മലപ്പുറം: സംസ്ഥാനത്തെ ഏറ്റവും വലിയ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍റർ കാലിക്കറ്റ് സർവ്വകലാശാലയിൽ ഒരുങ്ങുന്നു. 1300ഓളം ബെഡുകളാണ് ഇവിടെ സജ്ജീകരിക്കുന്നത്. വെള്ളിയാഴ്ച മുതൽ ഇത് പ്രവർത്തന സജ്ജമാകും.
പരിശോധനയിൽ കോവിഡ് പോസിറ്റീവ് കണ്ടെത്തുന്ന ഗുരുതരമല്ലാത്ത മലപ്പുറം ജില്ലക്കാരെയാണ് ഇവിടെ ചികിത്സിക്കുകയെന്ന് മലപ്പുറം ജില്ല കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു.
വനിതാ ഹോസ്റ്റലിലെ ‘പാരിജാതം, മുല്ല, എവറസ്റ്റ്’ എന്നീ ബ്ലോക്കുകളിലായാണ് ബെഡുകൾ സജ്ജീകരിക്കുന്നത്. ഇവിടെ മുഴുവൻ സമയവും 10 ഡോക്ടർമാർ, 50 നഴ്സ്, ക്ലീനിങ് അടക്കം ജോലിക്കായി 50ഓളം ട്രോമാകെയർ വളന്‍റിയർമാർ എന്നിവരെ സജ്ജമാക്കും. ഇൻറർനെറ്റ് സൗകര്യം, സൗജന്യ ഭക്ഷണം എന്നിവയും സജ്ജീകരിച്ചിട്ടുണ്ടെന്നും കലക്ടർ പറഞ്ഞു.
ഇവിടെ താമസിപ്പിക്കുന്ന രോഗികളിൽ കൂടുതൽ ബുദ്ധിമുട്ടുള്ളവരുണ്ടായാൽ അവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ കോവിഡ് കെയർ സെന്‍ററുകളിലേക്കും ഗുരുതരാവസ്ഥയിലുള്ളവരെ മഞ്ചേരി മെഡിക്കൽ കോളജിലേക്കും മാറ്റും.
ജനസാന്നിധ്യം കുറഞ്ഞ പ്രദേശത്താണ് ഹോസ്റ്റൽ എന്നതിനാൽ കോവിഡ് മാലിന്യം ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ സംസ്കരിക്കാൻ കഴിയുമെന്നും കലക്ടർ പറഞ്ഞു.