പി.എം ശ്രീ നടപ്പാക്കാൻ സംസ്ഥാനം കഴിഞ്ഞ വർഷം തന്നെ സന്നദ്ധത അറിയിച്ചിരുന്നു; വിദ്യാഭ്യാസ സെക്രട്ടറിയുടെ കത്ത് പുറത്ത്
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻ.ഇ.പി) ഭാഗമായ പി.എം ശ്രീ പദ്ധതി നടപ്പാക്കാന്‍ കേരളം കഴിഞ്ഞ വർഷം തന്നെ തീരുമാനമെടുത്തിരുന്നുവെന്ന് വ്യക്തമാക്കി പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കത്ത്. പദ്ധതിയിൽ ധാരണപത്രം ഒപ്പിടാൻ സന്നദ്ധതയറിയിച്ച് സംസ്ഥാനം 2024 മാർച്ചിൽ കേന്ദ്രത്തിനയച്ച കത്തിന്റെ വിവരങ്ങൾ പുറത്തുവന്നു.
പൊതുവിദ്യാഭ്യാസ വകുപ്പ് ഗവണ്‍മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാറിന് നൽകിയ കത്താണ് പുറത്തുവന്നത്. കേരളം ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് എക്കാലവും പ്രതിജ്ഞാബദ്ധമാണെന്നും പി.എം ശ്രീ പദ്ധതി നടപ്പിലാക്കാൻ സന്നദ്ധമാണെന്നും കത്തിൽ പറയുന്നു.
കത്തിൻറെ പൂർണരൂപം:
23/02/2024 തീയതിയിലുള്ള 1-2/2022-is-19 നമ്പർ D.O കത്തിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു. സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ നിരവധി നൂതനവും സുസ്ഥിരവുമായ സംരംഭങ്ങൾ നടപ്പിലാക്കുന്നതിലൂടെ വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകാൻ കേരള സംസ്ഥാനം എപ്പോഴും പ്രതിജ്ഞാബദ്ധമാണ്.
കേരളത്തിൽ പി.എം. ശ്രീ സ്കൂളുകൾ സ്ഥാപിക്കാൻ സംസ്ഥാനം ആഗ്രഹിക്കുന്നു. ഇക്കാര്യത്തിൽ, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു സംസ്ഥാനതല സമിതി രൂപീകരിച്ചിട്ടുണ്ട്. സമിതിയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ. പി.എം ശ്രീ സ്കൂളുകൾ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തിൽ 2024-25 അധ്യയന വർഷത്തിന് മുമ്പ് സംസ്ഥാനം ഒപ്പുവെക്കും.
2023-24 സാമ്പത്തിക വർഷത്തേക്ക് അനുവദിച്ച ഫണ്ടിന്റെ 37.5 ശതമാനം അനുവദിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
മുന്നണിയിലുണ്ടായ വിയോജിപ്പുകളാണ് പദ്ധതി നടപ്പാക്കുന്നത് വൈകാൻ കാരണമായതെന്നാണ് വ്യക്തമാകുന്നത്. നേത്തെ പദ്ധതിയില്‍ ഒപ്പുവെക്കുന്നതിനെതിരേ പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ച് സി.പി.ഐ രംഗത്തെത്തിയിരുന്നു. നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കിയിരുന്നു.
അതേസമയം, കേന്ദ്രം ഫണ്ട് വെട്ടിക്കുറക്കാൻ നീക്കം നടത്തുമ്പോൾ സാങ്കേതികത്വം ചൂണ്ടി തുക പാഴാക്കാതിരിക്കുന്നതാണ് നല്ലതെന്നാണ് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ നിലപാട്. 1,466 കോടി രൂപ എന്തിന് വെറുതേ കളയണമെന്നും മന്ത്രി ചോദിച്ചിരുന്നു. കൃഷി, ആരോഗ്യം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളെല്ലാം കേന്ദ്രഫണ്ട് വാങ്ങുന്നുണ്ടല്ലോയെന്ന് പറഞ്ഞ മന്ത്രി, കേന്ദ്ര ഫണ്ട് എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

