Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത് 39 പേർക്ക് ...

സംസ്ഥാനത്ത് 39 പേർക്ക് കൂടി കോവിഡ്; സാഹചര്യം കൂടുതൽ ഗൗരവതരം -മുഖ്യമന്ത്രി

text_fields
bookmark_border
സംസ്ഥാനത്ത് 39 പേർക്ക് കൂടി കോവിഡ്; സാഹചര്യം കൂടുതൽ ഗൗരവതരം -മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച 39 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വ ാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിൽ 34 പേരും കാസർകോട് ജില്ലക്കാരാണ്. ഇതോടെ കേരളത്തിൽ ആകെ രോഗബാധിതരുടെ എണ്ണം 164 ആയി. സാഹചര്യം കൂടുതൽ ഗൗരവതരമായി മാറുകയാണെന്നും കാസർകോട് ശക്തമായ നടപടി ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാസർകോട് കൂടാതെ കണ്ണൂർ രണ്ട്, കോഴിക്കോട്, തൃശൂർ, കൊല്ലം എന്നിവിടങ്ങളിൽ ഒരാൾ വീതം എന്നിവർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. കൊല്ലം ജില്ലയിൽ ആദ്യമായാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. ആകെ 616 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. പുതുതായി രോഗം സ്ഥിരീകരിച്ചവർ കൂടുതൽ പേരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇത് ഗൗരവത്തോടെയാണ് കാണുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇടുക്കിയിൽ കോവിഡ് സ്ഥിരീകരിച്ചയാൾ നടത്തിയ യാത്രകളെ മുഖ്യമന്ത്രി വിമർശിച്ചു. സെക്രട്ടറിയേറ്റിലും നിയമസഭയിലും വരെ ഇയാൾ എത്തി. ജനപ്രതിനിധികളെയടക്കം കണ്ടു. ഇത്തരം രീതി പൊതുപ്രവർത്തകന് സ്വീകാര്യമല്ല. രോഗികളുടെ പേരുവിവരം പുറത്തുവിടേണ്ടിവരും. സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവരെ നിരീക്ഷണത്തിലാക്കും.

ഏതു സാഹചര്യവും നേരിടാൻ നമ്മൾ തയാറെടുക്കേണ്ടതുണ്ട്. കർണാടക അതിർത്തിയിൽ റോഡുകൾ മണ്ണിട്ട് തടഞ്ഞത് നീക്കാൻ ചീഫ് സെക്രട്ടറിതലത്തിൽ ചർച്ച ചെയ്തിട്ടുണ്ട്. കാസർകോട്ടുകാർ ഏറെ ആശ്രയിക്കുന്നത് കർണാടകയെയാണ്. എന്നാൽ, ഇപ്പോൾ കർണാടകയിലേക്ക് ആരെയും പ്രവേശിപ്പിക്കുന്നില്ല. ഇക്കാര്യത്തിൽ എന്തുചെയ്യാമെന്ന് പരിശോധിച്ച് തീരുമാനിക്കും.

പ്രായമായ ആളുകൾ മറ്റുള്ളവരുമായി അധികം സമ്പർക്കം പുലർത്താതിരിക്കാൻ ശ്രദ്ധിക്കണം. കണ്ണൂർ ഗവർമെന്‍റ് ആശുപത്രി കോവിഡ് ആശുപത്രിയാക്കി മാറ്റും. കാസർകോട് കേന്ദ്ര സർവകലാശാലയെ കോവിഡ് പരിശോധന കേന്ദ്രമാക്കി മാറ്റും.

ക്യൂബയിൽ നിന്നുള്ള പ്രതിരോധ മരുന്ന് പരിഗണിക്കുന്ന കാര്യം അവലോകന യോഗത്തിൽ ചർച്ച ചെയ്തു. ഡ്രഗ്സ് കൺട്രോളറുടെ അനുമതിയുമായി ബന്ധപ്പെട്ട കാര്യമാണിത്.

വിദ്യാഭ്യാസ ഫീസുകൾ, സ്വർണപണയ ലേല നടപടികൾ എന്നിവയുടെ കാലാവധി നീട്ടാൻ നിർദേശിച്ചിട്ടുണ്ട്. ചിട്ടി പിരിക്കുന്നത് നിർത്തണം. നിരാലംബരായി തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണം നൽകാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇവരെ സുരക്ഷിതമായ കേന്ദ്രങ്ങളിൽ താമസിപ്പിക്കും. അതിഥിതൊഴിലാളികൾക്കായി ക്യാമ്പുകൾ തുറന്നിട്ടുണ്ട്. മാസ്ക്, സോപ്പ്, സാനിറ്റൈസർ മുതലായവ ഇവർക്ക് ലഭ്യമാക്കും. ചിലയിടങ്ങളിൽ ഇപ്പോഴും ശോചനീയ അവസ്ഥയിൽ അതിഥിതൊഴിലാളികൾ കഴിയുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ കലക്ടറും തൊഴിൽ വകുപ്പും നടപടിയെടുക്കും.

പൊലീസ് നടപടി ഫലപ്രദം

സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലെ പൊലീസ് നടപടി ഫലപ്രദമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസുമായി ഈ സാഹചര്യത്തിൽ സഹകരിക്കുകയാണ് വേണ്ടത്. അത്യാവശ്യ കാര്യങ്ങൾക്കായി പുറത്തിറങ്ങുന്നതുമായി ബന്ധപ്പെട്ട് പൊലീസ് പരിശോധിച്ച് അനുമതി നൽകാം. കബളിപ്പിക്കുകയാണെങ്കിൽ കനത്ത നടപടിയെടുക്കാം. ഇത്തരം പരിശോധന കൂടാതെ തടയുകയോ തിരിച്ചയക്കുകയോ ചെയ്യുന്നത് നല്ല പ്രവണതയല്ല. ഒറ്റപ്പെട്ട ചില സംഭവങ്ങൾ മാത്രമാണുണ്ടായത്. ഇക്കാര്യത്തിൽ ആവശ്യമായ നിർദേശം നൽകിക്കഴിഞ്ഞു.

ബാറുകളും ബീവറേജസ് ഔട്ട്ലെറ്റുകളും അടച്ചത് പ്രതിസന്ധിയുണ്ടാക്കി

ബാറുകളും ബീവറേജസ് ഔട്ട്ലെറ്റുകളും അടച്ചത് പ്രശ്നമായിട്ടുണ്ട്. ഒരു യുവാവ് ആത്മഹത്യ ചെയ്തത് ശ്രദ്ധയിൽപെട്ടു. അമിത മദ്യാസക്തിയുള്ളവർക്ക് കൗൺസലിങ്ങും ചികിത്സയും ആവശ്യമാണ്. എക്സൈസ് വകുപ്പ് ഇക്കാര്യത്തിൽ നടപടിയെടുക്കും. ആവശ്യമായ കൗൺസലിങ് കേന്ദ്രങ്ങൾ വിട്ടുതരാമെന്ന് കത്തോലിക്ക സഭ അറിയിച്ചിട്ടുണ്ട്. മദ്യത്തിന്‍റെ കാര്യത്തിൽ മറ്റ് സ്രോതസുകൾ കണ്ടെത്തിക്കൂടേയെന്ന ചോദ്യം ഉയർന്നിട്ടുണ്ട്. ഇക്കാര്യം എക്സൈസ് പരിശോധിച്ച് തീരുമാനമെടുക്കും -മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
TAGS:covid 19 
News Summary - kerala covid updates friday
Next Story