‘കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നു’; ഹരജിയുമായി കേരളം സുപ്രീംകോടതിയിൽ
text_fieldsസുപ്രീംകോടതി
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെ കൊമ്പുകോർക്കലുകൾക്കു പിന്നാലെ, കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കുന്നെന്ന ഹരജിയുമായി കേരളം സുപ്രീംകോടതിയിൽ. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതടക്കമുള്ള നടപടികളിൽ ഇടപടൽ ആവശ്യപ്പെട്ടാണ് ഹരജി നൽകിയത്.
സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന ആവശ്യത്തിൽ ഗവർണർ ചീഫ് സെക്രട്ടറിയിൽ നിന്ന് നിലപാട് തേടിയത് സംബന്ധിച്ച് വിവാദങ്ങൾ കനക്കുന്നതിനിടെയാണ് കേന്ദ്രത്തെ വിമർശിച്ചുള്ള സംസ്ഥാന നീക്കം. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ തർക്കമുണ്ടെങ്കിൽ സുപ്രീംകോടതിക്ക് ഇടപെടാമെന്ന 131ാം അനുച്ഛേദം അടിസ്ഥാനമാക്കിയാണ് കേരളത്തിന്‍റെ ഹരജി. സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്വയംഭരണ അവകാശത്തിൽ കേന്ദ്രം ഇടപെടുന്നത് തടയണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. ഭരണഘടന വിഭാവനം ചെയ്യുന്ന ധനകാര്യ ഫെഡറലിസം കേന്ദ്രം പടിപടിയായി തകർക്കുകയാണ്.
വായ്പ പരിധി വെട്ടിക്കുറച്ചതുവഴി സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണ്. പരിധികൾ മറികടന്ന് കേന്ദ്രം കടമെടുക്കുമ്പോഴാണ് കേരളത്തെ ഞെരുക്കുന്നത്. ബജറ്റിനുപുറത്ത് അടിസ്ഥാന സൗകര്യവികസനത്തിനായി രൂപവത്കരിച്ച കിഫ്ബി വഴിയുള്ള ധനസമാഹരണത്തെയും സംസ്ഥാനത്തിന്‍റെ ബാധ്യതയാക്കി മാറ്റിയാണ് വായ്പപരിധി വെട്ടിക്കുറച്ചതെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. അടിയന്തരമായി 26,000 കോടി സമാഹരിക്കാൻ അനുവദിച്ചില്ലെങ്കിൽ സംസ്ഥാനം അതിഗുരുതര പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർ ഒപ്പിടാതെ തടഞ്ഞുവെച്ചതിനെതിരെ കേരളം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അതിൽ അനുകൂല വിധിയുണ്ടായതിനു പിന്നാലെയാണ് കേന്ദ്രത്തിനെതിരായ നിയമപോരാട്ടം. മുതിർന്ന അഭിഭാഷകൻ ഫാലി എസ്. നരിമാന്‍റെ ഉപദേശത്തിന്‍റെ കൂടി അടിസ്ഥാനത്തിലാണ് ഹരജി.
സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധി മുൻനിർത്തി ഭരണഘടനയുടെ ആർട്ടിക്കിൾ 360 (1) പ്രകാരം സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ രാഷ്ട്രപതിയോട് ശിപാർശ ചെയ്യണമെന്നാവശ്യപ്പെട്ട് ലഭിച്ച നിവേദനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഗവർണറുടെ സാമ്പത്തിക അടിയന്തരാവസ്ഥ നീക്കങ്ങൾ. സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുകയാണെന്ന് കഴിഞ്ഞമാസം ഹൈകോടതിയിൽ ചീഫ് സെക്രട്ടറി സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതുകൂടി ആയുധമാക്കിയാണ് ഗവർണറുടെ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

