കേരള കോൺഗ്രസ് നേതാവ് അഡ്വ. പ്രിൻസ് ലൂക്കോസ് അന്തരിച്ചു
text_fieldsഅഡ്വ. പ്രിൻസ് ലൂക്കോസ്
കോട്ടയം: കേരള കോൺഗ്രസ് നേതാവും പാർട്ടിയുടെ സംസ്ഥാന ഉന്നത അധികാര സമിതി അംഗവുമായ അഡ്വ. പ്രിൻസ് ലൂക്കോസ് ഒറ്റത്തൈയിൽ(52) അന്തരിച്ചു. വേളാങ്കണ്ണിയിൽ നിന്നു കുടുംബസമേതം ട്രെയിനിൽ മടക്കയാത്രയിൽ തെങ്കാശിയിൽ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.
മൃതദേഹം കാരിത്താസ് ആശുപത്രി മോർച്ചറിയിൽ. കേരള കോൺഗ്രസ് സ്ഥാപക നേതാവ് പരേതനായ അഡ്വ. ഒ. വി. ലൂക്കോസിന്റെയും ആനിയമ്മയുടെയും മകനാണ്. ഭാര്യ സിന്ധു (കാനറ ബാങ്ക് മാനേജർ കോട്ടയം) കൊഴുവനാൽ മണിയങ്ങാട്ട് കുടുംബാംഗമാണ്. മക്കൾ: ഹന്ന പ്രിൻസ് (മംഗളം എൻജിനീയറിങ് കോളജ് വിദ്യാർഥിനി). ലൂക്ക് പ്രിൻസ് (ലൂർദ് പബ്ലിക് സ്കൂൾ കോട്ടയം വിദ്യാർഥി.)
കോട്ടയം ബാറിലെ അഭിഭാഷകനായ പ്രിൻസ് കേരള വിദ്യാർഥി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. വിദ്യാർഥി യുവജന രാഷ്ട്രീയ രംഗത്ത് സംസ്ഥാനതലത്തിൽ കഴിവ് തെളിയിച്ച പ്രിൻസ് ലൂക്കോസ് എം.ജി യൂനിവേഴ്സിറ്റി കൗൺസിലറും യുവദീപ്തി, കെ.സി.വൈ.എം ഫൊറോന പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ദീർഘകാലം കോട്ടയം യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാനായും പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ അസംബ്ലി മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. ചങ്ങനാശ്ശേരി പാസ്റ്റർ കൗൺസിൽ അംഗമാണ്.
കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസിന്റെ അകാല നിര്യാണത്തിൽ ദുഃഖ സൂചകമായി അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് വരുന്ന ഒരാഴ്ച കാലത്തെ പാർട്ടിയുടെ എല്ലാ പൊതുപരിപാടികളും മാറ്റിവച്ചുകൊണ്ട് ദുഃഖാചരണം പ്രഖ്യാപിച്ചതായി കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ അറിയിച്ചു.
കോട്ടയം ബാർ അസോസിയേഷൻ ഹാളിൽ നാലു മണിക്ക് പൊതുദർശനം ഉണ്ടായിരിക്കും. അതിനുശേഷം വിലാപയാത്രയായി ആറുമണിക്ക് പാറപുഴയിലുള്ള വസതിയിൽ ഭൗതികശരീരം എത്തിക്കും. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ഭവനത്തിലെ ശുശ്രൂഷകൾ ആരംഭിക്കും. ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ. തോമസ് തറയിൽ മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് പാറമ്പുഴ ബത്‍ലഹേം പള്ളിയിൽ സമാപന പ്രാർഥന ശുശ്രൂഷകൾക്ക് ശേഷം മൃതദേഹം സംസ്കരിക്കും.
തെങ്കാശിയിൽ നിന്നു പ്രത്യേക വാഹനത്തിൽ മൃതദേഹം കാരിത്താസ് ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡയറക്ടർ ഫാദർ ഡോ. ബിനു കുന്നത്ത്, പാറമ്പുഴ പള്ളി വികാരി ഫാ. മാത്യു ചൂരവടി, ഫാ. ഡോ. ജെയിംസ് മുല്ലശ്ശേരിയുടെ നേതൃത്വത്തിൽ പ്രാർഥന നടത്തി.
എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, ചാണ്ടി ഉമ്മൻ മുൻ എം.പിമാരായ സുരേഷ് കുറുപ്പ്, ജോയ് എബ്രഹാം ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, യു.ഡി.എഫ് കൺവീനർ ഫിൽസൺ മാത്യു അപു ജോൺ ജോസഫ്, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. ജയ്സൺ ജോസഫ്, ബിനു ചെങ്ങളം എന്നിവർ കാരിത്താസ് ആശുപത്രിയിൽ എത്തി അന്തിമോപചാരം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

