തട്ടകത്തിൽ ‘കാലിടറി’ കേരള കോൺഗ്രസ്-എം
text_fieldsകോട്ടയം: ആദ്യം നിയമസഭ മണ്ഡലം, ഇപ്പോൾ പാലാ നഗരസഭയും; സ്വന്തം തട്ടകത്തിൽ കേരള കോൺഗ്രസ്-എമ്മിന് ‘കാലിടറു’കയാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ എൽ.ഡി.എഫ് തകർന്നടിഞ്ഞപ്പോൾ പാലായിൽ ഉൾപ്പെടെ പിടിച്ചുനിന്നെന്ന് അവകാശപ്പെടുന്ന കേരള കോൺഗ്രസ്-എം നേതൃത്വത്തിനേറ്റ കനത്ത പ്രഹരമായാണ് നാല് പതിറ്റാണ്ടിനുശേഷം ‘സ്വന്തം നഗരസഭയുടെ’ ഭരണം നഷ്ടപ്പെട്ടത്.
കേരള കോൺഗ്രസ്-എമ്മിന്റെ ഈറ്റില്ലമായ പാലാ നഗരസഭ ഭരണം 21കാരിയായ ദിയ ബിനു പുളിക്കക്കണ്ടത്തിന്റെ കരങ്ങളിലെത്തിച്ച് യു.ഡി.എഫ് കേരള കോൺഗ്രസ്-എമ്മിന് കനത്ത പ്രഹരമാണ് എൽപിച്ചത്. സ്വതന്ത്ര കൗൺസിലറായ ബിനു പുളിക്കക്കണ്ടത്തിനാകട്ടെ കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണിയോടും സി.പി.എം നേതൃത്വത്തോടുമുള്ള മധുരപ്രതികാരവുമായി ഇത് മാറി. നിയമസഭ തെരഞ്ഞെടുപ്പിൽ മാണി സി. കാപ്പന് മുന്നിൽ പാലാ അടിയറവെച്ച കേരള കോൺഗ്രസ്-എമ്മിന് ഏറെ തിരിച്ചടി നൽകുന്നതാണ് നഗരസഭ ഭരണം നഷ്ടപ്പെട്ടതും.
തെരഞ്ഞെടുപ്പിൽ 12 പേരെ വിജയിപ്പിച്ച് ഏറ്റവുമധികം സീറ്റ് നേടിയ മുന്നണിയായി എൽ.ഡി.എഫ് മാറിയിരുന്നു. ഇതിൽ 10 സീറ്റ് കേരള കോൺഗ്രസ്-എമ്മിനുമായിരുന്നു. നഗരസഭ ഭരണം നിലനിർത്താമെന്ന പ്രതീക്ഷയിലായിരുന്നു കേരള കോൺഗ്രസ്-എമ്മും എൽ.ഡി.എഫും. നഗരസഭയിൽ സ്വതന്ത്രരായി മത്സരിച്ച് വിജയിച്ച ബിനു പുളിക്കക്കണ്ടം, മകൾ ദിയ, സഹോദരൻ ബിജു പുളിക്കക്കണ്ടം എന്നിവരോട് ശത്രുത മറന്ന് ഒരുമിക്കാനുള്ള നീക്കവും എൽ.ഡി.എഫ് നടത്തി.
എന്നാൽ, കഴിഞ്ഞതവണ തന്റെ നഗരസഭ അധ്യക്ഷസ്വപ്നം തകർത്ത കേരള കോൺഗ്രസ്-എം നേതൃത്വത്തിനോട് യോജിച്ച് മുന്നോട്ടുപോകാൻ ബിനു പുളിക്കക്കണ്ടം തയാറാകാത്തതാണ് എൽ.ഡി.എഫിന് തിരിച്ചടിയായത്. കഴിഞ്ഞതവണ ധാരണയനുസരിച്ച് സി.പി.എം പ്രതിനിധിയായിരുന്ന ബിനുവിന് അധ്യക്ഷസ്ഥാനം കൊടുക്കേണ്ട സമയമായപ്പോൾ മാണിവിഭാഗം നേതൃത്വം ഇടപെട്ട് അത് വെട്ടുകയായിരുന്നു.
തുടർന്ന് കറുപ്പ് വസ്ത്രം ധരിച്ചുള്ള ബിനുവിന്റെ പ്രതിഷേധവും ഏറെ ശ്രദ്ധേയമായിരുന്നു. അതിലെ ‘പ്രതികാരം’ എന്ന നിലക്കാണ് സഹോദരനെയും മകളെയും കൂട്ടി മൂന്ന് വാർഡുകളിൽ സ്വതന്ത്രരായി മത്സരിച്ച് വിജയിച്ച് ബിനു നിർണായക ശക്തിയായത്. മൂന്ന് കൗൺസിലർമാരുള്ള പുളിക്കക്കണ്ടം കുടുംബവുമായി എൽ.ഡി.എഫ് നേതാക്കൾ ചർച്ച നടത്തിയെങ്കിലും വിജയംകണ്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

