കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജന. സെക്രട്ടറി ജോര്‍ജ് വടകര നിര്യാതനായി
text_fieldsതളിപ്പറമ്പ്: കേരളാ കോണ്‍ഗ്രസ് (ജോസഫ്) സംസ്ഥാന ജന. സെക്രട്ടറി ജോര്‍ജ് വടകര (62) നിര്യാതനായി. ഇന്ന് രാവിലെ ഹൃദയാഘാതത്തെതുടര്‍ന്നായിരുന്നു അന്ത്യം. രാവിലെ ആറരയോടെ വീട്ടില്‍ കുഴഞ്ഞുവീണ ജോര്‍ജിനെ ഉടന്‍തന്നെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടു.
കെ.എസ്.സി യൂണിറ്റ് പ്രസിഡന്റായി രാഷ്ട്രീയ ജീവിതമാരംഭിച്ച ജോര്‍ജ് വടകര കെ.എസ്.സി ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, കേരളാ യൂത്ത്‌ഫ്രണ്ട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.
കേരള ഗ്രന്ഥശാല സംഘം ജില്ലാ സെക്രട്ടറിയായിരുന്നു. കണ്ണൂര്‍ ജില്ലാ റബ്ബര്‍ ആന്റ് അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് സഹകരണസംഘം (റബ്‌മാര്‍ക്‌സ്) വൈസ് പ്രസിഡന്റ്, കേരള കത്തോലിക്ക കോണ്‍ഗ്രസ് തലശേരി അതിരൂപത സെക്രട്ടറി, സാമൂഹ്യ സേവന വിഭാഗമായ ഹാര്‍ട്‌ലിങ്ക്‌സ് കോ-ഓര്‍ഡിനേറ്റര്‍, ഇരിട്ടി പി.ടി ചാക്കോ സ്‌മാരക ആശുപത്രി ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയാണ്.

