പൊലീസിന് നേരെയും ചായയേറ്; കേരള കോൺഗ്രസ് ജോസഫ് വിഭാഗം യോഗത്തിൽ കൂട്ടത്തല്ല്
text_fieldsതൃശൂർ: തൃശൂർ ജില്ലയിൽ കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തിലുണ്ടായ ഗ്രൂപ്പ് പോര് തെരുവ് സംഘർഷത്തിലേക്ക്. ഇരിങ്ങാലക്കുടയിൽ നടന്ന നിയോജകമണ്ഡല നേതൃയോഗമാണ് ഔദ്യോഗിക പക്ഷവും തോമസ് ഉണ്ണിയാടൻ അനുകൂലികളും തമ്മിലുള്ള ഏറ്റുമുട്ടലിൽ കലാശിച്ചത്. യോഗത്തിനിടയിൽ ചൂടുചായ ദേഹത്തേക്ക് ഒഴിക്കുകയും ഫാൻ അടിച്ചുതകർത്ത് വലിച്ചെറിയുകയും ചെയ്തതോടെ നിരവധി പേർക്ക് പരിക്കേറ്റു.
തെരഞ്ഞെടുപ്പുകൾക്ക് പിന്നാലെ പാർട്ടിയിൽ പുകഞ്ഞുകൊണ്ടിരുന്ന അഭിപ്രായവ്യത്യാസങ്ങളാണ് ഇപ്പോൾ വലിയ പൊട്ടിത്തെറിയിലേക്ക് എത്തിയിരിക്കുന്നത്. മികച്ച ഭൂരിപക്ഷത്തോടെ നാലാം തവണയും നിയമസഭയിലെത്തിയ തോമസ് ഉണ്ണിയാടന് അർഹമായ മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ നേതൃത്വവുമായി അദ്ദേഹം ഇടഞ്ഞുനിൽക്കുകയായിരുന്നു. ഇതിനിടയിൽ ഉണ്ണിയാടന് പിന്തുണ പ്രഖ്യാപിച്ച് സൗഹൃദ കൂട്ടായ്മ സ്വീകരണം സംഘടിപ്പിച്ചതും, മറുഭാഗത്ത് ഔദ്യോഗിക വിഭാഗം സമാന്തരമായി യോഗം വിളിച്ചതും ഭിന്നത രൂക്ഷമാക്കി.
ഇരിങ്ങാലക്കുടയിൽ ഔദ്യോഗിക വിഭാഗം ചേർന്ന യോഗത്തിലേക്ക് തോമസ് ഉണ്ണിയാടൻ അനുകൂലികൾ എത്തിയതോടെയാണ് വാക്കുതർക്കം കൂട്ടത്തല്ലിൽ കലാശിച്ചത്. സംഘർഷത്തിനിടയിൽ അക്രമികൾ ചൂടുള്ള ചായ എതിർവിഭാഗത്തിലുള്ളവരുടെ മേൽ ഒഴിച്ചു. പ്രകോപിതരായ പ്രവർത്തകർ ഹാളിലെ ഫാൻ വലിച്ചെറിയുകയും അടിച്ചുതകർക്കുകയും ചെയ്തതോടെ ഒരു വനിതാ പ്രവർത്തകർക്കും രണ്ട് യൂത്ത് ഫ്രണ്ട് പ്രവർത്തകർക്കും പരിക്കേറ്റു. സംഘർഷം നിയന്ത്രിക്കാൻ ഇടപെട്ട പൊലീസുകാരനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തെ തുടർന്ന് പ്രദേശത്ത് ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

