സംസ്ഥാനത്ത് 58 പേർക്ക് കൂടി കോവിഡ്; 10 പേർക്ക് രോഗമുക്തി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് 58 പേർക്ക് കൂടി ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 10 പേർക്ക് രോഗം ഭേദമായി. തൃശൂരിൽ 10പേർക്കും പാലക്കാട് ഒമ്പത്, കണ്ണൂർ എട്ട്, കൊല്ലം ഇടുക്കി, എറണാകുളം, കോഴിക്കോട് നാലുപേർക്ക് വീതവും കാസർകോട് മൂന്നുപേർക്കും ആലപ്പുഴ, തിരുവനന്തപുരം രണ്ടുവീതവും കോട്ടയത്ത് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ ഏഴ് എയര്‍ ഇന്ത്യ ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതില്‍ ആലപ്പുഴയില്‍ കരള്‍ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരിക്കെ ഇന്നലെ മരണമടഞ്ഞ വ്യക്തിയുടെ പരിശോധനാഫലവും ഉള്‍പെടുന്നുണ്ട്.
17 പേര് വിദേശത്ത് നിന്നും (കുവൈറ്റ് -ആറ്, യു.എ.ഇ -ആറ്, ഒമാന്‍ -രണ്ട്, സൗദി അറേബ്യ, ഖത്തര്‍, ഇറ്റലി -ഒന്നുവീതം) 31 പേര് മറ്റ് സംസ്ഥാനങ്ങളില്‍ (മഹാരാഷ്ട്ര-19, തമിഴ്നാട്-9, തെലുങ്കാന, ഡല്‍ഹി, കര്‍ണാടക -ഒന്നുവീതം) നിന്ന് വന്നതാണ്. പാലക്കാട് ഒരു ആരോഗ്യ പ്രവര്‍ത്തകക്കും കൊല്ലത്തും പാലക്കാടും രണ്ടുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം ബാധിച്ചു.
മലപ്പുറം ജില്ലയില്‍ നിന്നുള്ള നാലുപേരുടെയും (ഒരു പാലക്കാട് സ്വദേശി) തൃശൂര്‍ ജില്ലയില്‍ നിന്നുള്ള മൂന്നു പേരുടെയും തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനഫലമാണ് നെഗറ്റീവ് ആയത്. 624 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 575 പേര് കോവിഡ് മുക്തരായി.
വിമാനത്താവളം വഴി 17,720 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 97,952 പേരും റെയില്‍വേ വഴി 9796 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 1,27,089 പേരാണ് എത്തിയത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,30,157 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 1,28,953 പേര് വീട്/ഇൻസ്റ്റിറ്റ്യൂഷനല്‍ ക്വാറൻറീനിലും 1204 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 243 പേരെയാണ് ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 3206 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. ഇതുവരെ 65,002 വ്യക്തികളുടെ (ഓഗ്മെൻറഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനക്ക് അയക്കുകയും ചെയ്തു. ഇതില്‍ ലഭ്യമായ 62,543 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെൻറിനല്‍ സര്വൈലന്സിെൻറ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അന്തർ സംസ്ഥാന തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണന ഗ്രൂപ്പുകളില്‍ നിന്ന് 12,255 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 11,232 സാമ്പിളുകള്‍ നെഗറ്റീവ് ആയി.
ശനിയാഴ്ച അഞ്ച് പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ടുകളാക്കി. തിരുവനന്തപുരം ജില്ലയിലെ മാണിക്കല്‍, പാലക്കാട് ജില്ലയിലെ പാലക്കാട് മുന്‍സിപ്പാലിറ്റി, തച്ചമ്പാറ, പട്ടാമ്പി, കോട്ടയം ജില്ലയിലെ മാടപ്പള്ളി എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. നിലവില്‍ ആകെ 106 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
രോഗമുക്ത നിരക്കിൽ കേരളം മുന്നിൽതന്നെ
തിരുവനന്തപുരം: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് നാലാംഘട്ട ലോക്ഡൗൺ അവസാനിക്കുന്നത്. ഹോട്സ്പോട്ടുകളിൽ നിന്നടക്കം മടങ്ങിയെത്തിയവർക്കാണ് രോഗം സ്ഥിരീകരിക്കുന്നതെങ്കിലും കർശന നിരീക്ഷണത്തോടെ സമ്പർക്കപ്പടർച്ചയെ പിടിച്ചുനിർത്താനായി എന്നതാണ് നേട്ടം. രോഗമുക്ത നിരക്കിലും, കുറഞ്ഞ മരണനിരക്കിലും കേരളം രാജ്യ ശരാശരിയെക്കാൾ മുന്നിലാണ്.
കേരളത്തിൽ കോവിഡ് ബാധിച്ചത് 1208 പേർക്കാണ്. ഇതിൽ ചുരുങ്ങിയ കാലയളവിനകം ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്തത് നാലാം ലോക്ഡൗൺ കാലയളവിലാണ്. സമാന സാഹചര്യമാണെങ്കിൽ ഇനിയും രോഗബാധ കുതിച്ചുയരുമെന്നാണ് കണക്കാക്കുന്നത്. നിലവിലെ രീതിയില്‍ ഉയരുകയാണെങ്കില്‍ ഒരുമാസത്തിനകം 2000-3000 ആയേക്കും.
കോവിഡ് കേസുകൾ ഉയരുന്നുണ്ടെങ്കിലും ഇളവുകളിൽനിന്ന് പിന്നോട്ട് പോകേെണ്ടന്നാണ് സർക്കാർ നിലപാട്. നിലവിലെ കേസുകൾ കോവിഡിെൻറ കേരളത്തിെല മൂന്നാം വരവാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലക്കുള്ളിൽ നിയന്ത്രണങ്ങളോടെ പൊതുഗതാഗതം പുനരാരംഭിച്ചത് നാലാംഘട്ടത്തിലാണ്. കെ.എസ്.ആർ.ടി.സി ബസുകൾ ഭാഗികമായി നിരത്തിലിറങ്ങിയതും ഇക്കാലയളവിൽ. സമീപ ജില്ലകളിലേക്കുള്ള യാത്രക്ക് ഏർപ്പെടുത്തിയിരുന്ന പാസ് ഒഴിവാക്കിയതും യാത്രകൾക്ക് കൂടുതൽ അനുമതി നൽകിയതും ഇൗ ഘട്ടത്തിലാണ്. സ്പെഷൽ ട്രെയിനുകൾ കൂടുതലായി എത്തിയതോടെ ഇതര സംസ്ഥാനങ്ങളിൽ കൂടുതൽ പേർക്ക് നാടണയാനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
