Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഈ കൊള്ളയടി...

ഈ കൊള്ളയടി നിർത്തിക്കൂടേയെന്ന്​ പ്രവാസികൾ; വിമാനത്താവളങ്ങളിലെ റാപിഡ്​ പി.സി.ആർ നിരക്ക്​ കുറക്കണമെന്ന ആവശ്യം ശക്​തം

text_fields
bookmark_border
rapid pcr
cancel

കൊച്ചി: 'പ്രവാസി നാടിന്‍റെ നട്ടെല്ല് ആണെന്ന്​ പ്രസംഗിക്കും, എന്നിട്ട്​ ആ ന​ട്ടെല്ല്​ തകർക്കുന്ന പണി തരികയും ചെയ്യും', 'കിട്ടുന്ന അവസരങ്ങളിലെല്ലാം പ്രവാസികളെ കഴിയുന്നത്ര പിഴിയുന്ന ഈ ഏർപ്പാട് നിർത്തിക്കാൻ ഇനിയും സമയമായിട്ടില്ലേ?'- കഴിഞ്ഞ കുറച്ചു ദിവസമായി സമൂഹ മാധ്യമങ്ങളിൽ ഇത്തരം നിരവധി പോസ്റ്റുകളാണ്​ പ്രചരിക്കുന്നത്​. കേരളത്തിലെ വിമാനത്താവളങ്ങളിൽ റാപിഡ്​ പി.സി.ആറിന്​ ഈടാക്കുന്ന അമിത നിരക്കിനെതിരെയുള്ള പ്രവാസികൾക്കിടയിലെ വ്യപാക പ്രതിഷേധമാണ്​ ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്​. കേരളത്തിൽ നിന്ന്​ ഏറ്റവുമധികം ആളുകൾ പോകുന്ന യു.എ.ഇയിലേക്കുള്ള യാത്രക്കാരാണ്​ വിമാനത്താവളത്തിൽ വച്ച്​​ റാപിഡ്​ പി.സി.ആർ ചെയ്യേണ്ടത്​. ഇതിന്​ ഒരാളിൽ നിന്ന്​ 2,490 രൂപയാണ്​ കേരളത്തിലെ വിമാനത്താവളങ്ങളിൽ ഈടാക്കുന്നത്​. ഒരുമാസം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മാത്രം ഈയിനത്തിൽ കോടികളാണ്​ ഈടാക്കുന്നതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഈ അമിത തുക കുറക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ്​ പ്രവാസികൾ സർക്കാരിനോട്​ ആവശ്യപ്പെടുന്നത്​.

തൊഴിൽ തേടിപ്പോകുന്നവരടക്കം സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരിൽ നിന്ന് 2,490 രൂപ ഈടാക്കുന്നത് നിർത്തലാക്കണമെന്ന്​ ആവശ്യപ്പെട്ട്​ നിരവധി പ്രവാസി സംഘടനകളാണ്​ രംഗത്തെത്തിയിരിക്കുന്നത്​. പലതവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഈ വിഷയത്തിൽ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ ഇടപെടുന്നില്ലെന്ന് അവർ കുറ്റപ്പെടുത്തുന്നു. യു.എ.ഇയിലേക്ക്​ പുറപ്പെടുന്നതിന്​ ആറ്​ മണിക്കൂറിനുള്ളിലാണ്​ റാപിഡ്​ പി.സി.ആർ എടുക്കേണ്ടത്​. യു.എ.ഇയിലെത്തുന്ന യാത്രക്കാർ പുറപ്പെടുന്ന വിമാനത്താവളങ്ങളിൽ നിന്ന്​ റാപിഡ്​ പി.സി.ആർ ചെയ്യണമെന്നത്​ യു.എ.ഇ സർക്കാറിന്‍റെ നിയമമാണെന്നും അരമണിക്കൂറിനുള്ളിൽ ഫലം കിട്ടുന്ന സാ​ങ്കേതികത ആയതിനാലാണ്​ ഇത്രയധികം ഫീസ്​ ഈടാക്കുന്നതെന്നുമാണ്​ വിമാനത്താവളം അധികൃതരുടെ വിശദീകരണം. അന്നം തരുന്ന രാജ്യത്തിന്‍റെ നിയമം അനുസരിക്കാൻ തങ്ങൾ ബാധ്യസ്​ഥരാണെന്നും അന്യരാജ്യത്ത്​ ഉപജീവനമാർഗം തേടി പോകുന്ന സ്വന്തം ജനങ്ങളിൽ നിന്ന്​ അമിത ഫീസ്​ ഈടാക്കുന്നത്​ അവസാനിപ്പിക്കാനുള്ള നടപടികളാണ്​ കേന്ദ്ര-സംസ്​ഥാന സർക്കാരുകൾ എടുക്കേണ്ടതെന്നുമാണ്​ ഇതിന്​ പ്രവാസികൾ മറുപടി നൽകുന്നത്​.

എന്നാൽ, എയർപോർട്ട് അതോറിറ്റി ചുമതലപ്പെടുത്തിയവരാണ് പരിശോധന നടത്തുന്നതെന്നും തങ്ങൾക്കൊന്നും ചെയ്യാനാവില്ലെന്നുമാണ് സംസ്ഥാന സർക്കാറിന്‍റെ വിശദീകരണം. മൂന്ന്​ ഏജൻസികളെയാണ്​ റാപിഡ്​ പി.സി.ആറിനായി നിയോഗിച്ചിരിക്കുന്നത്​. സാധാരണ ആർ.ടി.പി.സി.ആറിനെ അപേക്ഷിച്ച് ചെലവേറിയതും വേഗത്തിൽ ഫലം തരുന്നതും ആയ പരിശോധനയായതിനാലാണ് 2,490 രൂപ വാങ്ങേണ്ടി വരുന്നതെന്ന്​ അവർ വിശദീകരിക്കുന്നു. പുറത്ത്​ 500 രൂപക്ക്​ മുതൽ ആർ.ടി.പി.സി.ആർ പരിശോധന നടത്താമെന്നും റാപിഡ്​ പി.സി.ആറിന്‍റെ പേരിൽ വിമാനത്താവളങ്ങളിൽ അതിന്‍റെ അഞ്ച്​ മടങ്ങ്​ ഈടാക്കുന്നത്​ നീതികരിക്കാനാകില്ലെന്നും പ്രവാസികൾ ഒന്നടങ്കം പറയുന്നു. ലാബുകൾ​ വൻ തുക മുടക്കിയാണ്​ റാപിഡ്​ പി.സി.ആറിനുള്ള ഉപകരണങ്ങൾ സജ്​ജമാക്കിയത്​ എങ്കിൽ അതിന്‍റെ എത്രയോ ഇരട്ടി ലാഭം ഒരാഴ്ചയിൽ നിന്ന്​ തന്നെ ഉണ്ടാക്കാൻ അവർക്ക്​ കഴിഞ്ഞിട്ടുണ്ടെന്നും പ്രവാസികൾ ചൂണ്ടിക്കാട്ടുന്നു.

ഉദാഹരണത്തിന്​, നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന്​ യു.എ.ഇയിലേക്ക്​ ആഴ്ചയിൽ 128 സർവീസുകളാണുള്ളത്​. ഒരു സർവീസിൽ ശരാശരി 200 യാത്രക്കാർ എന്ന്​ കണക്കാക്കിയാൽ ഒരുമാസം റാപിഡ്​ പി.സി.ആർ നടത്തുന്ന ഏജൻസികൾക്ക്​ കിട്ടുന്നത്​ 25.49 കോടി രൂപയാണ്​. അതായത്​ ആഴ്ചയിൽ 25,600 യാത്രക്കാരാണ്​ ഉണ്ടാകുക. അപ്പോൾ ആഴ്ചയിൽ ഇത്രയും യാത്രക്കാരിൽ നിന്നും റാപിഡ്​ പി.സി.ആർ ഇനത്തിൽ ഈടാക്കുന്നത്​ 63,744,000 രൂപയാണ്​. ഒരുമാസ​ത്തെ കണക്കെടുത്താൽ അത്​ 254,976,000 രൂപയാകും. നെടുമ്പാശ്ശേരിയിലെ മാത്രം കണക്കാണിതെന്നും കേരളത്തിലെ മറ്റ്​ വിമാനത്താവളങ്ങളിലെ കണക്ക്​ കൂടിയെടുത്താൽ ഇതിന്‍റെ ഇരട്ടി വരുമെന്നും പ്രവാസികൾ ചൂണ്ടിക്കാട്ടുന്നു. 48 മണിക്കൂർ മുമ്പ്​ 500 രൂപ മുടക്കി ആർ.ടി.പി.സി.ആർ എടുത്തവരും രണ്ട് ഡോസ് വാക്സിൻ എടുത്തവരാണ്​ വിദേശത്തേക്ക് പോകുന്നത് എന്നത്​ കണക്കിലെടുത്ത്​ വിമാനത്താവളത്തിൽ വൻതുക റാപിഡ്​ പി.സി.ആറിന്​ ഈടാക്കുന്നത്​ അവസാനിപ്പിക്കണമെന്നാണ്​ പ്രവാസികളുടെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:expatriates issueRapid PCR
News Summary - Kerala expatriates demanding to cut down rapid pcr test rate in airports
Next Story