ക്രെഡിബിലിറ്റി ഉള്ള പാർട്ടിയാണ് കേരള കോൺഗ്രസ് എം, അത് ഒരു കാലത്തും പണയപ്പെടുത്തില്ല - മുന്നണി മാറ്റ അഭ്യൂഹം തള്ളി റോഷി അഗസ്റ്റിൻ
text_fieldsതിരുവനന്തപുരം: ക്രെഡിബിലിറ്റിയും ധാർമികതയും ഉള്ള പാർട്ടിയാണ് കേരള കോൺഗ്രസ് എമ്മെന്നും അവ ഒരു കാലത്തും പണയപ്പെടുത്തില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കേരള കോണ്‍ഗ്രസ് എം. എൽ.ഡി.എഫ് വിടുമെന്ന അഭ്യൂഹങ്ങൾക്ക് മറുപടി പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്നണി വിടുന്നത് സംബന്ധിച്ച് എന്തിനാണ് ചർച്ച നടത്തേണ്ട കാര്യം എന്താണെന്നും എല്ലാം അഭ്യൂഹങ്ങൾ മാത്രമാണെന്നും ഇതിലൊന്നും വസ്തുതയില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.
മുന്നണിമാറ്റ ചർച്ചകൾക്കായി യു.ഡി.എഫില്‍ നിന്ന് തന്നെ ആരും സമീപിച്ചിട്ടില്ലെന്നും വ്യക്തിപരമായ സൗഹൃദം എന്നും തുടരുമെന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി. യു.ഡി.എഫിൽ ഇരിക്കുമ്പോൾ എൽ.ഡി.എഫിലെ ഒരു നേതാക്കളുമായും പിണക്കം ഉണ്ടായിരുന്നില്ല. ആലോചിച്ചു തന്നെയാണ് എൽഡിഎഫിൽ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
'കഴിഞ്ഞ ദിവസം സത്യാഗ്രഹത്തിൽ പങ്കെടുക്കാത്തതിന് കാരണം ജോസ് കെ. മാണി വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലത്തെ ഉപവാസം സമരത്തിൽ ഞങ്ങൾ അഞ്ചുപേർ പങ്കെടുത്തിരുന്നു. കേരള കോൺഗ്രസ് പാർട്ടിയുടെ കാര്യത്തിൽ ഒരു സഭയും ഇടപെട്ടിട്ടില്ല. ഇടതുഭരണം തുടരും എന്നതിൽ സംശയം വേണ്ട. കേരള കോൺഗ്രസിനെ കുറിച്ച് എന്നും വ്യത്യസ്തമായ വാർത്തകൾ പുറത്തുവരും. മുന്നണിയുടെ ജാഥ നയിക്കാൻ ജോസ് കെ. മാണിയെ അല്ലേ ചുമതലപ്പെടുത്തിയിരിക്കുന്നത്' എന്നും അദ്ദേഹം പറഞ്ഞു.
മുന്നണി മാറുമെന്ന സൂചനകൾക്കിടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പാളയത്ത് ഇടതുമുന്നണി തിങ്കളാഴ്ച നടത്തിയ ഏകദിന സത്യാഗ്രഗത്തിൽനിന്നുള്ള ചിത്രം 'തുടരും' എന്ന അടിക്കുറിപ്പോടെ റോഷി അഗസ്റ്റിൻ പങ്കുവെച്ചിരുന്നു.
അതേസമയം, കേരള കോൺഗ്രസ് എമ്മിനെ യു.ഡി.എഫിലെത്തിക്കാൻ ഹൈക്കമാൻഡ് നീക്കം നടത്തുന്നുന്നുവെന്നാണ് വിവരം. കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ജോസ് കെ. മാണിയുമായി ഫോണിൽ സംസാരിച്ചുവെന്നാണ് സൂചന. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും വിഷയത്തിൽ ഇടപെടുന്നുണ്ട്. എന്നാൽ ഇക്കാര്യമൊന്നും കോൺഗ്രസ് നേതൃത്വം ഇതുവരെ സ്ഥിരീകരിക്കാൻ തയാറായിട്ടില്ല.
മുന്നണി മാറ്റം സംബന്ധിച്ച് ജോസ് കെ. മാണി എന്ത് തീരുമാനം എടുത്താലും ഒപ്പമുണ്ടാകുമെന്ന് കേരള കോൺഗ്രസ് എമ്മിന്റെ നാല് എം.എൽ.എമാർ ഉറപ്പുനൽകിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി എം.എൽ.എ എൻ ജയരാജ്, പൂഞ്ഞാർ എം.എൽ.എ സെബാസ്റ്റ്യൻ കുളത്തിങ്കൽ, ചങ്ങനാശേരി എം.എൽ.എ ജോബ് മൈക്കിൾ, റാന്നി എം.എൽ.എ പ്രമോദ് നാരായണൻ എന്നിവരാണ് ജോസ് കെ. മാണിയെ നിലപാട് അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

