കാനത്തെ 'ചേർത്തുനിർത്തി' ജോസ് കെ. മാണി
text_fieldsജോസ് വിഭാഗം പുറത്തിറക്കിയ പോസ്റ്റർ
േകാട്ടയം: ജോസ് കെ. മാണിക്കൊപ്പം കാനത്തെയും ചേർത്തുനിർത്തി സമൂഹമാധ്യമങ്ങളിൽ ജോസ് വിഭാഗം പോസ്റ്ററുകൾ. കാഞ്ഞിരപ്പള്ളി സീറ്റ് വിട്ടുനൽകുന്നതിൽ സി.പി.ഐക്ക് എതിർപ്പുണ്ടെന്ന പ്രചാരണങ്ങൾ ശക്തമായിരിക്കെയാണ്, ജോസ്വിഭാഗം സോഷ്യൽമീഡിയ വിഭാഗം പുറത്തിറക്കിയ പോസ്റ്ററുകളിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഇടം പിടിച്ചിരിക്കുന്നത്.
ജോസ് കെ. മാണിയുടെ മുഴുനീളചിത്രത്തിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ എന്നിവർക്കൊപ്പമാണ് കാനത്തിനും സ്ഥാനം.
അതേസമയം, മറ്റ് എൽ.ഡി.എഫ് ഘടകകക്ഷി നേതാക്കളാരും പോസ്റ്ററിലില്ല. ഇടതുപക്ഷം ഹൃദയപക്ഷമെന്ന് പറയുന്ന പോസ്റ്ററിൽ ചുവന്ന പശ്ചാത്തലത്തിൽ രണ്ടിലയും ചേർത്തിട്ടുണ്ട്.
കെ.എം. മാണിയുടെ ചിത്രവും ഇതിലുണ്ട്. അതേസമയം, ജോസ് കെ. മാണിയെ വിമർശിച്ചും പരിഹസിച്ചും കോൺഗ്രസ്, ജോസഫ് വിഭാഗങ്ങൾ നിരവധി പോസ്റ്ററുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. കെ.എം. മാണിയുടെ എൽ.ഡി.എഫ് വിമർശനവും ബാർകോഴയുമായി ബന്ധപ്പെട്ട സി.പി.എം സമരവുമാണ് ഇവരുടെ ഇഷ്ടയിനങ്ങൾ.

