കേരളത്തിലെ തെരഞ്ഞെടുപ്പ് ലോകത്തിന് മാതൃക -ഗ്യാനേഷ് കുമാർ
text_fieldsമുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ കന്നി വോട്ടർമാർക്ക് വോട്ടർ ഐ.ഡി കൈമാറുന്നു
കൊച്ചി: ഏറ്റവും മികച്ച തെരഞ്ഞെടുപ്പിന് കേരളം സാക്ഷ്യം വഹിക്കുമെന്നും ഇവിടത്തെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ലോകത്തിന് തന്നെ മാതൃകയാണെന്നും കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ. ജില്ല തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഗോശ്രീ പാലത്തിൽ യുവ വോട്ടർമാർക്കായി സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയിൽ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഒരുക്കം വിലയിരുത്താനാണ് അദ്ദേഹം കൊച്ചിയിൽ എത്തിയത്.
ഗോശ്രീ പാലത്തിലൂടെ വിദ്യാർഥികൾക്കൊപ്പം നടന്ന് അദ്ദേഹം ഓർമകൾ പങ്കുവെച്ചു. വൈപ്പിൻ ദ്വീപ് നിവാസികളുടെ പതിറ്റാണ്ടുകൾ നീണ്ട യാത്രാദുരിതത്തിന് അറുതി വരുത്തി യാഥാർഥ്യമായ ഗോശ്രീ പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട അനുഭവങ്ങളും വിവിധ ഘട്ടങ്ങളും പ്രതിസന്ധികളും അദ്ദേഹം വിവരിച്ചു. പാലത്തിന്റെ തൂണുകളിൽ കൊത്തുപണികളായി രേഖപ്പെടുത്തിയ കേരളത്തിന്റെ കലാരൂപങ്ങളെ കുറിച്ച് വിശദീകരിച്ചു.
കന്നി വോട്ടർമാർക്ക് വോട്ടർ ഐ.ഡി കൈമാറുകയും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. വിവിധ കോളജുകളിൽ നിന്നായി മുന്നൂറോളം വിദ്യാർഥികൾ പങ്കെടുത്തു. യുവ വോട്ടർമാരെ തെരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് ആകർഷിക്കുന്നതിനായി സി3 സീൻ മെക്കേഴ്സുമായി സഹകരിച്ച് ‘സ്വീപ്’ പുറത്തിറക്കിയ ‘ജെൻ സി’ തീം സോങ്ങിന്റെ അവതരണവും നടന്നു. ജില്ല കലക്ടർ ജി. പ്രിയങ്ക, സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ ഖേൽകർ, അസി. കലക്ടർ ആൻഡ് സ്വീപ് നോഡൽ ഓഫിസർ പാർവതി ഗോപകുമാർ, സ്വീപ് സ്റ്റേറ്റ് ഇൻചാർജ് ശർമിള സി. നായർ, സബ് കലക്ടർ ഗ്രന്ഥേ സായി കൃഷ്ണ, സിനിമ താരങ്ങളായ ടിനി ടോം, സിജോയ് വർഗീസ്, സരയു, സംഗീത സംവിധായകൻ ജോർജ് പീറ്റർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

