ജോസഫ് പക്ഷം സംസ്ഥാനത്ത് 25 ജില്ല പഞ്ചായത്ത് ഡിവിഷനുകളിൽ മത്സരിക്കും
text_fieldsകോട്ടയം: കേരള കോൺഗ്രസ് ജോസഫ് വിഭാഗം 11 ജില്ലകളിൽ 25 ജില്ല പഞ്ചായത്ത് ഡിവിഷനുകളിൽ മത്സരിക്കും. കോട്ടയത്ത് ഒമ്പതും ഇടുക്കിയിൽ അഞ്ചും സീറ്റുകളിലാണ് മത്സരം. തിരുവനന്തപുരം, മലപ്പുറം, കാസർകോട് ജില്ലകളിലാണ് സീറ്റുകളില്ലാത്തത്. എറണാകുളത്ത് മൂന്നും മറ്റിടങ്ങളിൽ ഒന്നുമുതൽ രണ്ടുവരെയും സീറ്റ് യു.ഡി.എഫ് നൽകി.
അതേസമയം, കേരള കോൺഗ്രസ് ജോസ് വിഭാഗവുമായുള്ള ചർച്ചകൾ ഇടതുമുന്നണി പൂർത്തിയാക്കിയിട്ടില്ല. പലയിടത്തും സി.പി.ഐയുമായി തർക്കം തുടരുകയാണ്. സിറ്റിങ് സീറ്റുകൾ വിട്ടുകൊടുക്കാൻ അവർ തയാറല്ല. ചർച്ച നീളാൻ ഇതും കാരണമാണ്. കോട്ടയത്തും തർക്കം പരിഹരിക്കാനായിട്ടില്ല.
പ്രത്യേകിച്ച് നഗരസഭകളിൽ. കോട്ടയം ജില്ല പഞ്ചായത്തിൽ ഇരുകേരള കോൺഗ്രസുകൾക്കും ഒമ്പത് സീറ്റ് വീതം ലഭിക്കും. ഡി.സി.സിയുടെ കടുത്ത എതിർപ്പിനിടയിലും ഒമ്പത് സീറ്റ് പിടിച്ചുവാങ്ങാനായത് ജോസഫ് പക്ഷത്തിനു നേട്ടമായി. ഒമ്പതിടത്തും സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇരുകേരള കോൺഗ്രസുകളും ഒന്നിച്ചുനിന്നപ്പോഴുണ്ടായതിനെക്കാൾ നേട്ടം ഇത്തവണ ജോസഫ് വിഭാഗത്തിനു ലഭിെച്ചന്ന് നേതൃത്വം അവകാശപ്പെട്ടു.