കേരള എസ്റ്റേറ്റിൽ പന്നിയുടെ ജഡം
text_fieldsകടുവ കൊന്നതെന്ന് സംശയിക്കുന്ന പന്നിയുടെ ജഡം ഉദ്യോഗസ്ഥർ പരിശോധിക്കുന്നു
കരുവാരകുണ്ട്: കേരള എസ്റ്റേറ്റ് സി വൺ ഡിവിഷനിൽ കാട്ടുപന്നിയുടെ ജഡാവശിഷ്ടം. വെള്ളിയാഴ്ച രാവിലെ ടാപ്പിങ് തൊഴിലാളികളാണ് ജഡം കണ്ടത്. വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥരും ദ്രുത കർമസേനയും എസ്റ്റേറ്റിലെത്തി. കരുവാരക്കുണ്ട് വെറ്ററിനറി സർജൻ ഡോ. ശ്യാം ജഡം പരിശോധിച്ചു. കഴുത്തിലും ശരീരത്തിലും നഖപ്പാടുകൾ കണ്ടെങ്കിലും കടിച്ചതിന്റെ മുറിവുകൾ കാണാനായില്ല. കടുവയോ പുലിയോ ആവാം പന്നിയെ വേട്ടയാടിയതെന്നാണ് നിഗമനം. ഇവിടെ കാമറ സ്ഥാപിച്ചിട്ടുണ്ട്.
ഒരു മാസം മുമ്പും ഈ ഭാഗത്ത് കടുവയെ കണ്ടിരുന്നു. ടാപ്പിങ് തൊഴിലാളിയായ ജാർഖണ്ഡ് സ്വദേശിയാണ് അന്ന് കടുവയെ കണ്ടത്. എന്നാൽ ഉദ്യോഗസ്ഥരും നാട്ടുകാരും എസ്റ്റേറ്റ് അരിച്ചു പെറുക്കിയെങ്കിലും കടുവയെ കണ്ടിരുന്നില്ല. അന്ന് കാമറകൾ സ്ഥാപിച്ചെങ്കിലും അവയിലൊന്നും കടുവയുടെ ചിത്രം കുടുങ്ങിയില്ല. നാലുനാൾ മുമ്പ് പാന്ത്ര മദാരി എസ്റ്റേറ്റിലും കടുവയെ കണ്ടതായി തൊഴിലാളി പറഞ്ഞിരുന്നു.
വന്യമൃഗ ഭീതിയൊഴിയാതെ മലയോരം
കരുവാരകുണ്ട്: ഒരു മാസം മുമ്പാണ് കേരള എസ്റ്റേറ്റ് സി വൺ ഡിവിഷനിൽ തൊഴിലാളി കടുവയെ കണ്ടത്. 10 ദിവസം മുമ്പ് അരിമണൽ വഴി നാട്ടിലിറങ്ങിയ കാട്ടുകൊമ്പൻ സംസ്ഥാന പാതയോരത്തെ നൂറോളം കുടുംബങ്ങളെ ഒരു രാവും പകലും പൂർണമായി വിറപ്പിച്ചിരുന്നു. നാലു നാൾ മുമ്പ് പാന്ത്ര മദാരി എസ്റ്റേറ്റിന് സമീപം വീണ്ടും കടുവ പ്രത്യക്ഷപ്പെട്ടു.
വനം ഉദ്യോഗസ്ഥർ പതിവ് പരിപാടിയെന്ന നിലയിൽ പരിശോധന നടത്തി മടങ്ങും. എന്നാൽ, മേഖലയിലെ തൊഴിലാളികളും കർഷകരും കുടുംബങ്ങളും ഭീതിയോടെയാണ് കഴിഞ്ഞു കൂടുന്നത്. കടുവ സാന്നിധ്യം ഇപ്പോഴുണ്ടായ സ്ഥലങ്ങളിൽ നിന്ന് ഒരു വർഷം മുമ്പ് പുലിയും കടുവയും കെണിയിൽ കുടുങ്ങിയിരുന്നു. പ്രദേശവാസികളുടെ ഭീതിയകറ്റാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

