You are here

ബത്തേരിയിൽ കേരള കോൺഗ്രസ് മാണി വിഭാഗത്തിന്​​  നഗരസഭ ചെയർമാൻ സ്ഥാനം

13:17 PM
26/04/2018

കൽപറ്റ: സുൽത്താൻ ബത്തേരി നഗരസഭ ചെയർമാൻ സ്ഥാനം കേരള കോൺഗ്രസ് മാണി വിഭാഗത്തിന്. വ്യാഴാഴ്ച രാവിലെ 11ന്​ നടന്ന തെരഞ്ഞെടുപ്പിൽ 16നെതിരെ 18 വോട്ടുകൾക്കാണ്​ എൽ.ഡി.എഫ് പിന്തുണയോടെ മാണി വിഭാഗത്തിലെ ടി.എൽ. സാബു വിജയിച്ചത്​. നിലവിലെ ചെയര്‍മാൻ സി.പി.എമ്മിലെ സി.കെ. സഹദേവന്‍ മുന്നണി ധാരണപ്രകാരം രാജിവെച്ച ഒഴിവിലാണ് സാബു ചെയര്‍മാനായത്. യു.ഡി.എഫിനുവേണ്ടി കോൺഗ്രസിലെ എൻ.എം. വിജയനാണ്​ മത്സരിച്ചത്. ബി.ജെ.പി അംഗം എൻ.കെ. സാബു വോട്ടിങ്ങിൽനിന്ന്​ വിട്ടുനിന്നു. 

ഉച്ചക്കുശേഷം നടന്ന കൗൺസിൽ യോഗം, ചെയർമാൻ സ്ഥാനമൊഴിഞ്ഞ സി.കെ. സഹദേവനെ സ്ഥിരം സമിതിയിലേക്ക് തെരഞ്ഞെടുത്തു. ഏപ്രിൽ 30ന് രാവിലെ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ സി.കെ. സഹദേവൻ മത്സരിക്കും. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷസ്ഥാനം രാജിവെച്ചാണ്​ ടി.എൽ. സാബു നഗരസഭ ചെയർമാനായത്​.

അഞ്ചുവര്‍ഷത്തെ ഭരണകാലയളവില്‍ ഒരുവര്‍ഷം ടി.എല്‍. സാബുവിന് ചെയര്‍മാന്‍ പദവി ലഭിക്കുന്ന രീതിയിലാണ് ഭരണമാറ്റം നടന്നത്. തെരഞ്ഞെടുപ്പിൽ എല്‍.ഡി.എഫും യു.ഡി.എഫും 17 വീതം സീറ്റുകള്‍ നേടി തുല്യനില പാലിക്കുകയും ബി.ജെ.പി ഒരു സീറ്റ് നേടുകയും ചെയ്ത ബത്തേരി മുനിസിപ്പാലിറ്റിയില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നില്ല. ചെയർമാൻ തെരഞ്ഞെടുപ്പ്​ നടന്നപ്പോൾ േകരള കോൺഗ്രസ് മാണി വിഭാഗത്തി​​​െൻറ ഏക അംഗം പിന്തുണ നൽകിയതോടെയാണ് ഭരണം എൽ.ഡി.എഫിന്​ ലഭിച്ചത്​. ഇപ്പോൾ ടി.എൽ. സാബു ചെയർമാനായതോടെ ഇടതുപക്ഷ പിന്തുണയോടെ കേരള കോൺഗ്രസ് മാണി വിഭാഗത്തിന് മലബാറിൽ ഭരണം ലഭിച്ച ഏക നഗരസഭയായി ബത്തേരി. 

ഇടതിലൂടെ കേരള കോൺഗ്രസ്-എമ്മിന് നഗരസഭ സാരഥി
സുല്‍ത്താന്‍ ബത്തേരി: മുന്നണി തീരുമാനം കൃത്യമായി നടപ്പായതി​​െൻറ ആഹ്ലാദത്തിലാണ് ബത്തേരിയിലെ കേരള കോൺഗ്രസ് മാണി വിഭാഗം. എൽ.ഡി.എഫിലൂടെ സുൽത്താൻ ബത്തേരി നഗരസഭ ചെയർമാൻ സ്ഥാനം കേരള കോൺഗ്രസ് മാണി വിഭാഗത്തിലെ ടി.എൽ. സാബുവിൽ വന്നുചേരുമ്പോൾ അത് സംസ്ഥാനതലത്തിൽതന്നെ ചർച്ചയാകുകയാണ്. നേരത്തേയുള്ള തെരഞ്ഞെടുപ്പ് മുന്നണി ധാരണപ്രകാരമാണ് ഇപ്പോഴത്തെ ചെയർമാൻ സ്ഥാനമെങ്കിലും ഇടതുപക്ഷത്തേക്കുള്ള മാണി വിഭാഗത്തി​​െൻറ മുന്നണി പ്രവേശന ചർച്ചകളിൽ ബത്തേരി നഗരസഭയിലെ സാരഥി മാറ്റം വിഷയീഭവിക്കും. 16നെതിരെ 18 വോട്ടുകൾക്ക് കോൺഗ്രസിലെ എൻ.എം. വിജയനെ പരാജയപ്പെടുത്തിയാണ് ടി.എൽ. സാബു ചെയർമാനായത്. ജില്ലയിൽ കേരള കോൺഗ്രസ് മാണി വിഭാഗത്തിന് മേധാവിത്വമുള്ള ബത്തേരിയിൽതന്നെ ചെയർമാൻ സ്ഥാനം ഒരു അംഗത്തി​​െൻറ ബലത്തിലാണ് ലഭിച്ചതെങ്കിലും മധുരം വിതരണം ചെയ്തും പ്രകടനം നടത്തിയുമാണ് പ്രവർത്തകർ ആഹ്ലാദം പ്രകടിപ്പിച്ചത്. 

സി.പി.എം അംഗത്തെ നിർദേശിച്ച് യു.ഡി.എഫ് അംഗം
ആകാംക്ഷകൾക്ക് വിരാമമിട്ട് വ്യാഴാഴ്ച രാവിലെ 11 മണിക്കുതന്നെ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ ആരംഭിച്ചു. എൽ.ഡി.എഫ് ചെയർമാൻ സ്ഥാനാർഥിയായി ടി.എൽ. സാബുവി​​െൻറ പേര് സ്ഥാനമൊഴിഞ്ഞ ചെയർമാൻ സി.കെ. സഹദേവനാണ് നിർദേശിച്ചത്. വൈസ് ചെയർപേഴ്സൻ ജിഷ ഷാജി പിന്താങ്ങി. യു.ഡി.എഫിന് വേണ്ടി എന്‍.എം. വിജയ‍​​​െൻറ പേര് പി.പി. അയ്യൂബ് നിർദേശിക്കുകയും അഡ്വ. രമേഷ് കുമാര്‍ പിന്താങ്ങുകയും ചെയ്തു.

അതേസമയം, സി.പി.എമ്മിലെ ടി.കെ. രമേശി​​െൻറ പേര് യു.ഡി.എഫ് അംഗമായ ഷബീര്‍ അഹമ്മദ് നിര്‍ദേശിച്ചതും അസാധാരണമായി. രമേശിനെ രാധാ രവീന്ദ്രന്‍ പിന്‍താങ്ങുകയും ചെയ്‌തെങ്കിലും മത്സരത്തിനില്ലെന്ന് രമേശ് വരണാധികാരിയെ അറിയിച്ചു. ഇതോടെ അൽപനേരത്തെ അങ്കലാപ്പിനും വിരാമമായി. അപ്രതീക്ഷിതമായാണ് രമേശിനെ ഷബീർ അഹമ്മദ് നിർദേശിച്ചത്.

ടി.എല്‍. സാബുവിന് 18ഉം എന്‍.എം. വിജയന് 16ഉം വോട്ടുകള്‍ ലഭിച്ചു. രഹസ്യ ബാലറ്റിലൂടെയാണ് വോട്ടിങ് നടന്നത്. ഒരംഗമുള്ള ബി.ജെ.പി തെരഞ്ഞെടുപ്പില്‍നിന്ന്​ വിട്ടുനിന്നു. ടി.എല്‍. സാബു ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട വിവരം ആര്‍.ഒയുടെ പ്രഖ്യാപനം വന്നയുടനെ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌കരിക്കുകയും മുദ്രാവാക്യം മുഴക്കി ഇറങ്ങിപ്പോകുകയും ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. 

നഗരസഭയായ ശേഷമുള്ള ആദ്യ ചെയർമാൻ മാറ്റം

സുൽത്താൻ ബത്തേരി: നഗരസഭയായ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിലാണ് സി.പി.എമ്മിലെ സി.കെ. സഹദേവൻ ചെയർമാനാകുന്നത്. നഗരസഭയായ ശേഷമുള്ള ആദ്യ ചെയർമാൻ സ്ഥാനമാറ്റത്തിനാണ് വ്യാഴാഴ്ച ബത്തേരി സാക്ഷ്യം വഹിച്ചതെന്ന പ്രത്യേകതയുമുണ്ട്. ബത്തേരി നഗരസഭയുടെ രണ്ടാമത്തെ ചെയർമാനാണ് ടി.എൽ. സാബു.
കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പില്‍ 35 അംഗ കൗണ്‍സിലില്‍ 17 വീതം എല്‍.ഡി.എഫിനും യു.ഡി.എഫിനും ഒരു സീറ്റ് ബി.ജെ.പിക്കുമാണ് ലഭിച്ചത്.

തുടര്‍ന്ന് നടന്ന ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ മാണി ഗ്രൂപ്പിലെ ടി.എല്‍. സാബു എല്‍.ഡി.എഫിനെ പിന്തുണക്കുകയായിരുന്നു. ഇതി​​െൻറ അടിസ്ഥാനത്തില്‍ ഭരണം എല്‍.ഡി.എഫിന് ലഭിച്ചു. ഒരു വര്‍ഷത്തേക്ക് ചെയര്‍മാന്‍ സ്ഥാനം കേരള കോണ്‍ഗ്രസ് -എമ്മിന് നല്‍കാൻ ധാരണയാക്കിയിരുന്നു. ഇതി​​െൻറ അടിസ്ഥാനത്തില്‍ ഏപ്രില്‍ മൂന്നിന് നിലവിലെ ചെയര്‍മാനായിരുന്ന സി.കെ. സഹദേവന്‍ രാജിവെച്ചു.

ഇതിനെ തുടര്‍ന്നാണ് വ്യാഴാഴ്ച ചെയര്‍മാന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്ക് റിട്ടേണിങ് ഒാഫിസറായ മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടിവ് എൻജിനീയർ പി.കെ. സുഗുണന്‍ നേതൃത്വം നല്‍കി. സത്യപ്രതിജ്ഞ ചടങ്ങ് കഴിഞ്ഞെത്തിയ ടി.എല്‍. സാബുവിനെ എല്‍.ഡി.എഫ് നേതാക്കളും കേരള കോണ്‍ഗ്രസ് എം. നേതാക്കളും മാലയിട്ടു സ്വീകരിക്കുകയും ടൗണില്‍ ആഹ്ലാദ പ്രകടനം നടത്തുകയും ചെയ്തു. 

മാണി വിഭാഗത്തെ പിന്തുണച്ചത് സി.പി.എമ്മിന് തിരിച്ചടിയാവും -യു.ഡി.എഫ്
സുല്‍ത്താന്‍ ബത്തേരി: ബത്തേരി നഗരസഭയുടെ അധികാരത്തിന് വേണ്ടി കൂറുമാറിയവരെ പിന്തുണച്ച സി.പി.എമ്മി​​െൻറ നടപടി ആ പാര്‍ട്ടിക്ക് ജില്ലയിലേല്‍ക്കുന്ന ഏറ്റവും വലിയ തിരിച്ചടിയായി മാറുമെന്ന് യു.ഡി.എഫ് നേതാക്കള്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു.

യു.ഡി.എഫ് പാനലില്‍ ഇടതു സ്വതന്ത്രനായ പ്രേംസായിയോട് മത്സരിച്ച് തുല്യ വോട്ടുകള്‍ വന്നപ്പോള്‍ നറുക്കെടുപ്പിലൂടെയാണ് കേരള കോണ്‍ഗ്രസ് -എമ്മിലെ ടി.എല്‍. സാബു വിജയിച്ചത്. ബാര്‍ക്കോഴക്കേസില്‍ ആരോപണ വിധേയനായ കെ.എം. മാണിയെ രാപ്പകല്‍ ഉപരോധിച്ച സി.പി.എമ്മിന് പ്രാദേശിക ഭരണത്തിന് വേണ്ടി കേരള കോണ്‍ഗ്രസിനെ പിന്തുണക്കേണ്ട ഗതികേടുണ്ടായി. 17 സി.പി.എം കൗണ്‍സിലര്‍മാരാണ് ഒരംഗമുള്ള കേരള കോണ്‍ഗ്രസ്^എമ്മി​​െൻറ പ്രതിനിധിയെ പിന്തുണക്കുന്നത്. 

യു.ഡി.എഫ് പാനലില്‍ ജയിച്ച ടി.എല്‍. സാബുവിനെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം യു.ഡി.എഫ് കൊടുത്ത ​കേസ് ​െതരഞ്ഞെടുപ്പ് കമീഷന്‍ തള്ളിയെങ്കിലും ഇതേ കേസ് ഹൈകോടതിയില്‍ നിലനില്‍ക്കുകയാണ്. അവിശുദ്ധ രാഷ്​​ട്രീയ കൂട്ടുകെട്ടിലൂടെയാണ് ബത്തേരിക്ക് പുതിയ ചെയര്‍മാനുണ്ടായത്. ജനാധിപത്യത്തെ കശാപ്പുചെയ്യുന്ന നടപടിയാണ് സി.പി.എമ്മി​​െൻറ ഭാഗത്തുനിന്നുണ്ടായതെന്നും യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.

Loading...
COMMENTS