Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോക്​ഡൗൺ...

ലോക്​ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം വരുത്താനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്ക് വേണമെന്ന്​ കേരളം

text_fields
bookmark_border
ലോക്​ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം വരുത്താനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്ക് വേണമെന്ന്​ കേരളം
cancel

തിരുവനന്തപുരം: ലോക്​ഡൗണുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങളില്‍ ന്യായമായ മാറ്റം വരുത്താനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്ക് വേണമെന്ന്​ കേരളം. കോവിഡ്​ വ്യാപനം ​നേരിടേണ്ടത്​ എങ്ങനെയെന്ന വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ്​ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യം ഉന്നയിച്ചത്​. ​കോൺഫറൻസിൽ കേരളം ഉന്നയിച്ച വിഷയങ്ങൾ ഇവയാണ്​: 

1. സംസ്ഥാനങ്ങള്‍ വ്യത്യസ്ത നിലയിലുള്ള വെല്ലുവിളികളാണ് നേരിടുന്നത്. അതിനാല്‍ ലോക്​ഡൗണുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങളില്‍ ന്യായമായ മാറ്റം വരുത്താനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്ക് നല്‍കണം.
2. ഓരോ സംസ്ഥാനത്തെയും സ്ഥിതിഗതികള്‍ വിലയിരുത്തി നിയന്ത്രണങ്ങള്‍ക്ക് വിധേയമായ പൊതുഗതാഗതം അനുവദിക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്ക് നല്‍കണം.
3. റെഡ്സോണ്‍ ഒഴികെയുള്ള പട്ടണങ്ങളില്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി മെട്രോ റെയില്‍ സര്‍വ്വീസ് അനുവദിക്കണം.
4. ഓരോ ജില്ലയിലേയും സ്ഥിതി സംസ്ഥാന സര്‍ക്കാര്‍ വിലയിരുത്തിയ ശേഷം മൂന്നു ചക്ര വാഹനങ്ങള്‍ അനുവദിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ യാത്രക്കാരുടെ എണ്ണം നിയന്ത്രിക്കാം.
5. ഓരോ പ്രദേശത്തെയും സ്ഥിതി വിലയിരുത്തിയശേഷം വ്യവസായ വാണിജ്യ സംരംഭങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ഇളവുകള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിയണം.
6. വിദേശ രാജ്യങ്ങളില്‍നിന്ന് പ്രത്യേക വിമാനങ്ങളില്‍ പ്രവാസികളെ കൊണ്ടുവരുമ്പോള്‍ വിമാനത്തില്‍ അവരെ കയറ്റുന്നതിന് മുമ്പ് ആന്‍റി ബോഡി ടെസ്റ്റ് നടത്തണം. ഇതു ചെയ്തില്ലെങ്കില്‍ ധാരാളം യാത്രക്കാര്‍ക്ക് രോഗബാധയുണ്ടാകാന്‍ സാധ്യതയുണ്ട്. പ്രത്യേക വിമാനങ്ങളില്‍ കേരളത്തില്‍ വന്ന അഞ്ചുപേര്‍ക്ക് ഇതിനകം കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.
7. ഇളവുകള്‍ വരുമ്പോള്‍ കൂടുതല്‍ യാത്രക്കാര്‍ ഉണ്ടാകും. അതിനാല്‍ യാത്രക്കാരെ കൊണ്ടുപോകുന്നതിന് വ്യക്തമായ മാര്‍ഗനിര്‍ദേശം ഉണ്ടാകണം.
8. അന്തര്‍-സംസ്ഥാന യാത്രകള്‍ നിയന്ത്രണങ്ങള്‍ക്കു വിധേയമായിരിക്കണം. ഇളവുകള്‍ നല്‍കുന്നത് ക്രമേണയായിരിക്കണം.
9. പുറപ്പെടുന്ന സ്ഥലത്തെയും എത്തിച്ചേരുന്ന സ്ഥലത്തെയും മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് (പ്രോട്ടോകോള്‍) വിധേയമായി ആഭ്യന്തര വിമാന സര്‍വീസ് ആരംഭിക്കാവുന്നതാണ്. എന്നാല്‍, കണ്ടെയ്ന്‍മെന്‍റ് സോണിലേക്കും അവിടെനിന്നുമുള്ള യാത്രക്ക് ന്യായമായ നിയന്ത്രണങ്ങള്‍ ഉണ്ടാകണം. കോവിഡ് 19 ലക്ഷണങ്ങളുള്ളവരെ യാത്ര ചെയ്യാന്‍ അനുവദിക്കരുത്. വിമാനത്താവളങ്ങളില്‍ വൈദ്യപരിശോധന ഉണ്ടാകണം.
10. രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ക്കിടയില്‍ റോഡ് വഴിയുള്ള യാത്രക്ക് എത്തിച്ചേരേണ്ട ജില്ലയിലെ പെര്‍മിറ്റ് ആദ്യം ലഭിക്കണം. ഇതിന്‍റെ അടിസ്ഥാനത്തില്‍ എവിടെയാണോ ആള്‍ ഉള്ളത് ആ ജില്ലയില്‍നിന്ന് സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാനുള്ള പെര്‍മിറ്റ് നല്‍കണം. ആ രീതിയാണ് ഇപ്പോള്‍ പിന്തുടരുന്നത്. വഴിമധ്യേ തങ്ങുന്നില്ലെങ്കില്‍ കടന്നുപോകുന്ന സംസ്ഥാനങ്ങളുടെ പ്രത്യേക പാസ് വേണമെന്ന നിബന്ധന പാടില്ല. ഇക്കാര്യത്തില്‍ നിലനില്‍ക്കുന്ന അവ്യക്തത ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു.
11. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് കേരളം രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രജിസ്ട്രേഷന്‍ പ്രകാരം പാസ് അനുവദിക്കുന്നു. ഇങ്ങനെയൊരു ക്രമീകരണം ഇല്ലെങ്കില്‍ എത്തിച്ചേരുന്ന സംസ്ഥാനത്തെ 'എന്‍ട്രി പോയിന്‍റില്‍' തിരക്കുണ്ടാകും. അങ്ങനെ വന്നാല്‍ ശാരീരിക അകലം പാലിക്കുന്നത് പ്രയാസമാകും. എന്‍ട്രി പോയിന്‍റിലൂടെ യാത്രക്കാര്‍ പോകുന്നത് ക്രമപ്രകാരമായിരിക്കണം.
12. അന്തർ സംസ്​ഥാന തൊഴിലാളികള്‍ക്ക് പ്രത്യേക ട്രെയിന്‍ അനുവദിച്ചതുപോലെ, ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവര്‍ക്ക് തിരിച്ചുവരാനും പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്തണം. വിദ്യാർഥികള്‍ക്ക് മുന്‍ഗണന നല്‍കി ഡല്‍ഹിയില്‍നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ വേണമെന്ന് സംസ്ഥാനം നേരത്തേ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ രജിസ്ട്രേഷന്‍ പ്രകാരം ഈ ട്രെയിനുകളില്‍ ടിക്കറ്റ് അനുവദിക്കുകയാണ് വേണ്ടത്. എന്നാല്‍, സംസ്ഥാനത്തിന്‍റെ രജിസ്ട്രേഷന്‍ പരിഗണിക്കാതെ റെയില്‍വെ ഓണ്‍ലൈന്‍ ബുക്കിങ് അനുവദിച്ചിരിക്കുകയാണ്.
രോഗികളുമായി സമ്പര്‍ക്കമുള്ളവരെ കണ്ടെത്തുന്നതും അവരെ മാറ്റിപ്പാര്‍പ്പിക്കുന്നതും സംസ്ഥാനം ഇപ്പോള്‍ ഫലപ്രദമായി ചെയ്തുവരികയാണ്. സംസ്ഥാനത്തിന്‍റെ രജിസ്ട്രേഷന്‍ പരിഗണിക്കാതെ ഓണ്‍ലൈന്‍ ബുക്കിങ് നടത്തി ട്രെയിന്‍ യാത്ര അനുവദിച്ചാല്‍ സംസ്ഥാനത്തിന്‍റെ നിയന്ത്രണ സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ല. സമൂഹവ്യാപനം തടയാനുള്ള സംസ്ഥാനത്തിന്‍റെ ശ്രമങ്ങള്‍ നിഷ്ഫലമാക്കാനേ ഇതു സഹായിക്കൂ.
മുംബൈ, അഹമ്മദബാദ്, കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളില്‍നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍ അനുവദിക്കണം. എത്തിച്ചേരുന്ന സംസ്ഥാനത്തെ സര്‍ക്കാരിന്‍റെ രജിസ്ട്രേഷന്‍ പരിഗണിച്ച് ടിക്കറ്റ് നല്‍കണം. ഇത്തരം സ്പെഷ്യല്‍ ട്രെയിനുകള്‍ക്ക് എത്തിച്ചേരുന്ന സംസ്ഥാനത്ത് മാത്രമേ സ്റ്റോപ്പുകള്‍ അനുവദിക്കാവൂ.
13. റെയില്‍, റോഡ്, ആകാശം ഇവയിലൂടെയുള്ള യാത്ര അനുവദിക്കുമ്പോള്‍ കര്‍ക്കശമായ മുന്‍കരുതലോടെയും നിയന്ത്രണങ്ങളോടെയും ആവണം. ഇതില്‍ വരുന്ന ചെറിയ അശ്രദ്ധപോലും വലിയ അപകടമുണ്ടാക്കുമെന്നും മുന്നറിയിപ്പ് നല്‍കി.
14. സംസ്ഥാനങ്ങള്‍ക്ക് മതിയായ തോതില്‍ ടെസ്റ്റ് കിറ്റുകള്‍ അനുവദിക്കണം. രാജ്യത്തെ മെഡിക്കല്‍ ഗവേഷണ സ്ഥാപനങ്ങള്‍ വികസിപ്പിച്ച ടെസ്റ്റിങ് സാങ്കേതികവിദ്യകള്‍ക്ക് അംഗീകാരം നല്‍കുന്നത് ത്വരിതപ്പെടുത്തണം.
15. യാത്രകള്‍ ചെയ്തിട്ടുള്ളവരെ വീടുകളില്‍ നിരീക്ഷിക്കുന്നതിന് ഫലപ്രദമായ സംവിധാനം കേരളത്തിലുണ്ട്. സര്‍ക്കാര്‍ വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മേല്‍നോട്ടം വഹിച്ചുകൊണ്ടാണ് ഇവിടെ വീടുകളിലെ നിരീക്ഷണം നടക്കുന്നത്. പൊതുസ്ഥാപനങ്ങളില്‍ ആളുകളെ കൂട്ടത്തോടെ താമസിപ്പിക്കുന്നതിന്‍റെ സമ്മര്‍ദം ഒഴിവാക്കുന്ന രീതിയുമാണ് ഇത്. ഇപ്പോള്‍ വിദേശ രാജ്യങ്ങളില്‍നിന്ന് വരുന്നവരെ ഉള്‍പ്പെടെ വീടുകളില്‍ നിരീക്ഷണത്തിലേക്ക് അയക്കാന്‍ ഈ സാഹചര്യത്തില്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിക്കുന്നു.
16. കോവിഡ് കാലത്ത് ലോക്ക്ഡൗണിന്‍റെ ഭാഗമായും അല്ലാതെയും സാമ്പത്തികപ്രയാസം അനുഭവിക്കുന്നവര്‍ക്ക് വരുമാനം ലഭിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കേണ്ടതിനെക്കുറിച്ച് നേരത്തേ വീഡിയോ കോണ്‍ഫറന്‍സുകളില്‍ കേരളം ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. അത്തരം നടപടികള്‍ ഈ സന്നിഗ്ധ ഘട്ടത്തില്‍ ഏറ്റവും പ്രസക്തമാണ്. വരുമാനത്തിലെ നഷ്ടവും ചെലവിലെ വന്‍ വര്‍ധനയും മൂലം സംസ്ഥാനം ഞെരുങ്ങുകയാണ്. വായ്പാപരിധി ഉയര്‍ത്തിയും കുറഞ്ഞ പലിശനിരക്കില്‍ കൂടുതല്‍ ഫണ്ട് ലഭ്യമാക്കിയുമാണ് ഇതിനെ മറികടക്കാന്‍ കഴിയുക. 2020-21ല്‍ കേന്ദ്ര ഗവണ്‍മെന്‍റ് 12 ലക്ഷം കോടി രൂപ കടമെടുക്കാന്‍ പോകുന്നുവെന്നാണ് അറിയുന്നത്. ബജറ്റ് വിഭാവനം ചെയ്ത കടമെടുപ്പ് 7.8 ലക്ഷം കോടിയുടേതാണ്. മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്‍റെ 5.5 ശതമാനമാണ് ഈ കടം. ഈ അസാധാരണ ഘട്ടത്തില്‍ കൂടുതല്‍ വായ്പ അനിവാര്യമാണ്. സാമൂഹികരംഗത്ത് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാനുള്ള സംസ്ഥാനങ്ങള്‍ക്കും അത് ബാധകമാണ്.
17. സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ മേഖലയ്ക്കും അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കുമുള്ള സഹായ പദ്ധതികള്‍ പെട്ടെന്ന് പ്രഖ്യാപിക്കണം. അതോടൊപ്പം തൊഴിലുകള്‍ നിലനിര്‍ത്താന്‍ വ്യവസായമേഖലകള്‍ക്ക് പിന്തുണ നല്‍കണം.
18. ഭക്ഷ്യഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന് തരിശുഭൂമിയിലടക്കം കൃഷി ചെയ്യാനുള്ള ബൃഹദ് പദ്ധതിക്ക് കേരളം രൂപം നല്‍കിയിട്ടുണ്ട്. അതിന് സഹായകമാംവിധം തൊഴിലുറപ്പ് പദ്ധതിയെ ക്രമീകരിക്കണം.
19. ഫെഡറലിസത്തിന്‍റെ അന്തസത്ത ഉള്‍ക്കൊണ്ട് ജനങ്ങളുടെ ഉപജീവനപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടണം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modicovid 19lockdownPinarayi VijayanPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - kerala demands lockdown narendramodi malayalam news
Next Story