മഞ്ഞിലും തണുപ്പിലും കുളിർന്ന് കേരളം; തിരുവനന്തപുരത്ത് മൂന്നാറിന് സമാനമായ തണുപ്പ്
text_fieldsതിരുവനന്തപുരം: ഒരാഴ്ചയായി കേരളത്തിൽ അസാധാരണ തണുപ്പാണ് അനുഭവപ്പെടുന്നത്. ഡിസംബർ മധ്യത്തോടെ മാത്രം ആരംഭിക്കുന്ന തണുപ്പ് അൽപം നേരത്തേ വന്നതാണോ എന്ന സംശയത്തിലാണ് ആളുകൾ. കേരളത്തിലെ എല്ലാ ജില്ലകളിലും സാധാരണത്തേതിനേക്കാൾ തണുപ്പ് കൂടുതലാണ്. രാത്രിക്ക് പുറമേ പകല്‍ സമയത്ത് പോലും തണുത്ത കാലാവസ്ഥയാണ്. ഉത്തര കേരളത്തിലേയും മധ്യ കേരളത്തിലേയും ജില്ലകളെ അപേക്ഷിച്ച് തെക്കന്‍ കേരളത്തിലാണ് കൂടുതല്‍ തണുപ്പ് അനുഭവപ്പെടുന്നത്.
കേരളത്തില്‍ ചൂട് മുൻപുള്ളതിനേക്കാൾ താപനില ഉയര്‍ന്നത് പോലെ തണുപ്പിലും ഇതേ പ്രതിഭാസമുണ്ടായിരിക്കുന്നുവെന്നാണ് ആദ്യം പലരും കരുതിയത്. എന്നാൽ ഡിറ്റ് വ ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലമാണ് അസാധാരണ തണുപ്പെന്നാണ് കാലവസ്ഥ കേന്ദ്രം അധികൃതരുടെ അറിയിപ്പ്. സാധാരണയേക്കാൾ നാല് മുതൽ എട്ട് ഡിഗ്രി വരെ കുറവ് താപനിലയാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ രണ്ട് ദിവസം മാത്രം തിരുവനന്തപുരത്ത് അനുഭവപ്പെട്ടത് മൂന്നാറിന് സമാനമായ തണുപ്പാണ്. ഏറ്റവും ഉയർന്ന താപനില 26.7 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 20.7 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. സാധാരണയേക്കാൾ നാല് മുതൽ എട്ട് ഡിഗ്രി വരെ കുറവാണിത്.
ഏറ്റവും ഉയർന്ന ചൂട് അനുഭവപ്പെടാറുള്ള കൊല്ലം, പുനലൂർ മേഖലകളിലും കനത്ത മഞ്ഞാണ്. ഏഴ് ഡിഗ്രിയോളം താപനിലയാണ് ഇവിടെ കുറഞ്ഞത്. ഡിറ്റ്‍ വ ചുഴലിക്കാറ്റിന്റെ ഭാഗമായുള്ള മേഘങ്ങള്‍ രണ്ടു ദിവസമായി കേരളത്തിന്റെ അന്തരീക്ഷത്തിന് മുകളില്‍ നില്‍ക്കുകയാണ്. കോഴിക്കോട് മുതല്‍ തിരുവനന്തപുരം വരെ ഇപ്പോഴും മൂടിക്കെട്ടിയ അന്തരീക്ഷം തുടരുകയാണ്.
അതേസമയം, ഡിറ്റ് വ ചുഴലിക്കാറ്റിന്‍റെ ശക്തി ക്ഷയിച്ച് ന്യൂനമർദമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിലെ തണുത്തുറഞ്ഞ കാലാവസ്ഥ ഇതൊടെ സാധാരണ നിലയിലാകുമെന്ന് കരുതുന്നു.
ഡിറ്റ് വ ചുഴലിക്കാറ്റ് തീരം തൊടുമെന്ന സൂചനയെ തുടർന്ന് തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച പുലർച്ചയോടെ ചുഴലിക്കാറ്റ് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും വടക്കൻ തമിഴ്‌നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരങ്ങൾക്ക് സമീപം തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലേക്ക് അടുക്കുകയും ചെയ്തു.
ശ്രീലങ്കയിൽ ചുഴലിക്കാറ്റ് മൂലം കെടുതികൾ രൂക്ഷമാണ്. വലിയ വെള്ളപ്പൊക്കം ഉണ്ടായി. 153ലധികം പേർ കൊല്ലപ്പെട്ടു. 171 ലധികം പേരെ കാണാതായി. ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു . രക്ഷാപ്രവർത്തനം തുടരുകയാണ്. കൊളംബോ തുറമുഖം താത്കാലികമായി അടച്ചിരിക്കുകയാണ്. 700 ലധികം വീടുകൾ തകർന്നതായാണ് കണക്കുകൾ. കെലനി നദിയിൽ ജലനിരപ്പ് ഉയർന്നതോടെ കൊളംബോ പ്രളയഭീതിയിലാണ്. ശ്രീലങ്കയില്‍ ഡിസംബർ 16 വരെ സ്കൂളുകൾ അടച്ചിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

