ആന എഴുന്നള്ളിപ്പിന് കൂടുതൽ നിയന്ത്രണങ്ങൾ
text_fieldsതൃശൂർ: എഴുന്നള്ളിപ്പിന് പങ്കെടുപ്പിക്കുന്ന ആനകൾക്ക് നേരത്തെയുണ്ടായിരുന്ന ഫിറ്റ ്നസ് സർട്ടിഫിക്കറ്റിന് പകരം ഇനി വനംവകുപ്പ് നൽകുന്ന ആരോഗ്യ ക്ഷേമ സർട്ടിഫിക്കറ്റ് കൂടി വേണം. നവംബർ എട്ടിനകം ആനകളുടെ ആരോഗ്യ രജിസ്റ്റർ തയ്യാറാക്കി പകർപ്പ് കലക്ടർമാക്കും ചീഫ് വൈൽഡ് ലൈഫ് വാർഡനും സമർപ്പിക്കണം.
40 വയസ്സിന് മുകളിലുള്ള എഴുന്നള്ളിപ്പ് ആനകൾക്കാണ് രജിസ്റ്റർ തയ്യാറാക്കുന്നത്. നേരത്തെ ഏതെങ്കിലും വെറ്ററിനറി സർജൻ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയാൽ മതിയായിരുന്നു. ഇനി ഡി.എഫ്.ഒ, ആർ.എഫ്.ഒ, വൈൽഡ് ലൈഫ് വെറ്ററിനറി സർജൻ, അസി.സർജൻ, ജില്ല വെറ്ററിനറി സർജൻ എന്നീ മുഴുവൻ പേരും പരിശോധിച്ച് റിപ്പോർട്ട് നൽകണം. ഈ റിപ്പോർട്ടിന്മേൽ കലക്ടറുടെ നേതൃത്വത്തിലുള്ള നാട്ടാനപരിപാലന നിരീക്ഷണ സമിതിക്ക് മാത്രമേ ഇനി ആനകളെ എഴുന്നള്ളിപ്പിന് അനുവദിക്കാൻ കഴിയൂ. എഴുന്നള്ളിപ്പിനിടയിൽ ആരോഗ്യം തൃപ്തികരമാണെന്ന് റിപ്പോർട്ട് ചെയ്തിട്ടുള്ള ആനകൾ ഇടയാൻ ഇടയായാൽ ഓഫിസർമാരെല്ലാം പ്രതികളാവും.
പരിക്കും മതിയായ ഭക്ഷണം, വെള്ളം, വിശ്രമം എന്നിവ അനുവദിക്കാത്തതും കനത്ത ചൂടിൽ നിർത്തുന്നതുമാണ് എഴുന്നള്ളിപ്പിനിടെ ആനകൾ ഇടഞ്ഞോടുന്നതിന് കാരണമെന്നാണ് വനം വകുപ്പിെൻറ വിലയിരുത്തൽ. ഈ അടിസ്ഥാനത്തിലാണ് ആരോഗ്യ ക്ഷേമ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നത്. മദകാലം എപ്പോൾ, എന്നാണ് അവസാനമായി മദമൊഴുകിയത്, അടുത്ത മദകാലം എന്ന്, ഉണ്ടാക്കിയിട്ടുള്ള കുഴപ്പങ്ങൾ എന്തെല്ലാം, ശരീരത്തിെൻറ ആരോഗ്യാവസ്ഥ എന്ത്, പരിക്കുകൾ എന്തൊക്കെ, വൈകല്യങ്ങൾ, ഇൻഷൂറൻസ് ക്ലയിം നമ്പർ തുടങ്ങി ആനയുടെ വിശദാംശങ്ങൾക്കൊപ്പം പാപ്പാെൻറ പരിശീലനം, തൊഴിലിലെ പ്രവൃത്തി പരിചയം, ആനയുമായുള്ള ഇടപഴകൽ, അനുസരണ-അസുഖ വിവരങ്ങൾ, ഉടമയുടെ വിശദാംശങ്ങൾ തുടങ്ങിയ വിവരങ്ങളാണ് ആരോഗ്യ രജിസ്റ്ററിൽ ഉൾപ്പെടുത്തുന്നത്. ഈ രജിസ്റ്റർ അനുസരിച്ച് ആനകൾക്ക് നമ്പറും അനുവദിക്കും.
ഓരോ ആനകളുടെ വിവരങ്ങളും ഈ ആരോഗ്യ രജിസ്റ്ററിൽ പുതുക്കിക്കൊണ്ടിരിക്കും. രജിസ്റ്ററിൽ ഇല്ലാത്ത ആനകളെ വനംവകുപ്പ് കണ്ട് കെട്ടും. വിവരങ്ങൾ വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും. ആനകളുടെ രക്തം ശേഖരിച്ച പരിശോധനാവിവരങ്ങളും രജിസ്റ്ററിലുണ്ടാവും. ഇത് വിലയിരുത്തിയാണ് ആനകൾക്ക് എഴുന്നള്ളിപ്പിന് കഴിയുന്നതാണോയെന്ന പരിശോധന നടത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.