സംസ്ഥാനത്ത് 26 പേർക്ക് കൂടി കോവിഡ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച 26 പേർക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.. കാസർകോട് 10, മലപ്പുറം 5, പാലക്കാടും വയനാടും 3 പേർക്ക് വീതം, കണ്ണൂർ 2, പത്തനംതിട്ടയിലും ഇടുക്കിയിലും കോഴിക്കോട്ടും ഒരാൾക്ക് വീതവുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ രണ്ടു പേർ ആരോഗ്യപ്രവർത്തകരും (കാസർകോട്) ഒരാൾ പൊലീസുദ്യോഗസ്ഥനുമാണ് (വയനാട്). മൂന്നു പേർക്ക് മാത്രമാണ് വ്യാഴാഴ്ച കോവിഡ് രോഗം ഭേദമായത്.
ഇന്ന് കോവിഡ് ബാധിച്ചവരിൽ 14 പേർ പുറത്തുനിന്ന് വന്നവരാണ്. 11 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. വിദേശത്തുനിന്നും എത്തിയ ഏഴു പേർക്കും, ചെന്നൈയിൽനിന്നുള്ള രണ്ടു പേർക്കും, മുംബൈയിൽ നിന്നെത്തിയ നാലു പേർക്കും, ബംഗളൂരുവിൽനിന്ന് വന്ന ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇടുക്കിയിൽ രോഗം സ്ഥിരീകരിച്ച ബേക്കറി ഉടമക്ക് സെന്‍റിനൽ സർവയലൻസ് വഴിയാണ് രോഗം കണ്ടെത്തിയത്.
174 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 36,910 പേർ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ട്. ഇതിൽ 36,266 പേർ വീടുകളിലും 568 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. സംസ്ഥാനത്ത് ഇതുവരെ 560 പേർക്കാണ് കോവിഡ് ബാധിച്ചത്. ഇതിൽ 64 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
രണ്ട് കൊല്ലം സ്വദേശികളും ഒരു കണ്ണൂർ സ്വദേശിയുമാണ് ഇന്ന് കോവിഡ് മുക്തരായത്. ലോകത്തിന്‍റെ വിവിധഭാഗങ്ങളിലായി 127 മലയാളികളാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു.
അതേസമയം, സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 15 ആയി കുറഞ്ഞു -മുഖ്യമന്ത്രി വിശദീകരിച്ചു.
മാസ്ക് ജീവിതശൈലിയാക്കണം -മുഖ്യമന്ത്രി
മാസ്ക് ധരിക്കൽ ജീവിതത്തിന്‍റെ ഭാഗമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രോഗബാധിതരുടെ എണ്ണം വർധിക്കുന്നത് വിപത്തിന്‍റെ സൂചനയാണ്. എന്നാലും ഇത് മറികടക്കുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾ രോഗപ്രതിരോധ ശേഷി വർധിപ്പിക്കണം. അത്യാവശ്യ യാത്രകളും കൂടിച്ചേരലുകളും മാത്രം നടത്തുക. ആളുകളുടെ എണ്ണം ക്രമീകരിച്ച് വേണം കൂടിച്ചേരലുകൾ നടത്താൻ. റെസ്റ്റൊറന്‍റുകൾ, ഷോപ്പിങ് സെന്‍ററുകൾ എന്നിവിടങ്ങളിൽ സമയപരിധി ക്രമീകരിക്കും.
അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നവർക്കെതിരെയും അതിന് സഹായിക്കുന്നവർക്കെതിരെയും കർശന നപടി സ്വീകരിക്കും. വികാരമല്ല, വിചാരമാണ് എല്ലാവരെയും നയിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊലീസിെൻറ പ്രവർത്തനക്രമങ്ങളിൽ മാറ്റം വരുത്തും -മുഖ്യമന്ത്രി
തിരുവനന്തപുരം: പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പൊലീസിെൻറ പ്രവർത്തനക്രമങ്ങളിൽ മാറ്റംവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിവിധ മേഖലയിൽ പൊലീസിെൻറ പ്രവർത്തനക്രമങ്ങളിൽ മാറ്റംവരുത്തുന്നത് സംബന്ധിച്ച ഉന്നതതല സമിതി റിപ്പോർട്ട് ഉടൻ സമർപ്പിക്കും. സി.പി.ഒമാർ മുതൽ സംസ്ഥാന പൊലീസ് മേധാവിവരെ സേനാംഗങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ചുമതല സർക്കാറിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
32 ദിവസം വയനാട് ഗ്രീൻ സോണിലായിരുന്നു. ഇടവേളക്കുശേഷമാണ് ഇവിടെ ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചത്. ഇയാൾ കോയമ്പേട് മാർക്കറ്റിൽ പോയതിനാലാണ് സ്രവം പരിശോധിച്ചത്. ഇയാളിൽനിന്ന് പത്തുപേർക്ക് രോഗബാധയുണ്ടായി. പലരും ഭീതിയിലാണ്. ഇവരുടെ കോണ്ടാക്ടിലുണ്ടായിരുന്ന ഒരാളിൽനിന്നാണ് മാനന്തവാടിയിൽ മൂന്ന് പൊലീസുകാർക്ക് രോഗം വന്നത്. വയനാട് തൃപ്തികരമായ രോഗപ്രതിരോധപ്രവർത്തനം നടക്കുന്നുണ്ട്. അതിർത്തി ജില്ല ആയതിനാൽ കൂടുതൽ പ്രശ്നമുണ്ട്. ഡ്യൂട്ടിയിലുള്ള 1200 പൊലീസുകാരിൽ മുന്നൂറ് പേർക്ക് ടെസ്റ്റ് നടത്തിയതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
‘മദ്യം പാർസൽ തീരുമാനം പ്രതിപക്ഷനേതാവിെൻറ ഉപദേശം കൂടി കണക്കിലെടുത്ത്’
തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളിൽനിന്നുൾപ്പെടെ മദ്യം പാർസലായി നൽകാൻ തീരുമാനിച്ചത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെകൂടി അഭിപ്രായം കണക്കിലെടുത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബാറുകൾ വഴി മദ്യം പാർസൽ നൽകാനുള്ള തീരുമാനം അഴിമതിയാണെന്ന പ്രതിപക്ഷനേതാവിെൻറ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് ബിവറേജസ് ഒൗട്ട്ലെറ്റുകൾ തുറന്നുപ്രവർത്തിച്ചാൽ ജനം ക്യൂ നിൽക്കുന്നത് രോഗവ്യാപനമുണ്ടാക്കുമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടിയിരുന്നു. അദ്ദേഹത്തിെൻറ ആ ഉപദേശം കൂടി പരിഗണിച്ചാണ് തീരുമാനമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
