ജില്ലയിൽ ജലനിരപ്പുയർന്നും പ്രളയഭീതി രൂക്ഷമായും തുടരുന്ന സാഹചര്യത്തിലാണ് ദുരിതബാധിതർക്ക് തുണയാകാൻ കടലോരത്തെ മനുഷ്യസ്നേഹികൾ എത്തുന്നത്.
പ്രളയത്തിൽ അകപ്പെട്ട് ഒറ്റപ്പെട്ടവരെ സുരക്ഷിതരായി കരയിലെത്തിക്കാനും വെള്ളക്കെട്ടുകളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് ഭക്ഷണവും അവശ്യസാധനങ്ങളും എത്തിക്കാനുമാണ് ഇവർ ദൗത്യം ഏറ്റെടുത്തത്.
ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ആദ്യഘട്ടമെന്ന നിലയിൽ ഞായറാഴ്ച തന്നെ മൂന്ന് വള്ളങ്ങൾ റാന്നി മേഖലയിലേക്ക് തിരിച്ചു. ഇതിന്റെ തുടർച്ചയായാണ് തിങ്കളാഴ്ച പത്ത് വള്ളങ്ങൾകൂടി ആറന്മുള ലക്ഷ്യമാക്കി യാത്രതിരിച്ചത്. ആപത്തുകളിൽപെട്ടവരെ സുരക്ഷിതരായി പുറത്തെത്തിക്കാൻ നാൽപ്പതോളം മത്സ്യത്തൊഴിലാളികളാണ് വള്ളങ്ങൾ സഹിതം പുറപ്പെട്ടത്. സ്വന്തം ജോലിയും കുടുംബവും മാറ്റിവെച്ച് നാടിന്റെ ജീവനുവേണ്ടി ഇറങ്ങിയ ഇവരുടെ സാഹസികത കേരളത്തിന്റെ ഐക്യത്തിന്റെ വലിയ അടയാളം കൂടിയാവുകയാണ്.
ഇന്ധനത്തിനും മറ്റ് അനുബന്ധ കാര്യങ്ങൾക്കുമുള്ള മുഴുവൻ ചെലവും സർക്കാർ വഹിക്കുമെന്ന് അധികൃതർ ഉറപ്പുനൽകി. മന്ത്രി ബിന്ദു കൃഷ്ണ, കൊല്ലം മേയർ എ.കെ. ഹഫീസ്, ഡെപ്യൂട്ടി മേയർ ഉദയ സുകുമാരൻ എന്നിവരുടെ സാന്നിധ്യത്തിലാണ് വള്ളങ്ങൾ പുറപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

