Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇനി, കേരളം  എങ്ങനെ...

ഇനി, കേരളം  എങ്ങനെ മുന്നോട്ടുപോവണം? 

text_fields
bookmark_border
kerala-devalopment
cancel

പൊതുജനാരോഗ്യത്തി​​​​െൻറ പ്രാധാന്യം ഊട്ടിയുറപ്പിക്കുന്നതായിരിക്കണം കോവിഡാനന്തര കേരളത്തി​​​​െൻറ ആരോഗ്യ അജണ്ട. ലോകത്തി​​​​െൻറ സാമ്പത്തികതലസ്ഥാനമെന്ന് കൊണ്ടാടപ്പെട്ട രാജ്യം മണൽക്കൊട്ടാരംപോലെ നിശ്ശബ്​ദവും ദുഃഖപങ്കിലവുമായി തകർന്നടിഞ്ഞത് ആ രാജ്യത്തി​​​​െൻറ തലവൻ ലോകം കണ്ട ഏറ്റവും വിഡ്​ഢിയായതുകൊണ്ടു മാത്രമല്ല. ആൻറണി ഫൗച്ചി അടക്കമുള്ള രോഗാണുശാസ്ത്രജ്ഞർ വ്യക്തിഗത ആരോഗ്യ സംവിധാനത്തിന് പൊതുജനാരോഗ്യത്തിനെക്കാൾ അനർഹവും അശാസ്ത്രീയവുമായ പ്രാധാന്യം നൽകി എന്നതുകൊണ്ടുകൂടിയാണ്. 

കോവിഡാനന്തരകാലം ഒരു കാനൽ കാഴ്ചയാണ് നമുക്കിപ്പോഴും. മേയ് രണ്ടാമത്തെ ആഴ്ചയുടെ അവസാനത്തോടെ 215 രാജ്യങ്ങളിലായി 46 ലക്ഷത്തിലധികം പേരിൽ പടർന്ന് മൂന്നേകാൽ ലക്ഷത്തോളംപേരെ കൊന്നൊടുക്കിയ നോവൽ കൊറോണ ഒരു നൂറ്റാണ്ടിനിപ്പുറത്ത് മനുഷ്യ കുലം കണ്ട ഏറ്റവും സംക്രമണശേഷിയുള്ള രോഗാണുവാണ്​ എന്നതിന് സംശയമേതുമില്ല. മരണം വിതക്കുന്നതിൽ ഏറ്റവും ഭീകരമായ പി-ഫോർ വൈറസ് (‘നിപ’ ഈ വകുപ്പിലാണ്) അല്ലെങ്കിൽകൂടി (പി-ത്രീ വകുപ്പിലാണ് കോവിഡി​​​​െൻറ സ്ഥാനം) ശരാശരി ഏഴു ശതമാനം മരണം ലോകത്തെമ്പാടുമായി കൊറോണ ഉറപ്പാക്കുന്നുണ്ട്. കൊറോണ മരണങ്ങളുടെ വലിയ ഏറ്റക്കുറച്ചിലി​​​​െൻറ അടിസ്ഥാനകാരണങ്ങൾ, മ്യൂട്ടേഷൻ (വ്യക്തിപരവും സാമൂഹികവുമായ പ്രതിരോധശേഷി), കാലാവസ്ഥ എന്നിവയൊക്കെയുമായി എങ്ങനെ ബന്ധപ്പെട്ടുകിടക്കുന്നു എന്നുപോലും ഇതുവരെ കൃത്യമായ, ശാസ്ത്രീയ വിവരങ്ങളില്ല.
ലോക്ഡൗൺ രോഗാണുശാസ്ത്രത്തിൽ ഫലപ്രദമായ രോഗനിയന്ത്രണ സംവിധാനമേയല്ല. സാമൂഹിക അകലത്തി​​​​െൻറ താരതമ്യേന എളുപ്പമാർഗം എന്ന നിലയിലാണ് ലോക്ഡൗൺ തിരിച്ചറിയപ്പെടേണ്ടത്. സമയ ക്രമീകരണ തന്ത്രം ഉപയോഗിച്ച് ഒരു രാജ്യത്തി​​​​െൻറ ഹെൽത്ത് ഇൻഫ്രാസ്ട്രക്​ചറി​​​​െൻറ പരിതോവസ്ഥക്കുള്ളിൽ രോഗ സംക്രമണത്തെ ഒതുക്കുകയും ആ സംവിധാനം വഴി ജനങ്ങളുടെ ആരോഗ്യ പരിപാലനം ഏകതാനമായി സാധ്യമാക്കുകയും ചെയ്യുക എന്നതാണതി​​​​െൻറ എപ്പിഡമോളജിക്കൽ സാംഗത്യം. പല രാഷ്​ട്രങ്ങളെയും അപേക്ഷിച്ച് തുടക്കത്തിൽ തന്നെ നടപ്പാക്കിയ ലോക്ഡൗൺ നമ്മുടെ നാട്ടിൽ സാമൂഹികവ്യാപനത്തിന് ഫലപ്രദമായ പ്രതിരോധം ചമച്ചത് കാണാതിരുന്നുകൂടാ. പക്ഷേ, 53 ദിവസങ്ങൾക്കപ്പുറത്തേക്ക് ലോക്ഡൗൺ നീളുമ്പോൾ അത് നമ്മുടെ സാമ്പത്തിക-സാമൂഹിക അസ്​തിവാരങ്ങളെ മുമ്പില്ലാത്തവണ്ണം തകർത്തെറിയും. 

1930കളിലെ വൻ സാമ്പത്തിക മാന്ദ്യത്തെ പോലും കവച്ചുവെക്കും കോവിഡാനന്തര ലോകമെന്ന്​ വിദഗ്ധർ സംശയിക്കുന്നു. ലോകത്തി​​​​െൻറ സാമ്പത്തിക അച്ചുതണ്ടായി കരുതപ്പെടുന്ന രാജ്യത്ത് തൊഴിലില്ലായ്മ 14.37 ശതമാനമായത്രെ. ഈ നൂറ്റാണ്ടിൽ ലോകം ദർശിച്ച വലിയ സാമ്പത്തിക തളർച്ച കാലയളവായ 2007-08ലെ കൂപ്പുകുത്തലി​​​​െൻറ മൂന്നിരട്ടിയെങ്കിലും കോവിഡുകാലം മറികടന്നേക്കും. ലോകബാങ്ക് വെച്ചുനീട്ടുന്ന 14 ബില്യൺ ഡോളറി​​​െൻറ ധന പാക്കേജിൽ പൊതുജനാരോഗ്യം കടന്നുവരരുതെന്ന് അവർ നിർബന്ധം പിടിക്കുന്നു. 82 രാഷ്​ട്രങ്ങളാണ്​ ഐ.എം.എഫി​നു മുന്നിൽ കൈനീട്ടി നിൽക്കുന്നത്.ഇത്തരമൊരവസ്ഥയിൽ തകർന്നടിയുകയല്ലാതെ മൂന്നാം ലോകരാഷ്​ട്രങ്ങൾക്കുമുന്നിൽ വഴികളേതുമില്ല. ഉൽപാദനവും ഉപഭോഗവും ഡിമാൻറും സ്തംഭിക്കുമ്പോൾ മൂലധന നിക്ഷേപം നടക്കില്ല. സാമ്പത്തിക രംഗം ചലിക്കുന്നതു വഴി മാത്രമേ ഏതു സാമ്പത്തിക ഭീമനും പിടിച്ചുനിൽക്കാനാവൂ. രോഗസംക്രമണം പരമാവധി കുറച്ചുകൊണ്ടുവരാൻ കഴിഞ്ഞ രാഷ്​ട്രമെന്ന നിലയിൽ ശ്രദ്ധാപൂർവം നമ്മുടെ രാജ്യം അതിനാണ് ശ്രമിക്കേണ്ടത്. സോഷ്യൽ ഡിസ്​റ്റൻസിങ് ജീവിതശൈലിയാക്കി ധനരംഗത്തിന് ഉയിര് നൽകുക മാത്രമാണ് ഒരേയൊരു മാർഗദീപം.

ലോക്ഡൗണിനുശേഷം എന്തായിരിക്കണം കോവിഡിനെ നേരിടാനുള്ള നമ്മുടെ യുദ്ധതന്ത്രം? കൃത്യമായ സാമൂഹിക പിന്തുണയോടെ ശാസ്ത്രീയമായി നടപ്പാക്കിയാൽ റിവേഴ്സ് ക്വാറൻറീൻ കോവിഡിനെതിരെ പ്രയോഗിക്കാവുന്ന വളരെ ശക്തമായ ആയുധമാണ്. 80-85 ശതമാനം പേരിലും ഒരു സാധാരണ ജലദോഷമായി മാറിപ്പോകുന്ന ഈ രോഗം ആസുരമാവുന്നത് മറ്റു ജീവിതശൈലീ രോഗങ്ങളുടെ പശ്ചാത്തലത്തിലാണ്. പ്രമേഹ, രക്താതിമർദ, വൃക്ക,  ഹൃദയ, ശ്വാസകോശ രോഗമുള്ളവരും പ്രതിരോധ ശേഷിക്കുറവുള്ളവരും വയോധികരുമൊക്കെയാണ് കൊറോണയുടെ പ്രാഥമിക ഇരകൾ. പൊതുസമൂഹധാരയിൽ നിന്ന് ഇവരെ ഫലപ്രദമായി മാറ്റിനിർത്തിയാൽ മരണനിരക്ക് ഗണ്യമായി കുറക്കാൻ സാധിക്കും. ലോകത്തെമ്പാടുമായി മരിച്ചു വീഴുന്ന രോഗാണുബാധിതരിൽ 90-95 ശതമാനവും ഇത്തരം പ്രതികൂല ഘടകങ്ങളുടെ തടവുകാരായിരുന്നു. കേരളത്തിലെ ജനസംഖ്യയിലെ 15-20 ശതമാനം വരുന്ന ഈ വിഭാഗത്തെ യുദ്ധകാലാടിസ്ഥാനത്തിൽ റിവേഴ്​സ്​ ക്വാറൻറീൻ എന്ന മറു സുരക്ഷാവലയത്തിലാക്കുകയും സാമൂഹിക മേൽനോട്ടത്തിൽ അത് ഫലപ്രദമായി നടപ്പാക്കുകയും ചെയ്യുകയാണ് നമ്മുടെ വലിയ ഉത്തരവാദിത്തം. യൂറോപ്യൻ-അമേരിക്കൻ രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമായി വയോധികരോട് പൊതുവേ അടുപ്പം കാണിക്കുന്ന സാമൂഹിക പശ്ചാത്തലമാണ് ഒരു പ്രതികൂല ഘടകം. ‘അടുപ്പം കാണിക്കാൻ അകന്നിരിക്കാം’ എന്ന നമ്മുടെ മുദ്രാവാക്യത്തി​​​​െൻറ അന്തഃസത്ത  സ്വാംശീകരിക്കേണ്ട മുഹൂർത്തമാണിത്. 

വൈറസിനോടൊത്ത് ജീവിക്കാൻ തയാറാവുകയാണ് ഏറ്റവും വിഷമമേറിയ അടുത്തപടി. 2022 വരെയും അതുകഴിഞ്ഞും വൈറസ് സംക്രമണം തുടരുന്നുവെങ്കിൽ അതിനോടൊത്ത് ജീവിക്കുകയല്ലാതെ മറ്റെന്തുവഴി? ഈ ‘പാമ്പു
വേലായുധ’ ജീവിതം ഒട്ടും എളുപ്പമല്ലെങ്കിൽകൂടി മറ്റെല്ലാ വഴികളും അടഞ്ഞുകഴിയുമ്പോൾ തുറക്കുന്ന ഒരു വലിയ കവാടമാണെന്ന് നാം തിരിച്ചറിയണം. ‘കൊഗൺ’  പോലുള്ള നൂതന ഉപകരണങ്ങൾ സാമൂഹിക അകലം ഫലപ്രദമാക്കുന്നതിൽ നമ്മെ ശാസ്ത്രീയമായി സഹായിച്ചേക്കും ഇത്രകാലം നാം സാധാരണപോലെ നോർമലായി ജീവിച്ചു. ഇനി മാസ്കുകൾ ഫലപ്രദമായി ഉപയോഗിച്ച്, സാമൂഹിക അകലം കൃത്യമായി പാലിച്ച്, ശാസ്ത്രീയമായി കൈകഴുകി ഒരു പുതുപതിവിലേക്ക് (ന്യൂ നോർമൽ) കാലെടുത്ത് വെക്കേണ്ടതുണ്ട്. ഇനി ഇതാവും നമ്മുടെ ജീവിതസരണി. രോഗാണുശാസ്ത്രത്തിൽ രോഗകാരണം, ഇര, പരിസ്ഥിതി (agent, host, environment) എന്ന ത്രിത്ത്വം വളരെ പ്രാധാന്യമർഹിക്കുന്നു. രോഗാണു ആക്രമണത്തെ തടയാൻ ‘ആതിഥേയൻ’ സ്വീകരിക്കേണ്ട ജീവിതശൈലിക്ക്​ എപ്പിഡമോളജിയിൽ പ്രമുഖ സ്ഥാനമുണ്ട്. പറഞ്ഞു തഴമ്പിച്ചുപോയി എന്ന് തോന്നുമെങ്കിലും സമീകൃതാഹാരത്തിനും (പച്ചക്കറി, പഴങ്ങൾ, ഇലക്കറികൾ, പാലുൽപന്നങ്ങൾ, മത്തിപോലുള്ള മത്സ്യങ്ങൾ, പയറുകൾ...) നിത്യവ്യായാമത്തിനും മിതഭക്ഷണത്തിനും സംഘർഷങ്ങൾ കുറഞ്ഞ മാനസികനിലക്കും ഒക്കെയുള്ള വലിയ പ്രാധാന്യം ഒരിക്കലും മറന്നുകൂടാത്തതാണ്. ആതിഥേയ​​​​െൻറ രോഗപ്രതിരോധശേഷി നിലനിർത്തുന്നതിൽ ഇവ വലിയ പങ്കുവഹിക്കുന്നുണ്ട്. 

പാരിസ്ഥിതികമായ ഉത്​കണ്ഠകൾ മലയാളി ആദ്യമായി തിരിച്ചറിയുന്നത് സൈലൻറ്​വാലി സമരകാലത്താണ്. പക്ഷേ, ഒരു ജനത എന്നനിലയിൽ ഇന്നും പരിസ്ഥിതി സംരക്ഷണം നമ്മുടെ അജണ്ടക്ക് പുറത്തുതന്നെയാണ് എന്നതാണ് ദുരന്തം. വ്യക്തിശുചിത്വത്തിന് പ്രാധാന്യം നൽകുമെങ്കിലും സാമൂഹിക ശുചിത്വം മലയാളി ഇന്നും തീണ്ടാപ്പാടകലെ നിർത്തിയിരിക്കുന്നു. രോഗാണു ഉൽപാദനം, വ്യാപനം എന്നിവയിൽ മാലിന്യനിർമാർജനത്തിനും സാമൂഹിക ശുചിത്വത്തിനുമുള്ള പ്രാധാന്യം ഈ പതിനൊന്നാം മണിക്കൂറിലെങ്കിലും തിരിച്ചറിഞ്ഞേ തീരൂ. നാം മുൻഗണനാക്രമങ്ങൾ പുനഃക്രമീകരിക്കേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസവും പൗരബോധവും ആരോഗ്യവുമാണ് പോസ്​റ്റ്​ ട്രൂത്ത് കാലത്ത് ഒരു സർക്കാറിന് സ്വന്തം ജനതക്ക് വാഗ്ദാനം ചെയ്യാനാവുന്ന ഏറ്റവും മികച്ച ‘മന്നാ’ എന്ന് അധികാരികളെ നിരന്തരം ഓർമിപ്പിച്ചുകൊണ്ടിരിക്കണം. ശുദ്ധമായ കുടിവെള്ളവും ശാസ്ത്രീയ വിസർജനാലയങ്ങളും ജനങ്ങളുടെ അവകാശമായിരിക്കണം. സോഷ്യലൈസ്ഡ് മെഡിസിൻ അവ​​​​െൻറ ജീവശ്വാസമാവണം. ടാഗോറി​​​​െൻറ പ്രാർഥനാഗീതത്തിലെപോലെ, കോവിഡാനന്തര കാലത്തെങ്കിലും ഇത്തരം വലിയ സ്വപ്നങ്ങൾ കാണാൻ നമ്മുടെ ഇന്ദ്രിയങ്ങൾ ജാഗ്രത്താവട്ടെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsDEVALOPMENTcovid 19world after covid​Covid 19
News Summary - Kerala devalopment in covid 19-Opinion
Next Story