ധനക്കമ്മി അനുപാതം പരിധി വിടുന്നു; കടമെടുപ്പിനെ ബാധിക്കും; ഗ്രാന്റിനെയും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തിന്റെ ധനക്കമ്മിയും ആഭ്യന്തര ഉൽപാദനവും തമ്മിലെ അനുപാതം അപകടകരമായ നിലയിൽ. 2022-23 വർഷം ഇത് 2.50 ശതമാനമായിരുന്നെങ്കിൽ 2023-24ൽ 2.99 ശതമാനമായാണ് ഉയർന്നത്. നടപ്പുവർഷം (2024-25) ഇത് 3.4 ശതമാനമാകുമെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട് അടിവരയിടുന്നു. ഫിസ്ക്കൽ റെസ്പോൺസിബിലിറ്റി ആക്ട് പ്രകാരം സംസ്ഥാനത്തിന്റ ധനക്കമ്മിയും ആഭ്യന്തര ഉൽപാദനവും തമ്മിലെ അനുപാതം മൂന്ന് ശതമാനം കവിയാൻ പാടില്ല.
ഈ പരിധി കടക്കുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക ബലഹീനതയായാണ് കണക്കാക്കുക. ഇതാകട്ടെ വായ്പകളെയും പലിശ നിരക്കിനെയുമടക്കം പ്രതികൂലമായി ബാധിക്കും. ധനക്കമ്മി അനുപാതം മൂന്നിൽ താഴെയായതിനാൽ 6.8 ശതമാനത്തിനും 7.2 ശതമാനത്തിനുമിടക്കുള്ള പലിശ നിരക്കിലാണ് കടമെടുപ്പ്. പരിധി കവിയുന്നതോടെ പലിശ നിരക്ക് എട്ട് ശതമാനവും അതിന് മുകളിലുമാകും. നിലവിലെ വായ്പ തുകയായ 36000 കോടിയുടെ എട്ട് ശതമാനം പലിശയെന്നത് വലിയ തുകയാണ്. സർക്കാർ ഗാരന്റികളുടെ റേറ്റിങ് കുറയുമെന്നതാണ് മറ്റൊരു പ്രശ്നം. ഒന്നാംനിര ധനകാര്യ സ്ഥാപനങ്ങൾ വായ്പ തരാത്ത സ്ഥിതിയുണ്ടാകും. സ്വാഭാവികമായും രണ്ടാംനിര സ്ഥാപനങ്ങളെ അശ്രയിക്കാൻ നിർബന്ധിതമാകും.
ധനക്കമ്മി അനുപാതം കൂടുന്നത് വായ്പ പരിധിയിലെ വെട്ടിക്കുറവിനും ഇടയാക്കും. കേന്ദ്രത്തിൽ നിന്നുള്ള റവന്യൂ ഡെഫിസിറ്റ് ഗ്രാന്റിന്റെ തോത് കുറയാനും കാരണമാകും. സർക്കാർ ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ നൽകാതെയും ട്രഷറി നീക്കിയിരിപ്പുകൾ കുറച്ചുമെല്ലാമുള്ള പൊടിക്കൈകളിലൂടെയാണ് ധനക്കമ്മി പിടിച്ചുനിർത്താനുള്ള ഇടപെടലുകൾ. ഇത്തരത്തിലെ ചവിട്ടിപ്പിടിക്കലുകളിലൂടെ ആനുകൂല്യങ്ങളിലെ കുടിശ്ശിക 30,000 കോടിയോളമാണ്. എന്നിട്ടും ധനകമ്മി പരിധി വിട്ടെന്നതാണ് ഗൗരവതരം.
മറ്റ് സംസ്ഥാനങ്ങളേക്കാൾ മെച്ചം; എങ്കിലും ദാരിദ്ര്യമുണ്ട്...
തിരുവനന്തപുരം: ദാരിദ്ര്യനിർമാർജനത്തിൽ കേരളം ഏറെ മുന്നോട്ടുപോയെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ ദാരിദ്ര്യം അനുഭവിക്കുന്നവർ ഉണ്ടെന്ന് സാമ്പത്തികാവലോകന റിപ്പോർട്ട്. പട്ടികജാതി-വർഗം, മത്സ്യത്തൊഴിലാളികൾ, മൺപാത്ര തൊഴിലാളികൾ, കരകൗശല തൊഴിലാളികൾ തുടങ്ങിയ വിഭാഗങ്ങളിലാണ് ദരിദ്രരുള്ളത്. നഗരങ്ങളിൽ പ്രതിദിനം 33 രൂപ ഇല്ലാത്തയാളെയും ഗ്രാമങ്ങളിൽ 27 രൂപ ഇല്ലാത്തയാളെയുമാണ് ദരിദ്രനായി പരിഗണിക്കുക. പ്രാദേശിക സർക്കാറുകൾ പദ്ധതികളിൽ പുതിയ ഉപജീവന സംരംഭങ്ങൾ നടപ്പാക്കുന്നത് വഴി മാത്രമേ ദാരിദ്ര്യം കുറക്കാനാവൂവെന്നും റിപ്പോർട്ട് വിരൽചൂണ്ടുന്നു. അതേസമയം നീതി ആയോഗ് റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും കുറവ് ദാരിദ്ര്യമുള്ള സംസ്ഥാനമാണ് കേരളമെന്ന കാര്യവും റിപ്പോർട്ട് അടിവരയിടുന്നു. ഭക്ഷണം, ആരോഗ്യം, വരുമാനം, പാർപ്പിടം എന്നീ നാല് പ്രധാന ക്ലേശ ഘടകങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് അതിദാരിദ്ര്യം നിർണയിക്കുന്നത്. സംസ്ഥാനത്ത് അതിദരിദ്രരായി കണ്ടെത്തിയ കുടുംബങ്ങളിൽ 58,273 പേർ വരുമാനക്കുറവുള്ളവരും 40,917 പേർ ആരോഗ്യപ്രശ്നങ്ങളുള്ളവരും 34,523 പേർ ഭക്ഷണക്കുറവുള്ളവരും 15,091 പേർ പാർപ്പിടമില്ലാത്തവരുമാണ്. അതിദരിദ്രരായി ഒരാളുമില്ലാത്ത ജില്ല കോട്ടയമാണ്. വയനാട്ടിലാണ് കൂടുതൽ അതിദരിദ്രർ.
പ്രതിശീർഷ ഉപഭോഗം: ഗ്രാമങ്ങളിൽ 5924 രൂപ; നഗരങ്ങളിൽ 7078 രൂപ
ഗ്രാമങ്ങളിലെ പ്രതിശീർഷ ഉപഭോഗച്ചെലവ് 5924 രൂപയും നഗരങ്ങളിലേത് 7078 രൂപയുമാണ്. നഗര ജീവിതത്തിന് ഉയർന്ന ചെലവുള്ള നാലാമത്തെ സംസ്ഥാനമാണ് കേരളം. പ്രതിശീർഷ ഉപഭോഗച്ചെലവിന്റെ കാര്യത്തിൽ നഗര-ഗ്രാമ വ്യത്യാസം കുറഞ്ഞ സംസ്ഥാനം കേരളമാണ്. ഗ്രാമങ്ങളിൽ മൊത്തം ഉപഭോഗച്ചെലവിൽ ഏറ്റവും കുറവ് വിഹിതം ഭക്ഷണത്തിന് ചെലവിടുന്നത് കേരളത്തിലാണ് -36 ശതമാനം. ഭക്ഷണം പ്രാഥമിക ചെലവിൽ ഉൾപ്പെടുന്നില്ലെന്ന് ഈ കണക്ക് സൂചിപ്പിക്കുന്നു.
റവന്യൂ വരവിൽ കുറവ്; നികുതി വരുമാനം കൂടി
സംസ്ഥാനത്തിന്റെ റവന്യൂ വരുമാനം തൊട്ടുമുൻ വർഷത്തെ അപേക്ഷിച്ച് കുറഞ്ഞതായി ബജറ്റ് രേഖകൾ അടിവരയിടുന്നു. 2022-23 വർഷത്തെ അപേക്ഷിച്ച് റവന്യൂ വരവ് 2023-24ൽ 8238.5 കോടി രൂപയാണ് കുറഞ്ഞത്. കേന്ദ്ര സർക്കാറിൽ നിന്നുള്ള 1539.60 കോടി രൂപയുടെ ഗ്രാൻഡ് എയ്ഡ് കുത്തനെ ഇടിഞ്ഞതാണ് ഇതിന് കാരണമെന്നാണ് വിശദീകരണം. സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ പ്രധാന ഘടകം തനത് നികുതി വരുമാനമാണ്. മുൻവർഷത്തെ അപേക്ഷിച്ച് നികുതി വരുമാനത്തിൽ വളർച്ച പ്രകടമാണ്. 2023-24 വർഷം തനത് നികുതി 74329.01 കോടി രൂപയായിരുന്നു. മുൻവർഷത്തെ 54.54 ശതമാനമായിരുന്നെങ്കിൽ 2023-24ൽ 59.71 ശതമാനമായാണ് ഉയർന്നത്. വർധനവ് 71968.16 കോടിയിൽനിന്ന് 74329.01 കോടി രൂപയിലേക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

