എസ്.എസ്.എൽ.സി മൂല്യനിർണയം: ആദ്യദിനം എത്തിയത് 46.6 ശതമാനം അധ്യാപകർ
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി ഉത്തരക്കടലാസുകളുടെ മൂല്യനിർണയം സംസ്ഥാനത്തെ 35 കേന്ദ്രങ്ങളിൽ ആരംഭിച്ചു. ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട അധ്യാപകരിൽ 46.6 ശതമാനം പേരാണ് ലോക്ഡൗൺ കാരണം ആദ്യദിനം ക്യാമ്പുകളിൽ ഹാജരായത്. മൂല്യനിർണയ ഡ്യൂട്ടിയുണ്ടായിരുന്ന 6000 പേരിൽ 2800ഒാളം പേരാണ് എത്തിയത്. വയനാട്, കണ്ണൂർ ജില്ലകളിലാണ് ഏറ്റവും കുറവ് അധ്യാപകർ ക്യാമ്പുകളിൽ എത്തിയത്.
വയനാട്ടിൽ 22 ശതമാനവും കണ്ണൂരിൽ 24 ശതമാനവും. പാലക്കാട് ചിറ്റൂർ ഗവ. ഹൈസ്കൂളിലെ ക്യാമ്പിൽ 86 ശതമാനം പേർ ഹാജരായി. കൂടുതൽ ക്യാമ്പുകളിലും 50-60 ശതമാനം അധ്യാപകർ എത്തി. ആദ്യദിവസത്തെ ആശയക്കുഴപ്പം കാരണമാണ് ചില ക്യാമ്പുകളിൽ അധ്യാപകരുടെ എണ്ണം കുറയാൻ കാരണമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിെൻറ വിലയിരുത്തൽ.
അടുത്ത ദിവസങ്ങളിൽ ഹാജർനില ഉയരുമെന്നാണ് പ്രതീക്ഷ. മൊത്തം 54 ക്യാമ്പുകളിൽ 36 എണ്ണമാണ് തിങ്കളാഴ്ച തുടങ്ങാനിരുന്നത്. ഇതിൽ കൊല്ലം പാരിപ്പള്ളി അമൃത സ്കൂളിലെ ക്യാമ്പ് പ്രദേശം ഹോട്സ്പോട്ട് പട്ടികയിൽ ഉൾപ്പെട്ടതോടെ രണ്ടാം ഘട്ടത്തിലേക്ക് മാറ്റി. പരീക്ഷ പൂർത്തിയാകാനുള്ള ഗണിതം, ഫിസിക്സ്, കെമിസ്ട്രി, പൂർത്തിയായ അറബിക്, ഉർദു, സംസ്കൃതം എന്നീ വിഷയങ്ങളുടെ ഒഴികെയുള്ള ക്യാമ്പുകളാണ് തിങ്കളാഴ്ച ആരംഭിച്ചത്. ഒന്നാം ഘട്ട ക്യാമ്പ് 22ന് അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
